മതേതരത്വം നഷ്ടപ്പെട്ടാല്‍ ഇന്ത്യ ഇന്ത്യയല്ലാതെയാകും: ഉമ്മന്‍ചാണ്ടി

കൊച്ചി: മതേതരത്വം നഷ്ടപ്പെട്ടാല്‍ ഇന്ത്യ ഇന്ത്യയല്ലാതെയാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കുവാനുള്ള നടപടികള്‍ക്കെതിരേ പോരാടിയത് കോണ്‍ഗ്രസാണ്. അതിന്റെ പേരില്‍ വലിയ നഷ്ടവും അനുഭവിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ നേതാവാണ് ഇന്ദിരാഗാന്ധി. സ്വാതന്ത്ര്യ സമരത്തിന്റെ തുടര്‍ച്ച യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. കാലഘട്ടത്തിന്റെ ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ‘യുണൈറ്റഡ് ഇന്ത്യ’ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി. ടി തോമസ് എംഎല്‍എ, ബെന്നി ബഹനാന്‍ എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി. പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ബി. എ അബ്ദുള്‍ മുത്തലിബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎല്‍എമാരായ കെ ബാബു, ടി. ജെ വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ കെപിസിസി നേതാക്കളായ കെ. പി ധനപാലന്‍, ജയ്‌സണ്‍ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന നേതാക്കളായ കെ. എസ് ശബരിനാഥ്, എസ്. എം ബാലു, എന്‍. എസ് നുസൂര്‍, എസ്. ജെ പ്രേംരാജ്, ജോബിന്‍ ജേക്കബ്, രാഹുല്‍ മാങ്കുട്ടത്തില്‍, അബിന്‍ വര്‍ക്കി, ദീപക് ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തെ പദയാത്രയുടെ ഫ്‌ളാഗ് ഓഫ് കലൂര്‍ സ്റ്റേഡിയത്തില്‍ ഹൈബി ഈഡന്‍ എംപി ഷാഫി പറമ്പില്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി എന്നിവര്‍ക്ക് പതാക കൈമാറി നിര്‍വഹിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത യുവജന റാലി യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലയിലെ സംഘടനാ ശക്തി തെളിയിക്കുന്നതായിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

Related posts

Leave a Comment