ഭരണാധികാരികള്‍ വ്യാപാരി സമൂഹത്തോട് നീതി കാണിക്കണം; യൂത്ത് കോണ്‍ഗ്രസ്.

അരീക്കോട് : ഏറെ കാലമായുള്ള അടച്ചിടലിനു ശേഷവും തുടരുന്ന ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയമായ മറ്റു നിയന്ത്രണങ്ങള്‍ മൂലം കഷ്ടപ്പെടുന്ന വ്യാപാരി സമൂഹത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോവിഡ് നിയന്ത്രണങ്ങളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കണമെന്ന് ഏറനാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഏറനാട് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകള്‍ ‘ഡി’ കാറ്റഗറിയിലും എടവണ്ണ പഞ്ചായത്ത് ‘സി’ കാറ്റഗറിയിലുമാണ്. ആഴ്ചയില്‍ തീരെ തുറക്കാന്‍ പറ്റാത്ത ‘ഡി ” കാറ്റഗറിയിലെയും, വെള്ളിയാഴ്ച മാത്രം തുറക്കാവുന്ന ‘സി’ കാറ്റഗറിയിലേയും കച്ചവടക്കാര്‍ ലോണ്‍ തിരിച്ചടവിനും, വാടക നല്‍കുവാനും, വൈദ്യുത ബില്ലടക്കാനും, മറ്റു ദൈനംദിന കാര്യങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകയാണ്.നിയന്ത്രിത ദിവസങ്ങളില്‍ തുറക്കുന്ന സമയങ്ങളില്‍ ജനത്തിരക്ക് വളരെ കൂടുതലുമാണ്. അതേ സമയം ഓണ്‍ലൈന്‍ വിപണി യാതൊരു പ്രശ്‌നവുമില്ലാതെ സജീവമായി മുന്നോട്ട് പോകുന്നുമുണ്ട്. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മുന്നോട്ട് പോകുന്നു. ബക്രീദ് സീസണ്‍ കൂടി പരിഗണിച്ച് ജനത്തിരക്ക് കുറക്കാന്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകള്‍ തുറക്കാനും, തുറക്കുന്നതിന്റെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും വ്യാപാരികള്‍ക്ക് അനുമതി നല്‍കണമെന്നും, വ്യാപാരികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നും ഏറനാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പി.പി മുഹമ്മദ് ഷിമില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ.സനൂബ്, അലവി മാളിയേക്കല്‍, സുജേഷ് കെ.കെ, ബാബുരാജ് എക്കാപ്പറമ്പ്, ജിനീഷ്.കെ, ജംഷീര്‍ സി.ടി, ഇര്‍ഷാദ് ആര്യന്‍തൊടിക, ഉബൈസ് പി.കെ,ഷഫീഖ് പി.പി, ഷാക്കിര്‍ പി.കെ, അനുരൂപ്.ടി, വിനു.എന്‍, റഫീഖ് കെ.എം, ഷൈജു പിയൂസ്, ഷംസുദ്ധീന്‍ കെ.എം എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment