തൃശ്ശൂർ മൂവർണ്ണക്കടലായി; ആവേശമായി യൂത്ത് കോൺഗ്രസ്‌ യുണൈറ്റഡ് ഇന്ത്യ യുവജന റാലി

തൃശൂര്‍: കോണ്‍ഗ്രസിന് ആവേശമായി ജില്ലയില്‍ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഗമം. ത്രിവര്‍ണ്ണക്കടലായി തേക്കിന്‍കാട് മൈതാനി പരിണമിച്ചപ്പോള്‍ അത് ജില്ലയിലെ കോണ്‍ഗ്രസിനുള്ള ഊര്‍ജ്ജമായി. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യൂണൈറ്റഡ് ഇന്ത്യ ക്യാമ്പയിന്‍ ആറ് ജില്ലകള്‍ പിന്നിട്ട ശേഷമാണ് ലീഡര്‍ കെ. കരുണാകരന്റെ തട്ടകത്തിലെത്തിയത്. യാദൃശ്ചികതയെന്ന പോലെ യാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടകനായി അദ്ദേഹത്തിന്റെ മകന്‍ കെ. മുരളീധരന്‍ എം.പിയും.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തേക്കിന്‍കാട് മൈതാനിയിലെ ത്രിവര്‍ണ്ണക്കടലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംബാസിഡര്‍ കാറില്‍ കൊള്ളാവുന്ന നിയമസഭാ സാമാജികരില്‍ നിന്നും കോണ്‍ഗ്രസ് എങ്ങിനെ കേരളം ഭരിക്കാന്‍ പ്രാപ്തിയുള്ള കോണ്‍ഗ്രസായെന്ന് ഓര്‍മ്മപ്പെടുത്തി. ബെന്നി ബഹന്നാന്‍ എം.പി കൈമാറിയ പതാക ഏറ്റുവാങ്ങി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഷാഫി പറമ്പിലും ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷും ചേര്‍ന്ന് വലിയാലുക്കല്‍ ക്ഷേത്രമൈതാനിയില്‍ നിന്നും പദയാത്രയ്ക്ക് തുടക്കം കുറിച്ച് അരമണിക്കൂര്‍ എടുത്തിരുന്നു അവസാന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്ഷേത്ര മൈതാനിയില്‍ നിന്നും പുറത്തുകടക്കാന്‍. രണ്ട് മണിക്കൂറിനൊടുവിലാണ് യാത്ര തൃശൂര്‍ നഗരത്തിലെത്തുന്നത്.

സമ്മേളനനഗരിയില്‍ പദയാത്രയുടെ പ്രധാന്യം വ്യക്തമാക്കി ജില്ലാ നേതാവ് മുഹമ്മദ് ഹാഷിമിന്റെ പ്രസംഗം തുടരവേയാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി പ്രാസംഗികന്‍ രാഹുല്‍ മാങ്കൂട്ടത്തിലെത്തുന്നത്. തീപാറുന്ന വാക്കുകളില്‍ ബി.ജെ.പി ആര്‍.എസ്.എസ് നയങ്ങള്‍ക്കെതിരെ കടുത്ത ആക്രമണം. അപ്പോഴേക്കും ജാഥ തേക്കിന്‍കാട് മൈതാനിയില്‍ പ്രവേശിച്ചിരുന്നു. ഒഴുകിയെത്തുന്ന പുഴ പോലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂവര്‍ണ്ണപതാകയുമായി തേക്കിന്‍കാട് മൈതാനത്തേയ്ക്ക്. സമീപകാലത്തൊന്നും ഒരു സംഘടനയ്ക്കും അണിനിരത്താന്‍ കഴിയാത്തത്ര യുവപ്രാതിനിധ്യം. വര്‍ഗ്ഗീയ ശക്തികള്‍ ഇന്ത്യന്‍ മണ്ണ് കീഴടക്കാന്‍ മുതിരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് മതേതരത്വം പകര്‍ന്നുനല്‍കിയ കോണ്‍ഗ്രസിന്റെ കൊടിക്കൂറയ്ക്ക് കീഴെയല്ലാതെ മറ്റെവിടെയാണ് യുവത അണിനിരക്കുകയെന്ന് ആ മുഖങ്ങള്‍ പറയുന്നുണ്ടായിരുന്നു.

വെയിലൊഴിഞ്ഞ തേക്കിന്‍കാട് മൈതാനം സാക്ഷിയായത് ഇന്ത്യയുടെ വീണ്ടെടുപ്പിനായിരുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായിരുന്നു. ആൾക്കൂട്ടവേദിയില്ല. വേദിയിലെ ബോർഡിൽ ഗാന്ധിജിയും നെഹ്റുവും. താഴെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകർന്ന് രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ, പുന്ന നൗഷാദ്. അതെ കോൺഗ്രസ് മാറ്റത്തിന്റെ പാതയിലാണ്. ഇന്ത്യയ്ക്ക് നഷ്ടമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള, ജനാധിപത്യം പുന:സ്ഥാപിക്കാനുള്ള, ഭരണഘടനയുടെ കാവലാളാകുവാനുള്ള യാത്രയ്ക്ക് കോൺഗ്രസ് ചുവടുവെയ്ക്കുമ്പോൾ മുൻപേ നടക്കാൻ യൂത്ത് കോൺഗ്രസും.

Related posts

Leave a Comment