യൂത്ത് കോൺഗ്രസ് സമരോത്സുക സംഘടന ; പഴയ കാല ഓർമ്മകൾ പങ്ക് വച്ച് മുല്ലപ്പളളി

തിരുവനന്തപുരം : 41 വർഷം മുമ്പുളള യൂത്ത് കോൺ​ഗ്രസ് സമരകാലത്തെ ഓർമ്മകൾ പങ്ക് വച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചരൽക്കുന്നിൽ നടന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ക്യാമ്പിന്റെയും മറ്റും ഓർമ്മകൾ പങ്ക് വച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:-

യൂത്ത് കോൺഗ്രസ് സമരോത്സുക സംഘടന….
ഒരു പഴയ കാല ഓർമ്മ …..
കൃത്യം 41 വർഷം മുമ്പ് ചരൽക്കുന്നിൽ നടന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ക്യാമ്പ് ……
ആത്മാഭിമാനവും ആവേശവും ഇപ്പോഴും ത്രസിച്ചു നില്ക്കുന്ന സ്മരണ .
1978 ലെ സംഘടനാ പിളർപ്പിന് ശേഷം, അസാധരണമായ ഐക്യത്തോടെയും അതിലെറെ ആത്മ സമർപ്പണ ബോധത്തോടെയും ഞങ്ങൾ നടത്തിയ ധീരമായ മുന്നേറ്റം. ഞാനായിരുന്നു യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന അദ്ധ്യക്ഷൻ.
ശൂന്യതയിൽ നിന്നുള്ള യാത്ര; നിശ്ചയധാർഡ്യവും അനുപമമായ സംഘടനാ സ്നേഹവുമുള്ള ഒരു പിടി സഹപ്രവർത്തകന്മാർ . എന്തിനും തയ്യാറായി, ഏതറ്റം വരെയും മുന്നോട്ട് പോകാനുള്ള ആവേശവുമായി നൂറു കണക്കിന് പാവപ്പെട്ട യുവ കോൺഗ്രസ്സ് പോരാളികൾ. ഞങ്ങൾ അധികാരം നഷ്ടപ്പെട്ട ഇന്ദിരാജിയുടെ കൂടെയായിരുന്നു. ലക്ഷ്യത്തിലേക്കുള്ള ക്ലേശകരമായ കുതിപ്പ്.
രാജ്യത്തിന്ന് മുഴുവൻ മാതൃകയായി യൂത്ത് കോൺഗ്രസ്സിനെ കേരളത്തിൽ വളർത്തി വലുതാക്കി. കോൺഗ്രസ്സിന്റെ ഉയർത്തെഴുന്നേല്പിന്ന് ഞങ്ങൾ കാണിച്ച മാതൃക ഐതിഹാസികം.
യൂത്ത് കോൺഗ്രസ് കെട്ടിപ്പടുക്കാൻ വിയർപ്പും ചോരയും നല്കിയ എത്രയെത്ര യുവതീ യുവാക്കന്മാർ …..
അവരോട് വാക്കുകൾക്കു അതീതമായ നന്ദി…..
അച്ചടക്കത്തിൽ അധിഷ്ഠിതമായ സമരോത്സുക സംഘടന

  • Disciplined militancy – അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആഭ്യന്തര ജനാധിപത്യം – Internal Democracy- അതായിരുന്നു ഞങ്ങളുടെ തത്വം. ഏകാധിപത്യത്തെ ഒരിക്കലും അംഗീകരിക്കില്ലെന്ന വാശി. തെളിഞ്ഞ മതനിരപേക്ഷ ചിന്ത നെഞ്ചോട് ചേർത്തുള്ള പ്രയാണം. എല്ലാറ്റിലും ഞങ്ങൾക്ക് കറകളഞ്ഞ ആശയ വ്യക്തതയുണ്ടായിരിന്നു.
    അന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ പലരും ഇന്നില്ല. ഒട്ടേറെ പേർ അഖിലേന്ത്യാ പ്രശസ്തരായി. പലരും സംഘടനയിലും ഭരണത്തിലും സമുന്നത പദവികളിലെത്തി.
    ചരൽക്കുന്നു ക്യാമ്പ് വീണ്ടും ഓർമ്മയിൽകൊണ്ടു വന്നത്, പഴയ ഫോട്ടോകളും രേഖകളും അയച്ചു തന്നത് അന്നത്തെ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് . പട്ടിണിയും കഷ്ടപ്പാടും സഹിച്ച് എന്റെ ഇടവും വലവും നിന്ന് പ്രവർത്തിച്ച സഹഭാരവാഹികളെ, ഞങ്ങളോടൊപ്പം നിസ്വാർത്ഥമായി കഠിനാദ്ധ്വാനം ചെയ്ത യുവതീ യുവാക്കന്മാരെ പ്രത്യേകമായി ഓർക്കുന്നു…..

Related posts

Leave a Comment