പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ‘അൺഎംപ്ലോയ്മെന്റ് ക്യുവും’ ചാണക പായസ വിതരണവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപ്പത്തിയൊന്നാം ജന്മദിനത്തിൽ തൊഴിൽ നൽകാത്ത എൻ.ഡി.എ സർക്കാരിന്റെ യുവജന വിരുദ്ധ നടപടികൾക്കെതിരെ എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.

എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്യത്ത് തൊഴിൽ തേടി നിൽക്കുന്ന യുവാക്കളെ അനുസ്മരിച്ച് കൊണ്ട് ക്യു ആയി നിന്ന് തങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രിക്ക് പോസ്റ്റ് ആയി അയച്ച് കൊടുത്തു. തുടർന്ന് ചാണക പായസം വിതരണം ചെയ്ത് പ്രതിഷേധിച്ചു.

ജില്ലാ അധ്യക്ഷൻ ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ ഉത്ഘാടനം ചെയ്തു. രാജ്യത്ത് 2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാം എന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘അൺഎംപ്ലോയ്മെന്റ് ക്യു’ രാജ്യത്തെ യുവജനങ്ങളുടെ ദുരവസ്ഥയാണ് എന്ന് ടിറ്റോ ആന്റണി കുറ്റപ്പെടുത്തി. സ്വന്തമായി സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത പ്രധാനമന്ത്രിക്ക് യുവാക്കളുടെ സർട്ടിഫിക്കറ്റുകൾക്ക് പുല്ല് വിലയാണ് കല്പിക്കുന്നത് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അബ്ദുൾ റഷീദ് , ഷംസു തലക്കൂട്ടിൽ , ടിബിൻ ദേവസ്സി, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment