കിഴക്കമ്പലത്ത് മർദനമേറ്റ യുവാവിന്റെ മരണം; സിപിഐഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി; പോസ്റ്റ്മോര്‍ട്ടം നടപടികൾ ആരംഭിച്ചു

കൊച്ചി: കിഴക്കമ്പലത്ത് മർദനമേറ്റ ട്വന്റി- ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. സംഭവത്തില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകരായ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ഇന്നലെയാണ് മരണപ്പെട്ടത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്.

അതേസമയം, ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികൾ കോട്ടയം മെഡിക്കല്‍ കോളേജിൽ ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ദീപുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രിതന്നെ എത്തിച്ചിരുന്നു. തുടര്‍ന്ന് ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദര്‍ശനത്തിനുവെയ്ക്കും. വിലാപ യാത്രയായിട്ട് ആയിരിക്കും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുക. കര്‍മങ്ങള്‍ക്ക് ശേഷം പൊതുശ്മശാനത്തില്‍ ആവും മൃതദേഹം സംസ്‌കരിക്കുക. ദീപുവിന് എതിരായ ആക്രമണത്തിനു പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന് പങ്കുണ്ടെന്നാണ് ട്വന്റി20 പ്രവര്‍ത്തകരുടെ ആരോപണം. അതേസമയം ആരോപണം നിഷേധിക്കുകയാണ് പി.വി.ശ്രീനിജന്‍.

Related posts

Leave a Comment