മദ്യലഹരിയിൽ അമ്മയെ ഉപദ്രവിച്ച യുവാവ് ജ്യേഷ്ഠന്റെ കുത്തേറ്റ് മരിച്ചു

എറണാകുളം: മദ്യലഹരിയിൽ അമ്മയെ ഉപദ്രവിച്ച യുവാവ് ജ്യേഷ്ഠന്റെ കുത്തേറ്റ് മരിച്ചു. മറ്റക്കുഴി വരിക്കോലി അയിരാറ്റില് ‍ പരേതനായ ഹരിഹരന്റെ ഇളയ മകൻ ‍ ശ്രീനാഥാണ് (29) ചേട്ടൻ ‍ ശ്രീകാന്തിന്റെ (33) കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ ശ്രീനാഥ് അമ്മ സതിയെ ചീത്ത വിളിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. ജ്യേഷ്ഠൻ ശ്രീകാന്ത് ഇത് തടയാൻ ശ്രമിച്ചു. ഇതിനിടെ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. മൽപ്പിടിത്തത്തിനിടെ കൈയിൽ കിട്ടിയ ചെറിയ കത്രിക ഉപയോഗിച്ച്‌ ശ്രീകാന്ത് അനുജനെ മുറിവേൽപ്പിച്ചു.

വൈകാതെ ശ്രീനാഥ് കുഴഞ്ഞുവീണു. നെഞ്ചിലേറ്റ ചെറിയ മുറിവ് മരണ കാരണമാകുമെന്ന് ശ്രീകാന്ത് പ്രതീക്ഷിച്ചില്ല. മദ്യലഹരിയിൽ കുഴഞ്ഞു വീണെന്നു പറഞ്ഞ് കോലഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചു.എന്നാൽ, ആശുപത്രിയിലെത്തുമ്പോൾ തന്നെ ശ്രീനാഥ് മരിച്ചിരുന്നു. തുടർന്ന് ശ്രീകാന്ത്, അനുജൻ കുഴഞ്ഞുവീണ് മരിച്ചതായി പോലീസിൽ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിനിടെ നെഞ്ചിനുസമീപത്തെ മുറിവ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. കളമശ്ശരി മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കത്രികക്കുത്തേറ്റ് ഹൃദയ വാൽവിലുണ്ടായ ദ്വാരമാണ് മരണ കാരണമായതെന്ന് വ്യക്തമായി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠൻ പിടിയിലായത്.

ചോദ്യം ചെയ്തപ്പോൾ തന്നെ ശ്രീകാന്ത് കുറ്റം സമ്മതിച്ചു. മീശ വെട്ടുന്ന ചെറിയ കത്രികകൊണ്ടുള്ള മുറിവായിരുന്നതിനാൽ രക്തം തുടച്ചുകളഞ്ഞ് വസ്ത്രങ്ങൾ മാറ്റിയാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. കത്രികയും രക്തക്കറയുള്ള വസ്ത്രങ്ങളും വീട്ടിൽനിന്ന് കണ്ടെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment