നിങ്ങൾ എന്നെ ആദ്യം കൊല്ലൂ..,എന്നിട്ടാകാം ജനങ്ങളെ ; പോലീസ് വേട്ടയെ ചെറുത്ത് ആസാം പിസിസി പ്രസിഡന്റ്

ഗുവാഹത്തി: അസമിലെ പൊലീസ് വെടിവെപ്പ് ഭരണകൂടം ആസൂത്രിതമായി തയ്യാറാക്കിയതെന്ന് കോൺഗ്രസ്. കൈയേറ്റമൊഴിപ്പിക്കലിന്റെ മറവിൽ നരഹത്യയാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോഹ്‌റ പറഞ്ഞു. വെടിവെപ്പിൽ പ്രതിഷേധിച്ച് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഭൂപൻ ബോഹ്‌റയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പൊലീസിന് തങ്ങളെ കൊല്ലാമെന്നും എന്നാൽ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും ബോഹ്‌റ പറഞ്ഞു.കൊവിഡ് മഹാമാരിയ്ക്കിടെ ആളുകളെ കുടിയൊഴിപ്പിക്കുന്നത് സുപ്രീംകോടതി വിധിയ്‌ക്കെതിരാണെന്നും കോൺഗ്രസ് പറഞ്ഞു.ഹിമന്ത ബിശ്വ ശർമ്മയുടെ ബി.ജെ.പി സർക്കാർ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് വെടിവെച്ചുകൊന്നവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് പറഞ്ഞു.അസമിൽ ഭൂമി കൈയേറ്റം ആരോപിച്ചായിരുന്നു പൊലീസിന്റെ നരനായാട്ട്. പൊലീസ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.കൈയേറ്റമൊഴിപ്പിക്കാനെന്ന പേരിൽ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തിൽ താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണ്.സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.

Related posts

Leave a Comment