കണ്ണൂര്‍ വി സിക്ക് സര്‍ക്കാരിന്റെ ഉപകാരസ്മരണ- വീക്ഷണം എ‍ഡിറ്റോറിയൽ വായിക്കാം


ബന്ധുനിയമനത്തില്‍ മാത്രമല്ല, അതിന് സഹായിച്ചവര്‍ക്കും എല്‍ ഡി എഫ് സര്‍ക്കാര്‍ പാരിതോഷികം നല്‍കി ആദരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിയമനം നല്‍കിയ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം നല്‍കിയത് ഉപകാരസ്മരണയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം കാലാവധി പൂര്‍ത്തിയാക്കിയ വി സി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി സിയായി തുടരാന്‍ അനുവദിച്ചത് പ്രസ്തുത പദവിയില്‍ നോട്ടമിട്ടിരുന്ന സി പി എം അധ്യാപക സംഘടനയുടെ സാരഥികള്‍ക്കും സഹയാത്രികര്‍ക്കും അമര്‍ഷം ഉളവാക്കിയിട്ടുണ്ട്. ഗോപിനാഥ് രവീന്ദ്രന്‍ സി പി എമ്മിന് മാത്രമല്ല സംഘ്പരിവാറിനും പ്രിയപ്പെട്ടവനാണ്. ആര്‍ എസ് എസ് നേതാക്കളെക്കുറിച്ചുള്ള പഠനങ്ങള്‍ പി ജി വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഉള്‍പ്പെടുത്തിയത് വി സിയുടെ താല്‍പര്യാര്‍ത്ഥമായിരുന്നു. ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അതിനെ ന്യായീകരിക്കാനായിരുന്നു വൈസ് ചാന്‍സലര്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ പ്രിയ വര്‍ഗീസിനെ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ നിയമന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞ പ്രകാരം യു ജി സി നിബന്ധനകള്‍ അട്ടിമറിച്ചുകൊണ്ട് പാര്‍ട്ടിക്കൂറ് പ്രകടിപ്പിച്ചതിന്റെ പേരിലാണ് വി സിയുടെ കാലാവധി നാലുവര്‍ഷം കൂടി നീട്ടിക്കൊടുത്തത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി തീരാറായപ്പോള്‍ പുതിയ വി സിയെ തെരഞ്ഞെടുക്കാന്‍ ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍ കണ്‍വീനറായുള്ള സേര്‍ച്ച് കമ്മിറ്റിയുടെ നിയമനം റദ്ദാക്കിക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. യു ജി സി ചട്ടങ്ങള്‍ക്ക് പുറമെ സര്‍വകലാശാല ചട്ടങ്ങളും ഗോപിനാഥ് രവീന്ദ്രനുവേണ്ടി വഴിമാറുകയായിരുന്നു. വൈസ് ചാന്‍സലര്‍ ആയി നിയമിതനാകുന്ന ആള്‍ക്ക് അറുപത് വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല എന്ന ചട്ടവും ലംഘിക്കപ്പെട്ടിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ ഒരു വൈസ് ചാന്‍സലറെ വീണ്ടും നാല് വര്‍ഷത്തേക്ക് ആ പദവിയില്‍ തന്നെ നിയമിക്കുന്നത് കേരളത്തില്‍ ഇതാദ്യമായാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല രാജ്ഭവനും ബി ജെ പിയും ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തില്‍ അമിത താല്പര്യം കാണിച്ചിട്ടുണ്ട്. വി സിയെ തെരഞ്ഞെടുക്കാന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടും പുനര്‍ നിയമനത്തിന് കാരണമെന്തെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് ചോദിക്കാമായിരുന്നു. എന്നാല്‍ ഇതിലൊന്നും വിഘ്‌നം സൃഷ്ടിക്കാതെ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇവിടെയാണ് സി പി എം-ബി ജെ പി അന്തര്‍ധാര വ്യക്തമാകുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിരവധി ഡി വൈ എഫ് ഐ നേതാക്കളുടെ ഭാര്യമാര്‍ വിവിധ സര്‍വകലാശാലകളില്‍ അസോസിയേറ്റ് പ്രൊഫസര്‍മാരായി നിയമിതരായിട്ടുണ്ട്. യു ജി സി ചട്ടങ്ങളും സര്‍വകലാശാല നിയമങ്ങളും മറികടന്നുകൊണ്ടാണ് ഈ നിയമനങ്ങള്‍. അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ടുവര്‍ഷം അസി. പ്രൊഫസര്‍ തസ്തികയില്‍ അധ്യാപന പരിചയവും ആണ് യു ജി സി യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കെ കെ രാഗേഷിന്റെ ഭാര്യ ഈ യോഗ്യതയൊന്നും ഇല്ലാതെയാണ് നിയമനത്തിന് ശ്രമിച്ചത്. 2012-ല്‍ തൃശൂര്‍ കേരള വര്‍മ കോളജില്‍ അസി. പ്രൊഫസറായിരുന്ന ഇവര്‍ മൂന്നുവര്‍ഷം അവധിയെടുത്താണ് ഗവേഷണ പഠനത്തിന് പോയത്. ആ നിലയില്‍ എട്ടുവര്‍ഷത്തെ അധ്യാപന പരിചയം ഇവര്‍ക്കില്ല. അത് മറികടന്നുകൊണ്ടാണ് സിണ്ടിക്കേറ്റും വൈസ് ചാന്‍സലറും നിയമനം നടത്തുന്നത്. അതീവ ഗുരുതരമായ സ്വജനപക്ഷപാതത്തിനും ക്രമക്കേടുകള്‍ക്കും കൂട്ടുനിന്ന വൈസ് ചാന്‍സലര്‍ എന്ന നിലയിലാണ് ഗോപിനാഥ് രവീന്ദ്രന് വിരമിക്കുന്ന ദിവസംതന്നെ പുനര്‍ നിയമനം നല്‍കിയത്. സിണ്ടിക്കേറ്റിലെ രാഷ്ട്രീയ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍വകലാശാല നിയമനങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കും മരുമക്കള്‍ക്കും സംവരണം ചെയ്യുന്ന സി പി എമ്മിനെ സഹായിക്കുന്ന വൈസ് ചാന്‍സലര്‍ക്ക് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണ് ഈ പുനര്‍നിയമനം.

Related posts

Leave a Comment