11 ജില്ലകളിൽ യെലോ അലർട്ട്, മുല്ലപ്പെരിയാർ 2 ഷട്ടറുകൾ തുറന്നു, തിരുവനന്തപുരം ജില്ലയ്ക്ക് അവധി

കൊച്ചി: ബം​ഗാൾ ഉൽക്കടലിൽ വീണ്ടും ചക്രവാതച്ചുഴി. കേരളത്തിലടക്കം തിങ്കളാഴ്ച വരെ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന മേഖലയിൽ ഇന്നും മഴ ശക്തമാകും. കേരളത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം. വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തമായതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ ഇന്ന് (നവംബർ-26) അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.56 അടിയായി ഉയർന്നു. 2401 അടിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറക്കാൻ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയെങ്കിലും രാത്രിയോടെ നീരൊഴുക്ക് കുറഞ്ഞതിനാൽ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഒരു ഷട്ടർ കൂടി തുറന്നു. ഇപ്പോൾ രണ്ടു ഷട്ടറുകൾ 30
സെൻ്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കൻറിൽ 798 ഘനയടി വെള്ള വീതം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. 2300 ഘയനടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 142 അടി വരെ സംഭരിക്കാനാണ് തമിഴ്നാട് തീരുമാനം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇടുക്കിയിൽ രാത്രി യാത്ര ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related posts

Leave a Comment