10 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലകളിൽ മഴപ്പേടി തുടരും

കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥ ഇന്നലെ പൊതുവേ ശാന്തമായിരുന്നു. മിക്ക ജില്ലകളിയും മഴ ലഭിച്ചെങ്കിലും ഒരിടത്തും കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ശക്തമായ മഴ ലഭിച്ചു. ഇടുക്കി പദ്ധതി പ്രദേശത്ത് നീരൊഴുക്ക് ശക്തമാണ്. ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ തുറന്നു തന്നെ കിടക്കുന്നു. ഇന്നത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ഷട്ടറുകൾ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയാണു പ്രവചിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും മഴ കിട്ടുക. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം. നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുര്‍ബലമാകും.

Related posts

Leave a Comment