കൊച്ചി മെട്രോയിൽ ക്രിസ്മസ് ആഘോഷങ്ങൾ, മനം നിറച്ച് സമ്മാനങ്ങളും

കൊച്ചി: വൈവിധ്യമാർന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇത്തവണ കൊച്ചി മെട്രോ സ്റ്റേഷനുകളും വേദിയാകും. പൊതുജനങ്ങൾക്കും കൊച്ചി മെട്രോയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമാകാൻ അവസരമൊരുക്കുകയാണ് കെ എം ആർ എൽ. ഡിസംബർ 18 മുതൽ നിരവധി ആകർഷകമായ മത്സരങ്ങളാണ് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. 18ന് ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരത്തിലൂടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ആലുവ, മുട്ടം, കലൂർ, പേട്ട മെട്രോ സ്റ്റേഷനുകളിൽ നടക്കുന്ന ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 5000, 3000, 2000 രൂപ വീതം ലഭിക്കും.
ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ ഡിസംബർ 19ന് നടക്കുന്ന കരോൾ ഗാന മത്സരത്തിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് 10000, 7500, 5000 രൂപ വീതമുള്ള സമ്മാനങ്ങളാണ്. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഡിസംബർ 20ന്പു ൽകൂട് നിർമ്മാണ മത്സരവും 21ന് ക്രിസ്മസ് ട്രീ അലങ്കാര മത്സരവും സംഘടിപ്പിക്കും. ഈ രണ്ട് മത്സരങ്ങളിലെയും ആദ്യ മൂന്ന് വിജയികൾക്ക് 8000,5000, 3000 രൂപ വീതം ലഭിക്കും. 22ന് പതിമൂന്ന് വയസുവരെയുള്ള കുട്ടികൾക്കായി സാന്റാ ക്ലോസ് ഫാൻസി ഡ്രസ്സ് മത്സരവും ഒരുക്കിയിട്ടുണ്ട്. പാലാരിവട്ടം, കടവന്ത്ര, തൈക്കൂടം, ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നീ മെട്രോ സ്റ്റേഷനുകളിലാണ് സാന്റാ ക്ലോസ് മത്സരം. ബേക്കിങ്ങിൽ താല്പര്യമുള്ളവർക്കായി വൈറ്റില, മഹാരാജാസ്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷനുകളിൽ 23ന് കേക്ക് നിർമ്മാണ മത്സരവും സംഘടിപ്പിക്കും. 5000, 3000, 2000 രൂപ വീതമാണ് സാന്റാ ക്ലോസ്, കേക്ക് മേക്കിങ് മത്സരവിജയികൾക്ക് സമ്മാനിക്കുക.
ഇതുകൂടാതെ ഡിസംബർ 24 മുതൽ 31 വരെ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികൾ കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾക്ക് രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഒപ്പം യാത്ര ചെയ്യുന്ന ആൾക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യമാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ആഘോഷപരിപാടികൾ സംഘടിപ്പിക്കുക.

Related posts

Leave a Comment