വർക്ക് ഫ്രം ഓഫീസ് സൗകര്യമൊരുക്കും; കേരള ഐടി പാർക്കുകൾ വലിയ മാറ്റത്തിനൊരുങ്ങുന്നു: ഐടി പാർക്ക്സ് സിഇഒ ജോൺ എം തോമസ്

കൊച്ചി: മാറുന്ന ഐടി സാഹചര്യത്തിൽ കേരള ഐടി പാർക്കുകൾ ഒരു വലിയ മാറ്റത്തിനൊരുങ്ങുകയാണെന്ന് കേരള ഐടി പാർക്ക്സ് സിഇഒ ജോൺ എം തോമസ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐടി ജീവനക്കാർക്ക് ഓഫീസുകളിൽ തിരിച്ചുവരാനുള്ള എല്ലാ സൗകര്യങ്ങളും ഐടി പാർക്കുകൾ നൽകും. കമ്പനികൾക്ക് ജീവനക്കാർ ഓഫീസിൽ വരുന്നതാണ് താല്പര്യം. പക്ഷേ നിലവിലെ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം രീതിയിൽ മുന്നോട്ടു പോകുകയാണ്. ഓഫീസുകൾ വീണ്ടും ആരംഭിക്കുമ്പോൾ നിലവിലുള്ള കമ്പനികളെ വിപുലപ്പെടുത്താനും പുതിയ കമ്പനികളെയും വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളെയും ഐടി പാർക്കുകളിലേക്കു കൊണ്ടുവരാനുമാണു ശ്രമം. ഗതാഗത സൗകര്യങ്ങൾ, ഭക്ഷണശാലകൾ എന്നിവ പുന:സ്ഥാപിക്കുന്നതോടൊപ്പം ഓഫീസുകളിലെ സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കാനും ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം സൈബർപാർക്ക്, ഇൻഫോപാർക്ക്, ടെക്നോപാർക്ക് തുടങ്ങിയ ഐടി പാർക്കുകളുടെ മാത്രം കയറ്റുമതി വരുമാനം 15,100 കോടിയാണ്. ഇതേ കാലയളവിൽ കോഴിക്കോട് സൈബർ പാർക്ക് 77%, കൊച്ചി ഇൻഫോപാർക്ക് 21%, തിരുവനന്തപുരം ടെക്നോപാർക്ക് 8% വളർച്ച നിരക്ക് കൈവരിച്ചിട്ടുണ്ട്.

സ്മാർട്ട് സിറ്റി ഉൾപ്പെടെ നിലവിൽ ഐടി പാർക്കുകളിൽ ഉള്ളത് രണ്ടു കോടി ചതുരശ്രഅടി സ്ഥലമാണ്. ഒരു കോടി ചതുരശ്ര അടി സ്ഥലം നിർമ്മാണ ഘട്ടത്തിൽ ആണ്. 2026ൽ ഇതു പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്, അദ്ദേഹം കൂട്ടിചേർത്തു.

Related posts

Leave a Comment