ഒരു ദിവസം ആയിരം ഫാന്‍സ് ഷോ ലക്ഷ്യമിട്ട് മരക്കാര്‍ ; സർക്കാരിന്റെ കടുംപിടുത്തത്തിന് മറുമരുന്ന് തേടി സിനിമാ മേഖല

കോഴിക്കോട്: സിനിമാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ അമ്പത് ശതമാനത്തിലേറെ പേരെ പ്രവേശിപ്പിക്കില്ലെന്ന കടുംപിടുത്തം സര്‍ക്കാര്‍ തുടരുന്ന പശ്ചാത്തലത്തില്‍ നഷ്ടം നികത്താന്‍ മറുമരുന്നുകള്‍ തേടി സിനിമാ മേഖല. പ്രേക്ഷകര്‍ ഏറ്റെടുത്ത ‘കുറുപ്പ്’ ന് പിന്നാലെ മറ്റു താരചിത്രങ്ങള്‍ക്കും കൂടുതല്‍ ഫാന്‍സ് ഷോ നടത്താനാണ് തീരുമാനം. കുറുപ്പ് സിനിമയ്ക്കു വേണ്ടി 475 ഫാന്‍സ് ഷോകളാണ് സംഘടിപ്പിച്ചത്. 25-ന് 220 സ്‌ക്രീനുകളില്‍ റിലീസാകുന്ന സുരേഷ് ഗോപി ചിത്രം ‘കാവല്‍’ നുവേണ്ടി എല്ലാ ജില്ലകളിലും ഫാന്‍സ് ഷോ നടത്തും. രാവിലെ 7.30 മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിക്കും.  
 

മറ്റെല്ലാ മേഖലകളും തടസ്സമില്ലാതെ തുറന്നുകൊടുക്കുമ്പോള്‍ തിയറ്ററുകളില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തിയറ്ററുകള്‍ക്കും സിനിമാ മേഖലയ്ക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കുറുപ്പ്, കാവല്‍, മരക്കാര്‍ സിനിമകളുടെ ഫാന്‍സ് ഷോയിലാണ് ഇപ്പോഴത്തെ പ്രതീക്ഷ.
 ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ‘മരക്കാര്‍ -അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് സിനിമയുടെ ഫാന്‍സ് ഷോ അര്‍ധരാത്രി 12 മുതല്‍ ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ആയിരം ഫാന്‍സ് ഷോ നടത്താനാണ് തീരുമാനം. ഇതിനകം ടിക്കറ്റ് വില്‍പനയും ആരംഭിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയ പരമാവധി ഉപയോഗിച്ച് അതാത് ജില്ലകളിലെ കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാണ് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്നത്. ടിക്കറ്റ് ബുക്കിങിന് എല്ലാവിധ സൗകര്യമൊരുക്കി ഫാന്‍സുകാര്‍ക്കൊപ്പം തിയറ്റര്‍ ഉടമകളും സജീവമാണ്. മുന്‍ കാലങ്ങളില്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്നതിനോട് വിമുഖത കാട്ടിയിരുന്ന തിയറ്റര്‍ ഉടമകള്‍ നിലവില്‍  പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.
 അതേസമയം അമ്പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച് നിര്‍മാതാക്കളെയും വിതരണക്കാരെയും തിയറ്റര്‍ ഉടമകള്‍ കബളിപ്പിക്കുന്നു എന്ന ആക്ഷേപം ചിലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

Related posts

Leave a Comment