കേരളത്തിലെ സ്ത്രീകള്‍ക്കു മുഖ്യമന്ത്രിയില്‍ പ്രതീക്ഷ വേണ്ടഃ പരാതിക്കാരി

കൊല്ലംഃ ഈ മുഖ്യമന്ത്രിയില്‍ കേരളത്തിലെ സ്ത്രീകള്‍ക്കു പ്രതീക്ഷ വേണ്ട. പറയുന്നത് സ്ത്രീ പീഡനക്കേസില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരേ പരാതി ഉന്നയിച്ച കുണ്ടറയിലെ യുവതി. സ്ത്രീ പീഡനത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ചില പ്രതീക്ഷകളുണ്ടചായിരുന്നു. പിങ്ക് പോലീസില്‍ പ്രത്യേക ടാസ്ക് ഫോഴ്സിനെ വരെ നിയോഗിച്ച് വീടുകളിലെത്തി പരാതി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വിളംബരം ചെയ്തിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ടീമിനെ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തതും. ഇത്തരം സാഹചര്യം മനസിലാക്കിയാണ് എന്‍റെ അച്ഛന്‍റെ പാര്‍ട്ടിയില്‍പ്പെട്ടവരില്‍ നിന്നുണ്ടായ പീഡന വിവരം പുറത്തു വിട്ടത്. ഇതേക്കുറിച്ച് പിതാവ് പരാതി പറഞ്ഞപ്പോള്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് വനം മന്ത്രി പറഞ്ഞത്. സ്ത്രീ പീഡനക്കേസുകള്‍ മന്ത്രിമാര്‍ തന്നെ ഇടപെട്ട് ഒട്ടുതീര്‍പ്പാക്കിയാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കും? ഏതായാലും ഇപ്പോഴത്തെ മുഖ്യന്ത്രിയില്‍ നിന്നു കേരളത്തിലെ സ്ത്രീകള്‍ നീതി പ്രതീക്ഷിക്കേണ്ടതില്ല- യുവതി മാധ്യമങ്ങളോടു പറഞ്ഞു.

കേസിനെക്കുറിച്ചു പോലീസ് ഇന്ന് മൊഴിയെടുത്തിട്ടുണ്ട്. മന്ത്രിക്കെതിരേ കേസെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണു പദ്ധതിയെന്നും യുവതി പറഞ്ഞു. മന്ത്രി ശശീന്ദ്രന്‍ ഇന്നു രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2017 ല്‍ ഇതേ മന്ത്രിക്കെതിരേ ലൈംഗികാരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തോടു മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങിയ കാര്യവും പലരും ഓര്‍ത്തു. ശശീന്ദ്രനെതിരേ കടുത്ത നടപടി പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ലെന്നു മാത്രമല്ല, പൂര്‍ണ സംരക്ഷണം ഉറപ്പാക്കുകയാണു ചെയ്തത്.

പരാതിക്കാരിയോടു മോശമായി പെരുമാറി എന്ന കാരണത്താല്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയോടു രാജി ചോദിച്ചു വാങ്ങിയ സിപിഎമ്മും എന്‍സിപി മന്ത്രിയോട് അനുതാപം കാട്ടി. ഇന്നുച്ചയ്ക്കു ചേര്‍ന്ന അവൈലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശീന്ദ്രന്‍റെ വിഷയം എന്‍സിപിയുടെ ആഭ്യന്തര പ്രശ്നം എന്നാണു വിലയിരുത്തിയത്. അതോടെ, സ്വര്‍ണക്കടത്ത്, ബന്ധു നിയമനം, വിശുദ്ധ ഗ്രന്ഥം കടത്ത്, റിവേഴ്സ് ഹവാല, മത്സ്യബന്ധന മേഖലയിലെ അഴിമതി തുടങ്ങിയ സ്വന്തം മന്ത്രിസഭയിലെ അഴിമതികള്‍ക്കെല്ലാം നല്‍കിയ ആനുകൂല്യവും സുരക്ഷയും ശശീന്ദ്രന്‍റെ പീഡന സംരക്ഷണ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

Related posts

Leave a Comment