പെണ്ണും പൊന്നും-ബാസിമ സി എം ; കവിത വായിക്കാം

പെണ്ണും പൊന്നുംബാസിമ സി എം

   പെണ്ണിനു വിലയിട്ടു
   അവൾ കണ്ണീരിനാലൊപ്പിട്ടു
   ബന്ധം ബന്ധനമായി

   പെണ്ണിലല്ല
   പൊന്നിലല്ലോ കണ്ണ്
   സ്നേഹം ബാഹ്യമായി

   വിറങ്ങലിച്ച കരിമ്പടത്തിനുള്ളിൽ
   കിനാവിനു കരിഞ്ഞമണം
   രാവ് പേക്കിനാവായി

   മുഴങ്ങീ ചങ്ങലക്കിലുക്കം
   മുറുക്കീ വെറുപ്പിൻ വളയങ്ങൾ
   മനുഷ്യത്തം കാടത്തമായി

   ഉയിരിനായുയർന്ന മാറ്റൊലി
   ശൂന്യതയിലെവിടെയോ ചിതറിത്തെറിച്ചു
   മർത്യന്റെ ചിന്തയെന്തേ വികലമായി?

   കൊലുസിനി താളം പിടിക്കയില്ല
   വെള്ളപുതച്ച പൂമൊട്ടിനി വിടരില്ല
   ന്യായം മായയായി

   നന്മ വേദങ്ങളിലൊതുങ്ങി
   നേർവഴി മങ്ങിത്തുടങ്ങി
   അവനാർജിച്ച വിദ്യ വൃഥാവിലായി

   നിശ്ചയം നീ
   കമ്പോളച്ചരക്കല്ല പെണ്ണേ
   പൊന്നല്ല... പെണ്ണല്ലോ ധനം

Related posts

Leave a Comment