ഇടതുഭരണത്തിൽ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല ; സിപിഎം നേതാക്കൾ പോലും ഉൾപ്പെടുന്ന പീഡന പരമ്പരകൾ തുടർക്കഥ

കൊച്ചി : സംസ്ഥാനത്ത് ഓരോ നാൾ കഴിയുന്തോറും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത സാഹചര്യത്തിലൂടെ ആണ് കടന്നുപോകുന്നത്.കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്.ഗാർഹിക പീഡനങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യകളും തുടർക്കഥയാകുന്നു.പോലീസും ഭരണകൂടവും അതിക്രമങ്ങളിൽ ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിലകൊള്ളുന്ന സാഹചര്യമാണുള്ളത്. പരാതിയുമായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി ഒടുവിൽ നീതി ലഭിക്കാതെ ജീവൻ പോലും ത്യജിച്ച ഒട്ടേറെപ്പേരുണ്ട്.

‘കേരളപോലീസിൽ ആർ എസ് എസ്  ബന്ധം’,സിപിഐ നേതാവും ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ കേരള പോലിസിനെ കുറിച്ചും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടും പറഞ്ഞതാണ്.
ആർ എസ് എസ് ബന്ധം മാത്രമല്ല ; പ്രതികളുമായും ആത്മാർത്ഥ ബന്ധം പുലർത്തുന്ന നിയമപാലകരെയാണ് ഇന്ന് നമുക്ക് കേരളത്തിൽ കാണാൻ സാധിക്കുന്നത്.
പക്ഷപാതരഹിതമായ സമീപനങ്ങളാണ് കേരള പോലീസ് എടുക്കേണ്ടത് എന്നിരിക്കവേ,
നിയമങ്ങളും മനസാക്ഷിയും കരുണയും ദയയും എല്ലാം കാറ്റിൽ പറത്തിക്കൊണ്ട്,
ഏ കെ ജി സെന്ററിന്റെ സഹോദര സ്ഥാപനമായും
പിണറായി വിജയന്റെ പ്രൈവറ്റ് സ്റ്റാഫ്‌ ആയും ആണ് കേരള പൊലീസ് ഈ നാളുകളിൽ പ്രവർത്തിക്കുന്നത്.ഒരുപക്ഷേ കേരള പോലീസ് എന്നത് മാറ്റി,
പിണറായി പോലീസ് എന്നാകുന്ന കാലം വിദൂരമല്ല എന്ന് തന്നെ പറയാം.

പതിമൂന്ന് വയസ്സ് പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ഇളയ കുട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയും,
വീട്ടിൽ നിന്നും ആരോ ഓടി പോയത് കാണുകയും ചെയ്തപ്പോഴും, സാഹചര്യത്തിനനുസരിച്ച് ഗുരുതരമായ അന്വേഷണം നടത്താതിരിന്ന പോലീസും, പോലീസിന്റെ ഉത്തരവാദിതമില്ലായ്മ കണ്ട ഭാവം നടിക്കാത്ത ആഭ്യന്തര വകുപ്പുമാണ് രണ്ട് മാസത്തിന് ശേഷം  ഇതേ രീതിയിൽ കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മരണത്തിന് കാരണമായി
പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കൃത്യമായി ലൈംഗിക ആക്രമണങ്ങളെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും പോലീസിന്റെ അനാസ്ഥയും അതിന് കൂട്ട് നിന്ന പിണറായി വിജയൻ ഉൾപ്പെടുന്ന കേരള ഗവണ്മെന്റും അതിന് വേണ്ടത്ര ഗൗരവം നൽകിയില്ല.കുട്ടികളെ കൊന്നുകെട്ടി തൂക്കിയ പ്രതികൾ ഇന്ന് പാട്ടും പാടി പുറത്തിറങ്ങി നടക്കുന്നു. പോലീസ് സ്റ്റേഷനിൽ ചെന്ന് പ്രതികളെ ഇറക്കി കൊണ്ട് വന്നതും ഇതേ അരിവാളിന്റെ ആൾക്കാർ ആണെന്ന് നാം പലയാവർത്തി പലയിടങ്ങളിലും വായിച്ചതാണ്. തെളിവുകളുടെ അസാന്നിധ്യം കൊണ്ട് ആത്മഹത്യ എന്താണെന്നോ അതിനെ കുറിച്ച് ചിന്തിക്കാനോ പോലും പ്രായമാകാത്ത കുട്ടികൾ ആത്മഹത്യ ചെയ്തതാണ് എന്നാണ് ഒടുവിൽ കോടതി പറഞ്ഞത്.ഒമ്പതുവയസ്സായ ആ കുട്ടിയെ ഉപയോഗിച്ച് തെളിവെടുപ്പുകൾ നടത്തിയിരുന്നുവെങ്കിൽ
കൃത്യ സമയത്ത് അവിടുത്തെ പ്രശ്നങ്ങളിൽ സത്യസന്ധമായി കേരള പോലീസും പിണറായി വിജയനും ഇടപെട്ടിരിന്നുവെങ്കിൽ
സത്യങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നു എങ്കിൽ, ഇന്ന് ആ ഒമ്പതുവയസുകാരിയെങ്കിലും ജീവനോടെ ഇരുന്നേനെ.

‘സംസ്ഥാനത്ത് കൊച്ചുപെൺകുട്ടികൾ അടക്കം ലൈംഗിക അതിക്രമാത്തിരയാവുന്ന സംഭവങ്ങൾ സർക്കാർ അത്യന്തം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. പോലീസ് അതിശക്തമായ നടപടി എടുക്കും’
എന്ന് തന്റെ മുഖപുസ്തകത്തിൽ കുറിച്ച പിണറായി വിജയനാണ്
പ്രതികളെ വെറുതെ വിടാൻ തിടുക്കപ്പെട്ട് നിന്ന പൊലീസിന് കൂട്ട് നിന്നത്.
നടന്നത് വടക്കേ ഇന്ത്യയിലോ,
യുപി യിലോ ദില്ലിയിലോ അല്ല.നമ്മുടെ നാട്ടിൽ, നമ്മുടെ പാലക്കാടിൽ, നമ്മുടെ കണ്മുന്നിൽ, വാളയാറിലാണ്.

പാലത്തായിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ബിജെപി നേതാവ് കൂടിയായ അധ്യാപകൻ പീഡിപ്പിച്ചപ്പോഴും,
ഇരയെ കുറ്റപ്പെടുത്താനായിരുന്നു കേരള പോലീസിന് തിടുക്കം.
പോലീസ് കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത് പോക്സോ കേസുകൾ ചുമത്താതെ.
അവിടെ പെണ്കുട്ടി കള്ളം പറയുകയാണ് എന്ന് വരുത്തി തീർക്കുകയായിരിന്ന പൊലീസിൽ ജനങ്ങൾ എങ്ങനെയാണ് വിശ്വാസമർപ്പിക്കേണ്ടത് ?
വാളയാർ കേസിലെ പ്രതിഭാഗം വക്കീലിനെ, സിപിഎം കാരായ പ്രതികൾക്ക് വേണ്ടി ഹാജരായ സിപിഎം കാരനായ വക്കീലിനെ, പാലക്കാട് ശിശുക്ഷേമ വകുപ്പ് അധ്യക്ഷനായി നിയമിച്ചു.പാലത്തായിയിലെ നാലാം ക്ലാസുകാരിക്കും വാളയാറിലെ ഒമ്പതും പതിമൂന്നും വയസ്സ് പ്രായമുള്ള കുട്ടികൾക്കും നീതി കൊടുക്കാത്ത വനിതാ ശിശുഷേമ വകുപ്പിനെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുന്നത് ?

ഇരയുടെ അച്ഛനെ വിളിച്ചിട്ട് സ്ത്രീ പീഡന പരാതി നല്ല രീതിയിൽ തീർക്കണം എന്ന് പറഞ്ഞ മുൻ മന്ത്രി ഏ കെ ശശീന്ദ്രനെ ന്യായീകരിച്ച ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയനാണ്,
സ്ത്രീ സുരക്ഷയെ പറ്റി വാ തോരാതെ സംസാരിക്കുന്നത്.
വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ ലെ വിദ്യാർഥികൾ എ ഐ എസ് എഫ് വനിതാ നേതാവും സ്വന്തം സഹപാഠിയുമായ വിദ്യാർഥിനിക്കെതിരെ “മാറെടീ പെലച്ചി” എന്ന് പറഞ്ഞ് ജാതി അധിക്ഷേപങ്ങൾ ഉന്നയിക്കുകയും “തന്തയില്ലാത്ത കുട്ടികളെ ഉണ്ടാക്കി തരു”മെന്ന് പറഞ്ഞ് ലൈംഗിക അധിക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തപ്പോഴും, സ്ത്രീ സുരക്ഷക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അവകാശപെടുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും പിണറായി വിജയനും പ്രസംഗിക്കാൻ വായിൽ നാവ് ഉണ്ടായിരുന്നില്ല.ദലിതായത് കൊണ്ടും ഒരു സ്ത്രീ ആയത് കൊണ്ടും വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ദീപ മോഹൻമാരുള്ള ജനതയും, നന്ദകുമാറിനെ സംരക്ഷിക്കുവാൻ വേണ്ടി പരാതിയിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെടുന്ന ശൈലജ ടീച്ചർമാരുള്ള പാർട്ടിയാണിത്.
ഒരു കൈ കുഞ്ഞിനെ സ്വന്തം  അമ്മയുടെ അടുത്ത് നിന്നും പറിച്ച് മാറ്റുമ്പോഴും, ആ അമ്മ പരാതിയുമായി എത്തുമ്പോഴും, അനുപമയെ അധിക്ഷേപിച്ച് കൊണ്ട്, ആ കുഞ്ഞിന്റെ പിതൃത്വത്തിൽ ഗവേഷണം നടത്തുന്ന സൈബർ പോരാളികൾ സംസാരിക്കുമ്പോഴും, സ്ത്രീപക്ഷ രാഷ്ട്രീയം മുന്നോട്ട് വക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന പിണറായി വിജയും സർക്കാരും “പാർട്ടി പക്ഷ” രാഷ്ട്രീയമാണ് കാണിക്കുന്നത്. കേരളത്തെ ഞെട്ടിച്ച, ഉത്ര കൊല കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ സുധീറിന്റെ ഭാഗത്ത് നിന്നും ആ കേസിൽ ഉണ്ടായ വീഴ്ചയെ കൃത്യമായി അഭിസംബോധന ചെയ്യാത്തത് കൊണ്ട് തന്നെയാണ്, ഇന്ന് കേരളത്തിൽ മറ്റൊരു മകൾ കൂടി ആത്മഹത്യ ചെയ്തതും, ആ ആത്മഹത്യ കുറിപ്പിൽ സർക്കിൾ ഇൻസ്‌പെക്ടർ നെ സസ്‌പെൻഡ് ചെയ്യുവാൻ ആവശ്യപ്പെട്ടതും.

DYFI involved crimes in Kerala എന്ന് സെർച്ച്‌ ചെയ്താൽ അറിയാം, ആരും കാണാത്ത, ആരും അറിയാത്ത, സർക്കാർ അറിഞ്ഞ ഭാവം നടിക്കാത്ത, അക്രമങ്ങളുടെ നീണ്ട പട്ടിക ഗൂഗിൾ കാണിച്ച് തരുന്നത്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും, അവിടെ പ്രതിസ്ഥാനത്ത് ഭരണകൂടവും പോലീസും ആവുമ്പോൾ, നിശബ്ദത പാലിക്കുന്നത് ഈയിടെയായി കാണുന്ന സ്ഥിരം കാഴ്ചയാണ്.
കേരളത്തിലെ ആഭ്യന്തരവകുപ്പ് ഇത്രയും വലിയ പരാജയമായി പ്രവർത്തിക്കുന്നത് പിണറായി വിജയന് കീഴിൽ മാത്രമാണ്. ഇത്രയും ഒക്കെ നടന്നിട്ടും, കൃത്യമായ ഉത്തരം പറയാൻ കഴിയാതെ, സ്ത്രീകളുടെ പ്രശ്നങ്ങളിൽ വേണ്ട നടപടികൾ എടുക്കാൻ കഴിയാതെ സ്വന്തം പാർട്ടി യെ മാത്രം സംരക്ഷിക്കുന്ന കേരള പോലിസിനെ പാർട്ടി പോലീസ് ആക്കി ജനാധിപത്യ വിരുദ്ധതയും മനുഷ്യാവകാശ ലംഘനവും കാണിക്കുന്ന ആഭ്യന്തരമന്ത്രി പിണറായി വിജയൻ,ആ സ്ഥാനത്ത് തുടരാൻ അർഹനല്ല.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തുടരുമ്പോൾ ഈ ഭരണകൂടം വേട്ടക്കാരനൊപ്പം നിലകൊള്ളുകയാണ്.

Related posts

Leave a Comment