പെൺകുട്ടികളുടെ വിവാഹ പ്രായം ; ലീഗിനെ ട്രോളിയ ഇടതൻമാർ പെട്ടു

*വിപരീത ഫലമുണ്ടാക്കുമെന്ന് മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21ലേക്ക് ഉയർത്താൻ അനുമതി നൽകിയ കേന്ദ്രമന്ത്രിസഭയുടെ നടപടി പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട മുസ്ലിംലീഗിനെ ട്രോളിയ ഇടതൻമാർ പെട്ടു. ഇതേകാര്യം ഉന്നയിച്ച് ഇടതുപക്ഷത്തിന്റെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ രംഗത്തുവന്നതോടെയാണിത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീ ശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ലെന്നു ജനറൽ സെക്രട്ടറി മറിയം ധവളയും പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത്, ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തിരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിനു കാരണമാകുമെന്നതിനാൽ ഈ നീക്കം വിപരീത ഫലമുണ്ടാക്കും. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നതു തന്നെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തിൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിക്കും. ലിംഗ സമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദം തെറ്റാണ്. 18 വയസ്സ് പൂർത്തിയാവുമ്പോൾ എല്ലാ വ്യക്തികൾക്കും വോട്ടവകാശവും കരാറുകളിൽ ഏർപ്പെടാനുള്ള അവകാശവും ലഭിക്കുന്നു. ജനനം മുതൽ സ്ത്രീകളുടെ പോഷകാഹാര നിലവാരം കുറവാണെങ്കിൽ 21-ാം വയസ്സിൽ വിവാഹിതരാകുകയും അതിനുശേഷം കുട്ടികൾ ഉണ്ടാകുന്നതും വഴി മാതൃ-ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപ്പെടുത്താൻ കഴിയില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment