പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ കെ. റെയിലുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ല : വി ഡി സതീശൻ

കൊച്ചി : പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ കെ. റെയിലുമായി മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്നും ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ദേശദ്രോഹികളെ കൂട്ടി സമരം ചെയ്യുന്ന വികസനവിരുദ്ധരാണ് പ്രതിപക്ഷമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ മറുപടി? കേന്ദ്രത്തിന്റെയും റെയിൽവെയുടെയും അനുമതിയില്ലാതെയും ഡി.പി.ആർ ഇല്ലാതെ രണ്ടുലക്ഷം കോടി രൂപയുടെ എന്ത് പദ്ധതിയാണിത്? ഈ അസംബന്ധത്തിന് കൂട്ടു നിന്നാൽ നാളെ പ്രതിപക്ഷം ജനകീയ വിചാരണയ്ക്ക് വിധേയമാകും. ഒരു ചോദ്യത്തിനും ഉത്തരമില്ല. സ്ഥലം ഏറ്റെടുത്ത് കൺസൾട്ടന്റിനെ നിയമിക്കണം, ലോൺ എടുക്കണം. ഇതാണ് അവരുടെ ആവശ്യം. ഒരുപാട് അധികാര ദല്ലാൾമാർ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുകയാണ്. ജെയ്ക്കയുടെ കൈയ്യിൽ നിന്നും ലോൺ എടുക്കാനും ഉപകരണങ്ങൾ വാങ്ങാനും ആരാണ് തീരുമാനമെടുത്തത്? നേരത്തെ തന്നെ കച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. അത് കേരളത്തിൽ നടക്കില്ല.

യു.ഡി.എഫ് ഒറ്റക്കെട്ടായാണ് കെ- റെയിൽ സമരത്തിൽ അണിനിരന്നിരിക്കുന്നത്. എം.പിമാർ നൽകിയ കത്തിൽ ശശി തരൂർ ഒപ്പിടാതിരുന്ന സാഹചര്യം പാർട്ടി പരിശോധിക്കും. തരൂർ കെ- റെയിലിനെ കുറിച്ച് പഠിച്ചിട്ടില്ലെങ്കിൽ പഠിക്കട്ടെ. ഒരാൾ പഠിക്കട്ടേയെന്നു പറഞ്ഞാൽ യു.ഡി.എഫിലും കോൺഗ്രസിലും ഭിന്നിപ്പാണെന്നു പറയാനാകുമോ? മുഖ്യമന്ത്രി കേരളത്തിൽ വികസന മാതൃക ഉണ്ടാക്കുന്നെന്ന് ശശി തരൂർ പറഞ്ഞിട്ടില്ല. കേരളത്തിൽ ഒരു വികസന സംസ്‌കാരം വേണമെന്നും അതിനുള്ള തടസങ്ങൾ നീക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ അതിന് പിന്തുണ നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും വികസനപദ്ധതികൾ സുതാര്യമായി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചാൽ പ്രതിപക്ഷം പിന്തുണയ്ക്കും. ഞങ്ങൾ സർഗാത്മക പ്രതിപക്ഷമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയത് കേന്ദ്ര സർക്കാരാണ്. ഇതൊരു ദേശീയ വിഷയമായതിനാൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കും. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളുടെ അഭിപ്രായം നേതൃത്വം ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment