Special
കേൾക്കേണ്ടവർ കേൾക്കുമോ, ഡിവിഷൻ ബഞ്ചിന്റെ ഈ വിധി; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
”വിറയാർന്ന ഹൃദയത്തോടെയാണ് ഈ വിധിയെഴുതുന്നത്.”
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ ഒരൊറ്റ പരാമർശം മതി താനൂർ ബോട്ടപകടത്തിന്റെ നിയമലംഘനങ്ങളുടെ ആഴം തിരിച്ചറിയാനാവും.
കോടതി അർത്ഥശങ്കയ്ക്കിടയില്ലാതെ ഒരുകാര്യംകൂടി ഉറപ്പിച്ചുപറഞ്ഞു. അധികാരികൾ വിചാരിച്ചിരുന്നെങ്കിൽ ഈ മഹാദുരന്തം ഒഴിവാക്കാമായിരുന്നു.
ആരാണ് അധികാരികൾ ? കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമടക്കം ദുരന്തനിവാരണ വിഭാഗത്തിലെ താഴെ അറ്റത്തെ ഉദ്യോഗസ്ഥൻവരെ കോടതിയുടെ പരാമർശത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നു.
പിന്നാലെ കോടതി ചോദിച്ച ചില ചോദ്യങ്ങളും അതിനു കോടതി തന്നെ കണ്ടെത്തിയ നിഗമനങ്ങളും നമ്മുടെ ഭരണ സംവിധാനങ്ങളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. അമിതമായി വിനോദ യാത്രികരെ കയറ്റി ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ അത്യന്തം അപകടാവസ്ഥയിൽ സ്വകാര്യ ബോട്ട് പൂരപ്പുഴ തൂവൽത്തീരത്ത് സർവീസ് നടത്തുമ്പോൾ അധികൃതർ എവിടെ ആയിരുന്നു എന്നാണു കോടതി ചോദിച്ചത്.
എന്തുകൊണ്ടാണ് അവർ കണ്ണടച്ചത്? എന്തുകൊണ്ടാണ് അവർ മൗനത്തലായത്? ഈ അപകടം മറക്കാൻ അനുവദിച്ചു കൂടാ. അതുകൊണ്ടു തന്ന ഈ അപകടം കണ്ടില്ലെന്നു നടിക്കാനുമാവില്ല. നീതിപീഠം വിശദമാക്കി.
2018ലെ മഹാപ്രളയം പോലെ മനുഷ്യ നിർമിതമായ ദുരന്തമാണ് പൂരപ്പുഴയിലും സംഭവിച്ചത്. പരമാവധി 15 പേർക്കു കയറാമായിരുന്ന ബോട്ടിൽ 37 പേർ കയറിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. രണ്ടു ജീവനക്കാരടക്കം 39 പേർ അപകടം നടക്കുമ്പോൾ ബോട്ടിലുണ്ടായിരുന്നു. അവരിൽ 22 പേരാണ് മരിച്ചത്. 15 പേരും കുട്ടികൾ. അടിമുടി നിയമലംഘനങ്ങളാണ് ഈ ദുരന്തത്തിനു പിന്നിലെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. ബോട്ടിനു മതിയായ ഫിറ്റ്‌നസ് അനുമതി ഉണ്ടായിരുന്നില്ല. ബോട്ട് ഓടിച്ചിരുന്ന ഡ്രൈവർക്ക് അതിനുള്ള ലൈസൻസ് ഇല്ലായിരുന്നു. ബോട്ടിൽ ലൈഫ് ജാക്കറ്റ് അടക്കമുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. വൈകുന്നേരം ആറുവരെ മാത്രം സർവീസ് നടത്താൻ അനുവാദമുണ്ടായിരിക്കെ, അതിനു ശേഷവും സവാരി നടത്തി. ഈ സർവീസിനു ശേഷം മറ്റൊരു സർവീസ് കൂടി നടത്താനുള്ള തിരക്കിലാണ് അപകടമുണ്ടായതെന്നും പറയുന്നു. ഇത്രയൊക്കെ നിയമലംഘങ്ങളുണ്ടായിട്ടും ആരും കണ്ടില്ലെന്നു പറയുമ്പോഴാണ് ഹൈക്കോടതി ബെഞ്ചിന്റെ ചോദ്യങ്ങൾക്കു ബലം കിട്ടുന്നത്. ചോദിച്ചതു കോടതി ആകുമ്പോൾ അതിന് ഉത്തരങ്ങളും നിർബന്ധമാണ്.
ഇതിനു മുൻപ് തേക്കടിയിലും കുമരകത്തും പുന്നമടയിലും കൊച്ചിയിലും ഭൂതത്താൻ കെട്ടിലുമൊക്കെ സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ട്. അന്നും അന്വേഷണങ്ങൾ നടന്നു. അപകട കാരണങ്ങളും കണ്ടെത്തി. തുടർനടപടികളും പ്രഖ്യാപിച്ചു. പക്ഷേ, എല്ലാം അവിടം കൊണ്ട് അവസാനിച്ചു. അന്ന് മതിയായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ താനൂരിലെ ദുരന്തം ആവർത്തിക്കില്ലായിരുന്നു.
താനൂരിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വകാര്യ ബോട്ടുകൾ ഉല്ലാസ യാത്ര നടത്തുന്നതെന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പലവട്ടം അധികൃതരെ അറിയിച്ചിരുന്നു. പഴകിപ്പൊളിഞ്ഞ മത്സ്യബന്ധന യാനങ്ങൾ തുരുമ്പ് വിലയ്ക്ക് വാങ്ങി രൂപമാറ്റം വരുത്തിയാണ് ഉല്ലാസ യാത്രയ്ക്ക് ഇറക്കുന്നത്. അതും ഒന്നിനു മുകളിൽ മറ്റൊരു നില കൂടി കെട്ടി ഡബിൾ ഡ്ക് ആക്കിയ ശേഷം. ഇത്തരം ബോട്ടുകൾ ചെറിയ കാറ്റിലും മറ്റു ബോട്ടുകളുണ്ടാക്കുന്ന ഓളക്കുത്തിലും ചരിഞ്ഞു മറിയാനുള്ള സാധ്യത കൂടുതലാണ്. അപകടത്തിൽ പെട്ട ബോട്ടും അത്തരത്തിലൊന്നായിരുന്നു.
മലപ്പുറത്ത് ജലാശയ അപകടങ്ങൾ വർധിക്കുന്നക്കുന്ന സാഹചര്യം കഴിഞ്ഞ വർഷം തന്നെ താനൂർ എംഎൽഎ പി. അബ്ദുൽ ഹമീദ് അധികാരികളുടെ മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2022 നവംബർ 26ന് ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ജലാശയ ദുരന്തങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകിയത്. തേക്കടി, തട്ടേക്കാട്, കുമരകം ബട്ടപകടങ്ങൾ ഉണ്ടായപ്പോൾ നിയമസഭയിലും ഇതേക്കുറിച്ച് ചർച്ചകൾ നടന്നു. ജലയാനങ്ങളിൽ സുരക്ഷാ സൗകര്യങ്ങൾ സുശക്തമാക്കണമെന്ന് അന്ന് നിർദേശങ്ങളും വന്നു. പക്ഷേ, താനൂരിലടക്കം ഒന്നും യഥാവിധി ഉറപ്പാക്കിയില്ല.
താനൂർ ദുരന്തത്തിനു തൊട്ടു പിന്നാലെ ആലപ്പുഴ പുന്നമടക്കായലിൽ നടത്തിയ ഒരു റാപ്പിഡ് റാൻഡം പരിശോധനയിൽ, സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതി എണ്ണത്തിനു മതിയായ ലൈസൻസ് പോലുമില്ലെന്നു കണ്ടെത്തി. ഉല്ലാസ യാത്ര നടത്തുന്ന ഏകദേശം 1500ൽപ്പരം ഹൗസ് ബോട്ടുകളിൽ 800 എണ്ണത്തിനു മാത്രമാണ് അംഗീകൃത ലൈസൻസും സുരക്ഷാ സംവിധാനങ്ങളുമുള്ളത്. താനൂരിലും ജീവൻ രക്ഷാസംവിധാനങ്ങളില്ലാതെയാണ് ഉല്ലാസബോട്ടുകൾ യാത്ര നടത്തിയിരുന്നത്. അപകമുണ്ടാക്കിയ ബോട്ടിന് താനൂർ മുനിസിപ്പാലിറ്റിയുടെ അനുമതി ഇല്ലായിരുന്നു. സർവീസ് അനുമതിക്കായി ബോട്ടുടമ നൽകിയ അപേക്ഷ മുനിസിപ്പാലിറ്റിയിൽ പെൻഡിങ്ങിലാണ്. അനുമതിക്കു കാത്തു നിൽക്കാതെ ബോട്ടുകൾ സർവീസ് നടത്തിയതിനു പിന്നിൽ അധികൃതരുടെ ഒത്താശയും മറ്റ് സമ്മർദങ്ങളുമുണ്ട്. ചെറിയ പെരുന്നാൾ ദിവസം കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്താൻ ബോട്ട് ജീവനക്കാർ ശ്രമിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ഇടപെട്ട് സർവീസ് തടഞ്ഞതാണ് അന്ന് അപകടം ഒഴിവാക്കിയത്. ഉല്ലാസ ബോട്ടുകളടക്കമുള്ള യാത്രാ ബോട്ടുകൾക്ക് മാരിടൈം ബോർഡ് ആണ് രജിസ്‌ട്രേഷൻ അനുമതി നൽകേണ്ടത്. അതനുസരിച്ച് അവരുടെ സർവേയർ അപകടമുണ്ടാക്കിയ ബോട്ട് പരിശോധിച്ചിരുന്നു. ചില അപാതകൾ കണ്ടെന്നും അതു പരിഹരിക്കാൻ നിർദേശിച്ചു എന്നുമാണ് മാരിടൈം അധികൃതർ ഇപ്പോൾ പറയുന്നത്. മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തി യാത്രാ ബോട്ടാക്കുന്നതിനുള്ള അനുമതിക്ക് മാരിടൈമിന് അധികാരമുണ്ടോ എന്ന സംശയം ബാക്കി. ഏതായാലും സർവേയർ ചൂണ്ടിക്കാട്ടിയ അപാകതകൾ പോലും പരിഹരിക്കാതെയാണ് ബോട്ടിന് രജിസ്‌ട്രേഷൻ നമ്പർ ലഭിച്ചതെന്നു പിന്നീടു വ്യക്തമായി.
ബോട്ടുടമ നാസറും ഡ്രൈവർ ദിനേശനും മാത്രമല്ല ഈ ഭവത്തിനുത്തരവാദികൾ. ഉത്തരവാദപ്പെട്ട സർക്കാർ പ്രതിനിധികളും പ്രതിസ്ഥാനത്തുണ്ട്. അവരെയെല്ലാം നോക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ചേർന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. സർക്കാർ നൽകുന്ന ഉറപ്പിലാണ് യാത്രക്കാർ ബോട്ടിൽ കയറുന്നത്. അതുകൊണ്ടു തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനാണു പ്രധാന ഉത്തരവാദിത്വമെന്നു കോടതി പറയുന്നു. അതിൽ ആർക്കൊക്കെ വീഴ്ച പറ്റിയെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. പ്രതികൾക്കൊപ്പം അവരിൽ നിന്നു കൂടി നഷ്ടപരിഹാരം ഈടാക്കണം. നിയമങ്ങളുണ്ടായാൽ മാത്രം പോരാ, നിയമങ്ങൾ പരിപാലിക്കപ്പെടുന്നതാണ് പ്രധാനം. അതിൽ വീഴ്ച വരുത്തുന്നവർക്കൊപ്പം വിട്ടുവീഴ്ച്ക്ക് അവസരം നൽകിയവരും ശിക്ഷിക്കപ്പെടണം. എങ്കിൽ മാത്രമേ ഇരകൾക്ക് നീതി ലഭിക്കൂ, ഇത്തരം ദുരന്തങ്ങൾ കുറച്ചെങ്കിലും ഒഴിവാക്കാനാകൂ.
Featured
അവതാരമൂര്‍ത്തികളുടെ ഉച്ഛാടനത്തിനു സിപിഐ ധൈര്യം കാണിക്കട്ടെ
ഡോ. ശൂരനാട് രാജശേഖരന്‍
വീണ്ടും സിപിഐയില്‍ നിന്നു തന്നെ തുടങ്ങേണ്ടി വന്നതില്‍ എനിക്ക് നിരാശയുണ്ട്. ആ പാര്‍ട്ടിയോടുള്ള അനാദരവ് കൊണ്ടല്ല, അവര്‍ക്കു സംഭവിച്ച ഗതികേടോര്‍ത്താണ് അതിനു മുതിരുന്നത്. സിപിഐ എന്ന സഹോദര പ്രസ്ഥാനത്തോട് സിപിഎം ചെയ്തിട്ടുള്ള, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ പാതകങ്ങളോട് ഇത്രമാത്രം ക്ഷമിച്ചിരിക്കാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന കാര്യവും എന്നെ അത്ഭുതപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചത് അവര്‍ക്കു കൂടി ഭരണപങ്കാളിത്തമുള്ള ഒരു സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്ന ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നു തെളിഞ്ഞു. ആര്‍എസ്എസ്-സംഘപരിവാര്‍ സംഘടനകളുമായും അതിന്റെ നേതൃത്വവുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി വിവാദത്തിലായ ഈ ഉദ്യോഗസ്ഥന്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനു നേരിട്ട് നേതൃത്വം നല്‍കി എന്നറിയാത്ത ഒരാള്‍ പോലും ഈ ഭൂമി മലയാളത്തിലില്ല. അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഇടതുപക്ഷ സര്‍ക്കാരിനു കളങ്കമാണെന്നും ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്നു മാറ്റണമെന്നും സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിട്ടും ഈ കുറിപ്പ് തയാറാക്കുന്നതു വരെ അദ്ദേഹത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചതായി അറിവില്ല.
എന്നിട്ടും ഇക്കഴിഞ്ഞ മൂന്നിനു കൂടിയ മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. കുറ്റാരോപിതനായ എഡിജിപി എം.ആര്‍. അജിത് കുമാറിനെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തട്ടിക്കൂട്ടിയ തിരക്കഥകളെല്ലാം വായിച്ചു ബോധ്യപ്പെട്ടു കൈയടിച്ചു പാസാക്കിയാണ് അവര്‍ പിരിഞ്ഞത്. ഇത്ര ദുര്‍ബലമായ, നിസംഗമായ, തീര്‍ത്തും നിര്‍വീര്യമാക്കപ്പെട്ട പാര്‍ട്ടിയാണോ എംഎന്‍ ഗോവിന്ദന്‍ നായരും ടി.വി തോമസും എന്‍ഇ ബലറാണും പി.കെ. വാസുദേവന്‍ നായരും വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും നേതൃത്വം നല്‍കിയ സിപിഐ? അയയിലിട്ട കൗപീനമെന്ന് സ്വന്തം അണികളെക്കൊണ്ടു പോലും പറയിക്കുന്ന തരത്തിലേക്ക് സിപിഐ നേതൃത്വം അധഃപതിച്ചു എന്നു പറയാതെ വയ്യ.
കേരളത്തെ പിടിച്ചുലച്ച വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്താന്‍ പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ചുണ്ടനക്കാന്‍ പോലും അഭിനവ സിപിഐ നേതൃത്വത്തിനു കഴിഞ്ഞില്ല. അധികാരമെന്ന അപ്പക്കഷണത്തിന് ഇത്രയ്ക്കു രുചിയുണ്ടെന്ന് സിപിഐ നേതൃത്വം തിരിച്ചറിഞ്ഞരിക്കുന്നു. തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ അധികാരത്തിലില്ലെന്നു പ്രഖ്യാപിച്ച് പിണറായി വിജയന്റെ തന്നെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് തന്റേടം കാണിച്ചിട്ടുണ്ട്, സിപിഐ.
കേരളത്തിന്റെ സാമ്പത്തിക, സമൂഹിക, വര്‍ഗീയ മേഖലകളെ അതീവഗുരുതരമായി ബാധിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നു വിമാനം കയറി ഇന്ദ്രപ്രസ്ഥത്തിലിറങ്ങി, പിആര്‍ ഏജന്‍സിക്കു പണമോ പാരിതോഷികമോ നല്‍കി പ്രീതിപ്പെടുത്തി (രണ്ടുമില്ലാതെ അവര്‍ ഈ പണിക്കു മെനക്കെടില്ല) അഭിമുഖം തരപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമാണു കേരളം ഒന്നാകെ തേടുന്നത്. അതേക്കുറിച്ചു ഉയരുന്ന ചോദ്യങ്ങളോടു ഹഹഹ എന്നു പരിഹസിച്ചു തള്ളിയ പിണറായി വിജയനോട് എന്തുകൊണ്ടാണ് താങ്കള്‍ അങ്ങനെ ചെയ്തതെന്ന് ചോദിക്കാനുള്ള ആര്‍ജവം സിപിഐ നേതൃത്വം കാണിക്കണമായിരുന്നു. വെളിയം ഭാര്‍ഗവനോ സി.കെ ചന്ദ്രപ്പനോ ജീവിച്ചിരുന്നെങ്കില്‍ ചോദിക്കുകയല്ല, മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമായിരുന്നു എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്.
കെയ്‌സന്‍ എന്ന പിആര്‍ ഏജന്‍സിയെക്കുറിച്ച് പൊതുവിവരമുള്ള എല്ലാവര്‍ക്കും അറിയാം. ദേശീയ തലത്തില്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിട്ടുള്ളവരും ചെയ്യുന്നവരുമാണവര്‍. അവരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഹരിപ്പാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ടി.കെ ദേവകുമാറിന്റെ മകന്‍ ടി.ഡി. സുബ്രഹ്മണ്യനാണ്. സുബ്രഹ്മണ്യന്‍ പഴയ എസ്എഫ്‌ഐ നേതാവാണ്. പക്ഷേ, അദ്ദേഹമിപ്പോള്‍ റിലയന്‍സ് ഗ്രൂപ്പിലെ ഉന്നത പദവി വഹിക്കുന്നയാളാണ്. സിപിഎം ഭാഷയില്‍ പറഞ്ഞാല്‍ കുത്തക ബൂര്‍ഷ്വാ സ്ഥാപനത്തിന്റെ സമുന്നതന്‍. അങ്ങനെ ഒരാള്‍ ഇടപെട്ടു വേണോ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖത്തിനിരിക്കാന്‍. പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രസ് സെക്രട്ടറിയും മീഡിയ സെക്രട്ടറിയും പിആര്‍ഡിയും മറ്റു സംവിധാനങ്ങളുമുള്ളത്?
വിവാദ പ്രസ്താവനയെക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞു മാറാനാവില്ല. ദ് ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഭിമുഖം നടത്തുമ്പോള്‍ അനുവാദമില്ലാതെ ഒരാള്‍ അകത്തേക്കു കടന്നു വന്നു എന്നു മുഖ്യമന്ത്രി സമ്മതിക്കുന്നു. ഈ വന്നത് ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നത്രേ. ഏതു നേരത്തും മുഖ്യമന്ത്രിയുടെ മുന്നില്‍ ക്യാമറയുമായെത്തുന്ന തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഒരു ഔദ്യോഗിക പരിപാടിക്ക് എത്തിയപ്പോള്‍ അവരുടെ മുഖത്തു നോക്കി, ‘കടക്കൂ, പുറത്ത്’ എന്നാക്രോശിച്ച പിണറായി വിജയന്‍ എന്തുകൊണ്ട് ഈ അപരിചതനോട് പുറത്തു പോകാന്‍ പറഞ്ഞില്ല? അതിനു കാരണമുണ്ട്. വന്നയാള്‍ മുഖ്യമന്ത്രിക്ക് അത്രയ്ക്ക് അപരിചതനായിരുന്നില്ല എന്നതു തന്നെ.
അഭിമുഖം നടത്താന്‍ അവസരമൊരുക്കിയ പിആര്‍ ഏജന്‍സി കെയ്‌സന്റെ മേധാവി വിനീത് ഹാണ്ഡ ആയിരുന്നു അവിടേക്കു കടന്നുവന്നത്. അയാളെ ഇറക്കിവിട്ടാല്‍ ഈ അഭിമുഖം തന്നെ ഇല്ലാതാകും. ലേഖിക ചോദിക്കാതിരുന്നതും ചോദിച്ചെന്ന വ്യാജേന സുബ്രഹ്മണ്യന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയാറാക്കി കൊടുത്ത പ്രസ്താവന പത്രത്തില്‍ പ്രത്യക്ഷപ്പെടാതാവും. ഈ അമിട്ടു നാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിപ്പോയപ്പോഴാണ് താനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന വാദവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. എന്നിട്ടു പേലും ഭരണത്തിലെ രണ്ടാം കക്ഷിയായ സിപിഐ കമാന്നു മിണ്ടുന്നില്ല.
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ദ് ഹിന്ദു ദിനപത്രത്തിന് ഇങ്ങനെയൊരു വീഴ്ച പറ്റിയതാണ്. ലോകം അംഗീകരിക്കുന്ന ഇന്ത്യയുടെ മുഖപത്രമാണ് ദ് ഹിന്ദു. അതുകൊണ്ടാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അവര്‍ തുറന്നു സമ്മതിച്ചതും ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പിറക്കിയതും. എന്നിട്ടു പോലും മലപ്പുറം ജില്ലയെ പേരെടുത്തും കേരളത്തിലെ മുസ്ലിം സമുദായത്തെ പരോക്ഷമായും ആക്ഷേപിച്ച മുഖ്യമന്ത്രിയോട് ഒരു വിശദീകരണം ചോദിക്കാന്‍ സിപിഐക്കു ധൈര്യമില്ലാതെ പോയി. സിപിഎം ചോദിക്കില്ല. കാരണം ആ പാര്‍ട്ടി അപ്പാടെ പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ കാല്‍ച്ചുവട്ടിലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇടതുപക്ഷത്തിന്റെ തിരുത്തല്‍ ശക്തിയായിരുന്നു സിപിഐ. അതാണിപ്പോള്‍ വന്ധ്യംകരിക്കപ്പെട്ടുപോയത്.
പ്രതിപക്ഷ ബഹുമാനമോ ജനാധിപത്യ സംസ്‌കാരമോ തൊട്ടു തീണ്ടിയിട്ടില്ലാത്തയാളാണു താനെന്നു പിണറായി പലവട്ടം തെളിയിട്ടുണ്ട്. പണ്ടുകാലത്ത് തങ്ങളുടെ മുഖ്യമന്ത്രിമാരെ തിരുത്താന്‍ പാര്‍ട്ടിക്കു ശക്തമായ നേതൃത്വമുണ്ടായിരുന്നു. ഇന്നതില്ല. ഘടകകക്ഷികളില്‍ സിപിഐക്കെങ്കിലും അതിനുള്ള കരളുറപ്പുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴത്തെ ഈ കെട്ട കാലത്തു സിപിഐക്കും ഗതികെട്ടു എന്നു വേണം കരുതാന്‍.
മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമര്‍ശത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ, വിദ്വേഷ പ്രചാരണം നടത്തിയെന്നും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതായി സംശയമുണ്ടെന്നും പരാതികളില്‍ പറയുന്നു. കുറഞ്ഞപക്ഷം, ഈ പരാതികള്‍ക്കെങ്കിലും സിപിഐ തുറന്ന പിന്തുണ നല്കണം. അതേക്കുറിച്ച് ന്യായയുക്തമായി അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതനാക്കണം.
അവതാരങ്ങളെയൊന്നും ഏഴുവട്ടത്ത് അടുപ്പിക്കില്ലെന്നു പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ചുറ്റും ചമ്രം പിണഞ്ഞിരിക്കുന്ന അസംഖ്യം അവതാര മൂര്‍ത്തികളെ ഉച്ഛാടനം ചെയ്തു ശുദ്ധികലശം നടത്താനെങ്കിലും മുന്നോട്ടു വരണം, രണ്ടു തവണ കേരളം ഭരിക്കാന്‍ അവസരം കിട്ടിയ സിപിഐയുടെ അഭിനവ നേതാക്കള്‍ എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.
Alappuzha
ആര്‍പ്പോാാാ ഇര്‍റോാാാ ഇര്‍റോാാാാ ഇര്‍റോാാാാ…. ജലപ്പൂരത്തിന് ഒരുങ്ങി പുന്നമടക്കായല്‍
നീതു പൊന്നപ്പന്‍
ആലപ്പുഴ: പുന്നമടക്കായലിലെ കുഞ്ഞോളങ്ങള്‍ തുഴകളുടെ പ്രഹരത്തില്‍ തീപ്പൊരി പോലെ ചിന്നിച്ചിതറുന്ന ആഹ്ളാദ കാഴ്ചയ്ക്ക് ദിവസങ്ങളുടെ, അല്ല മണിക്കൂറുകളുടെ അകലം മാത്രമാണുള്ളത്. കായലിന്റെ ഇരു കരകളിലും ആര്‍പ്പോ വിളികളുമായി ആവേശത്തിടമ്പേറ്റുന്ന കാണികളുടെ പൂരം കൂടിയാണ് ചരിത്ര പ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി. കുട്ടനാടന്‍ കരുത്തിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ഓളപ്പരപ്പിലെ ജലമാമാങ്കമാണ് 28ന് അരങ്ങേറുന്ന ഈ ജലപ്പൂരം. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് മാറ്റുരയ്ക്കുന്നത്. ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ കൃത്യം 11 മണിക്ക് ആരംഭിക്കും. 12.30ന് അവസാനിക്കും. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം ആരംഭിക്കും. കപ്പിലാര് മുത്തമിടും എന്നു മാത്രമാണ് ചോദ്യം. അതിനുള്ള ഉത്തരമാണ് ശനിയാഴ്ച നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി വള്ളംകളി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വള്ളംകളി പ്രേമികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് നെഹ്റുട്രോഫി നടത്താന്‍ തീരുമാനമായത്. സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
വള്ളങ്ങളുടെ തുഴച്ചിലിനും വിവിധ ശൈലികളുണ്ട്. ചുണ്ടന്‍വള്ളം തുഴയുന്ന ടീമിന് എല്ലാ രീതികളും പരിശീലിപ്പിക്കും. 20 മീറ്റര്‍ വീതിക്കുള്ളില്‍ നാലുചുണ്ടന്‍ വള്ളങ്ങള്‍ തുഴഞ്ഞെത്തുമ്പോള്‍ തുഴകള്‍ പരസ്പരം കൂട്ടിമുട്ടാതെ താളം തെറ്റിക്കാതെ തുഴച്ചിലാണ് ഇതില്‍ പ്രധാനം.അയഞ്ഞ താളത്തില്‍ നീട്ടിവലിക്കുന്ന ശൈലിയില്‍ മിനിറ്റില്‍ 60 തുഴകളിടുന്ന രീതിയാണിത്. ഇടിയുടെ താളത്തിനനുസരിച്ച് തുഴയിടുന്ന ഇടിത്താളമുണ്ട്.നെഹ്റു ട്രോഫി ഇന്ന് സാധാരണ കുട്ടനാട്ടുകാരന്റെ ആവേശമായി മാറി. കുട്ടനാട്ടുകാരന്റെ ദേശീയ ഉത്സവവും. പുന്നമട കായല്‍ നെട്ടായത്തില്‍ വിവിധ ട്രാക്കുകളായി തിരിച്ച് 1370 മീറ്റര്‍ നീളം ദൂരമാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കിലൂടെ മിന്നല്‍ വേഗത്തില്‍ പായുന്ന വള്ളങ്ങള്‍ ദൂരകാഴ്ചയില്‍ കറുത്തതടികള്‍ കുതിച്ചു പാഞ്ഞ് വരുന്ന പോലയാണ് കാണികള്‍ക്ക് തോന്നുക. മത്സരം തുടങ്ങുമ്പോള്‍ തീരത്തു തടിച്ചുകൂടിയിരിക്കുന്ന കാഴ്ചക്കാര്‍ ആര്‍പ്പുവിളികളും കരഘോഷവും തുടങ്ങും. തുഴക്കാര്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ ചിതറിത്തെറിച്ചുയരുന്ന ജലകണങ്ങളുടെ വലയത്തിലൂടെ ചുണ്ടന്‍ വള്ളങ്ങള്‍ ഓളപ്പരപ്പില്‍ ഇഞ്ചോടിഞ്ചു പൊരുതി കുതിക്കും. മിനിറ്റില്‍ 100 മുതല്‍ 120 തവണ വരെ അമരക്കാരുടെ ഭീമാകാരമായ തുഴകള്‍ വായുവില്‍ കുതിച്ച് ജലത്തില്‍ ഉയര്‍ന്നുതാഴും. ഇഞ്ചോടിഞ്ച് നീളുന്ന ആവേശപ്പോരില്‍ ആദ്യം ഫിനിഷ് ചെയ്യുന്ന വള്ളം കപ്പില്‍ മുത്തമിടുമ്പോഴാണ് വള്ളംകളി ആവേശം അണപൊട്ടുക. ആര്‍പ്പോവിളികള്‍ കൊണ്ട് ആ നിമിഷം പുന്നമട മുഖരിതമാകും.
ചരിത്രം
1952ല്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു തിരു- കൊച്ചി സന്ദര്‍ശിക്കാനെത്തി. സന്ദര്‍ശന വേളയില്‍ നെഹ്റുവിന് കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു. ഈ യാത്രയില്‍ ബോട്ടുകളുടെ ഒരു വലിയ നിര അദ്ദേഹത്തെ അനുഗമിച്ചു. കോട്ടയത്ത് നിന്ന് ആലപ്പുഴ സന്ദര്‍ശിക്കാനൊരുങ്ങിയ നെഹ്റുവിനായി ആലപ്പുഴക്കാര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ ഒരു വള്ളംകളി സംഘടിപ്പിച്ചു. ഒന്‍പത് ട്രാക്കുകളിലായി ഒന്‍പത് ചുണ്ടന്‍വള്ളങ്ങളാണ് അന്നേദിവസം മത്സരിച്ചത്. ട്രാക്കുകളില്‍ വള്ളംകളി മത്സരം നടത്തുന്നത് തന്നെ ആദ്യം. സ്റ്റാര്‍ട്ടിംഗിനായി വെടിപൊട്ടിയതും ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ മുന്നോട്ട് കുതിച്ചു. മിനിറ്റുകള്‍ക്കു ശേഷം വള്ളംകളി അവസാനിക്കുമ്പോള്‍ ‘നടുഭാഗം ചുണ്ടന്‍ ‘ ഒന്നാം സ്ഥാനത്തെത്തി. തുഴക്കാരുടെ പ്രകടനത്തില്‍ ഉത്സാഹഭരിതനായ നെഹ്റു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്‌കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് വള്ളം ജെട്ടിയിലേക്ക് നീങ്ങി. 1952 ഡിസംബര്‍ മാസം ഡല്‍ഹിയില്‍ തിരിച്ചെത്തിയ നെഹ്റു വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്റെ രൂപം സമ്മാനമായി നല്‍കി. ട്രോഫിയില്‍ പ്രധാനമന്ത്രിയുടെ കൈയ്യൊപ്പിനു മുകളിലായി ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.’തിരുകൊച്ചിയിലെ സാമൂഹിക ജീവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്.’ അതാണ് പിന്നീട് ‘നെഹ്റുട്രോഫി ‘യായി മാറിയത്. ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ജല മേളയുടെ തുടക്കമായിരുന്നു അത്. ആദ്യ വള്ളംകളി ‘ പ്രൈമിനിസിറ്റേഴ്‌സ്ട്രോഫി ‘ക്കു വേണ്ടിയുള്ള വള്ളം കളി പിന്നീട് നെഹ്റുട്രോഫി വള്ളംകളിയായി.
വള്ളപ്പാട്ട് മുഖ്യം ബിഗിലേ
ആര്‍പ്പോാാ… ഇര്‍റോാാാ..ഇര്‍റോാാാ…
തക തെയ്യ് തക തെയ്യ് തക തക തോം
ധീ തിത്തക തക തക തെയ്യ് തെയ്യ്..
ഒറ്റക്കല്ലിങ്ങോടി വന്നു…
തെയ്യ് തെയ്യ് തക തെയ്യ് തെയ്യ് തോം
ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു
മറ്റൊന്നിതില്‍ പരമേ…
തെയ്യ് തെയ്യ് തക തെയ്യ് തെയ്യ് തോം
മറ്റൊന്നിതില്‍ പരം മന്നര്‍ക്കാജ്ഞയുണ്ടാമോ….
താളത്തില്‍ തുഴയാന്‍ കരുത്തോടെ മുന്നേറാന്‍ വള്ളപ്പാട്ട് പഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോ കരക്കാരും താളത്തില്‍ വള്ളത്തില്‍ ഇടിച്ച് വായ്ത്താരികളോടെയാണ് വള്ളങ്ങള്‍ ഓരോന്നും പുറപ്പെടുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന പാട്ട് നിമിഷങ്ങള്‍ കഴിയും തോറും ചടുലതയുടെ താളം കൈവരിക്കും. ഇത് തുഴക്കാരുടെ വീറും വാശിയും കൂട്ടും. പുന്നമടയിലെ കാറ്റില്‍ പോലും വള്ളപ്പാട്ടുകള്‍ തങ്ങി നില്‍ക്കുന്നുണ്ട്. മത്സരം കാണാന്‍ കരയില്‍ നില്‍ക്കുന്നവര്‍ പോലും ആര്‍പ്പോ വിളികളുടെ അകമ്പടികളോടെ കൈതട്ടി ആവേശം കൊള്ളിക്കുമ്പോള്‍ മത്സരം ഉച്ഛസ്ഥായിയില്‍ എത്തും. വീറും വാശിയിലും തുഴഞ്ഞ് എത്തുന്ന വീരന്മാര്‍്ക്ക് കാണികള്‍ നല്‍കുന്ന ആവേശവും ചെറുതല്ല.
തുഴയെറിയാന്‍ അന്യസംസ്ഥാനക്കാരും
കഴിഞ്ഞ കുറേ കാലങ്ങളായി നെഹ്റു ട്രോഫിയില്‍ അന്യസംസ്ഥാനത്തു നിന്ന് കായിക ക്ഷമത നോക്കി തുഴക്കാരെ എത്തിക്കുന്നുണ്ട്. ഇവിടെ വിജയം മാത്രമാണ് ലക്ഷ്യം. അതില്‍ കുറച്ചൊന്നും തന്നെയില്ലെന്നാണ് പറയുന്നത്. ഇത്തവണ മത്സരിക്കുന്ന എല്ലാ ക്ലബുകളും തന്നെ അവരുടെ തുഴക്കാരുടെ കൂട്ടത്തില്‍ ഇറക്കുമതിക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയം മാത്രം ഘടകമാകുന്നിടത്താണ് ആരെക്കൊണ്ടുവന്നു തുഴയിക്കാനും ക്ലബുകള്‍ തയ്യാറാകുന്നത്. പണ്ട് പട്ടാളക്കാര്‍ തുഴയാന്‍ കൂടാറുണ്ടായിരുന്നു. എന്നിരുന്നാലും അങ്ങനെ പങ്കെടുക്കുന്നവരൊക്കെ തന്നെ ഈ കരകളില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. ഇന്നതല്ല സ്ഥിതി, അന്യദേശക്കാരാണ്, ബംഗളൂരുവിലും ആസമിലും മണിപ്പൂരിലുമൊക്കെയുള്ളവരാണ് തുഴയാന്‍ വരുന്നത്. നല്ലകാശും ഭക്ഷണവും കൊടുത്താണ് ഇവരെയൊക്കെ ക്ലബുകള്‍ കൊണ്ടുവരുന്നത്. പ്രാദേശികരായ തുഴച്ചില്‍ക്കാര്‍ കുറവാണ്. ചുണ്ടന്‍ വളളത്തില്‍ ഇതര സംസ്ഥാനക്കാര്‍ ആകെ തുഴച്ചില്‍ക്കാരുടെ 25 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇതിന് വിരുദ്ധമായി തുഴഞ്ഞാല്‍ ആ വളളത്തിനെ അയോഗ്യരാക്കും.
നിയമാവലി
ചുണ്ടന്‍വളളങ്ങളില്‍ 75 തുഴക്കാരില്‍ കുറയുവാനും 95 തുഴക്കാരില്‍ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതല്‍ 60 തുഴക്കാര്‍ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതല്‍ 35 വരെ തുഴക്കാര്‍, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതല്‍ 60 തുഴക്കാര്‍, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതല്‍ 35 വരെ തുഴക്കാര്‍, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാര്‍, ചുരുളന്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍. (തെക്കനോടി വനിതാ വള്ളത്തില്‍ 30 ല്‍ കുറയാത്ത തുഴക്കാര്‍) കയറേണ്ടതാണ്. ഈ തുഴക്കാര്‍ക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം.വള്ളങ്ങളുടെ പരിശീലനം അഞ്ച് ദിവസത്തില്‍ കുറയാന്‍ പാടില്ല. അഞ്ച് ദിവസത്തില്‍ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ ബോണസില്‍ മൂന്നില്‍ ഒന്ന് കുറവുവരുത്തുന്നതാണ്. വളളങ്ങള്‍ പരിശീലനം നടത്തുന്ന ദിവസങ്ങള്‍ റേസ് കമ്മറ്റി പരിശോധിക്കും. പരിശീലന സമയങ്ങളില്‍ ചുണ്ടന്‍വള്ളങ്ങളില്‍ മാസ് ഡ്രില്‍ പരിശീലനം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.വളളംകളിയില്‍ പങ്കെടുക്കുന്ന തുഴച്ചില്‍കാര്‍ നീന്തല്‍ പരിശീലനം ലഭിച്ചവരായിരിക്കണം. 18 വയസ് പൂര്‍ത്തിയാവണം. 55 വയസ്സില്‍ കൂടുവാന്‍ പാടില്ല. മത്സര വളളങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മനോദൗര്‍ബല്യം ഉള്ളവര്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വള്ളങ്ങളെ അയോഗ്യരാക്കുകയും, അവര്‍ക്ക് ബോണസിന് അര്‍ഹതയില്ലാത്തതുതമാണ്. അശ്ലീലപ്രദര്‍ശനവും, അച്ചടക്ക ലംഘനവും നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തും.
യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ധരിക്കാത്ത തുഴച്ചില്‍ക്കാര്‍ മത്സരിക്കുന്ന ചുണ്ടന്‍ വളളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല.മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ ഫിനിഷ് ചെയ്താല്‍ ട്രാക്കില്‍ കൂടി തിരിച്ചുപോകാന്‍ പാടില്ല.പുറംകായലില്‍ കൂടി മാത്രമേ സ്റ്റാര്‍ട്ടിംഗ് പോയന്റ്റിലേക്ക് തിരിച്ചുപോകാവൂ. ഓരോ മത്സരവും ഫൈനല്‍ മത്സരങ്ങളും കഴിഞ്ഞാല്‍ കളിവളളങ്ങള്‍ നിര്‍ബന്ധമായും ഫിനിഷിംഗ് പോയിന്റില്‍നിന്നു മാറ്റി പുറംകായലില്‍ നിലയുറപ്പിക്കേണ്ടതാണ്. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരുടെ ബോണസില്‍ ഉള്‍പ്പടെ കുറവു വരുത്തും. മത്സരദിവസം ഒരു വള്ളത്തില്‍ മത്സരിച്ചശേഷം ആ ടിമംഗങ്ങള്‍ വള്ളം മാറി വേറേ ഒരു വളളത്തിലും കയറി മത്സരിക്കാന്‍ പാടില്ല. മത്സരത്തില്‍ പങ്കെടുക്കുന്ന കളിവള്ളങ്ങളില്‍ രാഷ്ട്രീയവും, മതപരമായി തോന്നാവുന്ന ചിഹ്നങ്ങള്‍ പ്രദശിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വള്ളങ്ങള്‍ക്ക് തടിയുടെ നിറമോ കറുപ്പു നിറമോ മാത്രമേ പാടുള്ളൂ. അല്ലാത്ത വള്ളങ്ങളെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കില്ല. വനിതാ വളളങ്ങളില്‍ പരമാവധി അഞ്ച് പുരുഷന്മാര്‍ മാത്രമേ പാടുള്ളൂ. അവര്‍ തുഴയാന്‍ മാത്രം പാടില്ല. സാരി ഉടുത്ത് തുഴയുവാന്‍ അനുവദിക്കില്ല, മത്സര സമയം യൂണിഫോമായ ട്രാക്ക് സൂട്ടും ജേഴ്സിയും ധരിക്കേണ്ടതാണ്. മത്സരത്തിന് അഭംഗി വരുത്തുന്നവിധം പങ്കെടുത്താല്‍ ആ വള്ളങ്ങള്‍ക്ക് ബോണസ് നല്‍കുന്നതല്ല. ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ രാവിലെ കൃത്യം 11 മണിക്ക് ആരംഭിയ്ക്കും. 12.30 ന് അവസാനിക്കും. ചുണ്ടന്‍വളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരം ആരംഭിക്കും.
പരിശീലനം
ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പാണ് ഓരോ വള്ളംകളി കാലത്തുമുള്ളത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ദിനചര്യകള്‍ തുടങ്ങും. ദിവസം ഒന്നിലേറെ തവണ തുഴച്ചില്‍ പരിശീലനം. മത്സരത്തോട് അടുക്കുമ്പോള്‍ ഇതില്‍ ഏറ്റക്കുറച്ചില്‍ വരുത്തും. തുഴച്ചില്‍ പരിശീലനത്തിനൊപ്പം ശാരീരിക വ്യായാമങ്ങളുമുണ്ടാകും. 18-35 പ്രായപരിധി വരുന്നവരില്‍ കായിക ക്ഷമതയുള്ളവര്‍ക്കും നേരത്തേ തുഴഞ്ഞിട്ടുള്ളവര്‍ക്കും മുന്‍ഗണന. ആദ്യം നദിയില്‍ കെട്ടിയ പടങ്ങിലും പിന്നീട് വള്ളത്തിലും. നിലക്കാര്‍ ഇട്ടുനല്‍കുന്ന താളത്തിലാണ് തുഴയേണ്ടത്. സര്‍വശക്തിയുമെടുത്ത് തളരാതെ തുഴയുന്നവരെ പ്രത്യേകം പരിഗണിക്കും.
വെള്ളത്തിലൂടെയുള്ള സുഗമമായ ഒഴുക്കിന് ചുണ്ടന്‍ വള്ളങ്ങളില്‍ മുമ്പ് മീനെണ്ണ പുരട്ടുകയാണ് ചെയ്തിരുന്നതെങ്കില്‍ കാലം മാറിയതോടെ മീനെണ്ണയ്ക്ക് പകരം ഓളങ്ങളെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ തെന്നിപ്പായാന്‍ കൂടിയ വുഡന്‍ പോളിഷിംഗുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പരിചയ സമ്പന്നരായ മുതിര്‍ന്ന തുഴച്ചിലുകാരാണ് പുതിയ തുഴച്ചിലുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. ഓരോ വള്ളത്തിലും നിലക്കാരും അമരക്കാരുമടക്കം ഏകദേശം 150 തുഴക്കാരാണ് വ്രതശുദ്ധിയോടെ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നത്. വള്ളം കളിയെ വിനോദ സഞ്ചാര വികസനത്തിന്റെ കൂടെ ഭാഗമാക്കി ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തിയതോടെ ഓരോ ചുണ്ടന്‍വള്ളങ്ങളും ബോട്ട് ക്ളബ്ബുകളും ചിട്ടയായ പരിശീലനപരിപാടികളാണ് സംഘടിപ്പിക്കുന്നത്. വള്ളം തുഴയുന്നതിനൊപ്പം യോഗവരെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമവാസികളില്‍ നിന്ന് തുഴകള്‍ പ്രൊഫഷണല്‍ തുഴച്ചില്‍കാരുടെ കൈകളിലേയ്ക്ക് മാറിയതോടെ ഭക്ഷണവും ശമ്പളവുമുള്‍പ്പെടെ വന്‍ തുകയാണ് ഓരോ ബോട്ട് ക്ലബ്ബിനും ചെലവാകുന്നത്. ഒന്നര ലക്ഷം രൂപയാണ് ഒരുവള്ളത്തിന് ഒരുദിവസത്തെ ഏറ്റവും കുറഞ്ഞ ചെലവ്.
കായല്‍ ടൂറിസം
ടൂറിസം സീസണ്‍ എത്തും മുമ്പേ കായല്‍സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറി. നെഹ്രുട്രോഫി വള്ളംകളിയും പൂജ അവധിയും എത്തുന്നതോടെ പുന്നമടയില്‍ വിനോദസഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ദ്ധിക്കും. ഇത് മേഖലയ്ക്ക് ഉണര്‍വ് പകരും. മത്സരവള്ളംകളി കാണാനും കായല്‍ യാത്ര ആസ്വദിക്കാനുമായി ഒട്ടുമിക്ക ഹൗസ് ബോട്ടുകളുംഹോട്ടലുകളും ഇതിനകം തന്നെ ബുക്കിംഗ് ആയിക്കഴിഞ്ഞു. ഏജന്‍സികളുടെ ടൂര്‍ പാക്കേജ് വഴിയെത്തുന്ന സഞ്ചാരികളാണ് ഇവരില്‍ അധികവും. സ്‌പെയിന്‍, യു.കെ, യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ മുന്നില്‍. ഓണസീസണില്‍ പോലും പ്രതീക്ഷിച്ചതുപോലെ സഞ്ചാരികള്‍ എത്താതിരുന്നത് മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. ഇത് വരുംദിവസങ്ങളില്‍ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര സഞ്ചാരികള്‍ കൂടുതലായി ആലപ്പുഴയിലെത്തുന്നുണ്ട്. പൂജ അവധിക്ക് വരവ് ഇനിയും കൂടാനാണ് സാദ്ധ്യത. ഇറ്റലി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ജലഗതാഗതവകുപ്പിന്റെ വേഗ ബോട്ട്, സീ കുട്ടനാട് എന്നിവയ്ക്കൊപ്പം വാട്ടര്‍ടാക്സിക്കും നല്ല ഡിമാന്റാണ്. നെഹ്രുട്രോഫിവള്ളം കളിയോടെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൗസ്‌ബോട്ട് ഉടമകളും ടൂറിസം സംരംഭകരും.ആലപ്പുഴ, വലിയഴീക്കല്‍, തോട്ടപ്പള്ളി, മാരാരി, തൈക്കല്‍, അന്ധകാരനഴി ബീച്ചുകളിലും അവധി ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ഇനിയും വര്‍ധിക്കാന്‍ സാദ്ധ്യയുണ്ട്.കൊവിഡിനെ തുടര്‍ന്ന് വിദേശികളുടെ വരവ് കുറയുകയും ഹൗസ് ബോട്ട് മേഖല ഉള്‍പ്പടെയുള്ള വിനോദസഞ്ചാര വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായി. നെഹ്രുട്രോഫി ജലോത്സവത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
Cinema
ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം;
‘ലാപതാ ലേഡീസി’ന് ഹർഷാരവം
നിസാർ മുഹമ്മദ്
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ലാപതാ ലേഡീസ്’ എന്ന ഹിന്ദി ചിത്രത്തിന് രാജ്യത്തിന്റെ ഹർഷാരവം. പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസിന്റെ’ പേര് എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു.
തിയേറ്ററിൽ വീണുപോയൊരു സിനിമ വീണിടത്ത് നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ പറന്ന് സിനിമാ ലോകത്തിന്റെ ആകാശത്ത് വട്ടമിടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. അഭിനേതാക്കളുടെ താരമൂല്യമോ, ബ്രഹ്മാണ്ഡ സെറ്റുകളോ, പൊടിക്കുന്ന കോടികളോ അല്ല, കഥയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നതായിരുന്നു ‘ലാപതാ ലേഡീസി’ന് ലഭിച്ച സ്വീകാര്യത. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് വിവാഹമെന്ന ചങ്ങലയ്ക്ക് മുന്നില്‍ കഴുത്തുനീട്ടേണ്ടി വരുന്ന ഒരുപാട് ഇന്ത്യന്‍ ഗ്രാമീണ പെണ്‍കുട്ടികളുടെ തുറന്നുപറച്ചിലാണ് ചിത്രം.
ബിപ്ലബ് ഗോസ്വാമിയുടെ ചെറുകഥയെ ആധാരമാക്കി കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് (കാണാതായ പെണ്ണുങ്ങൾ) ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. അമീർഖാനാണ് നിർമാതാവ്. പ്രമുഖരെന്ന് എടുത്തുപറയാവുന്ന ആരുമില്ല സ്ക്രീനിൽ. നവാഗതരായ അഭിനേതാക്കൾ മാത്രം. ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രം പക്ഷെ തിയേറ്ററിൽ വീണു.
ഏപ്രിൽ 26ന് ‘ലാപതാ ലേഡീസ്’ ഒടിടിയിൽ റിലീസ് ചെയ്തതോടെ കഥ മാറി. തിക്കിത്തിരക്കിയോടുന്ന തീവണ്ടികളിൽ മൊബൈൽ സ്ക്രീനിലും വീടുകളുടെ സ്വീകരണ മുറിയിൽ ടെലിവിഷനുകളിലും ഈ സിനിമ സൂപ്പർഹിറ്റായി. ശീതികരിച്ച തിയേറ്റര്‍ തണുപ്പിന്റെയും ഡോള്‍ബി ശബ്ദ സംവിധാനത്തിന്റെയുമൊന്നും മികവുകളില്ലാതെ ഇന്ത്യയിലെ വീട്ടകങ്ങളിലിരുന്നു ആസ്വാദകർ പലവട്ടം കണ്ടു ‘ലാപതാ ലേഡീസ്’.
ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലമാണ് സിനിമയുടെ കഥാപരിസരം. വിവാഹിതയാകുന്ന രണ്ട് സ്ത്രീ ജീവിതങ്ങളെ ആസ്പദമാക്കി ഇന്ത്യന്‍ ഗ്രാമീണ യുവതികളുടെ ജീവിതത്തിന്റെ കഥ. ഉത്തരേന്ത്യന്‍ സാങ്കല്‍പ്പിക ഗ്രാമമായ നിര്‍മല്‍പ്രദേശില്‍ 2001ല്‍ നടക്കുന്ന കഥയായാണ് ഈ സിനിമയെ സംവിധായിക അവതരിപ്പിക്കുന്നത്. വിവാഹശേഷം ട്രെയിനില്‍ അതീവ ദൂരത്തിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ടു നവവധുക്കളിലൂടെയാണ് സിനിമ തുടങ്ങുന്നത്.
മുഖം മറച്ചുകൊണ്ടുള്ള ആ യാത്രയില്‍ സംഭവിക്കുന്ന അബദ്ധം സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നു. അര്‍ധരാത്രിയില്‍ സ്‌റ്റേഷനിലെത്തിയ തിരക്കില്‍ വധുവിന്റെ കൈപിടിച്ച ഇറങ്ങുന്ന വരന് ആള്‍മാറി പോകുന്നതാണ് സംഭവം. വീട്ടിലെത്തിയപ്പോള്‍ ഇത് തിരിച്ചറിയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഉപരിപഠനവും ജോലിയുമടക്കമുള്ള വലിയ സ്വപ്‌നങ്ങളുള്ള ജയ, തീര്‍ത്തും പിന്‍തിരിപ്പന്‍ വിവാഹ ചിന്തകള്‍ മനസ്സിലുറച്ചുപോയ ഫൂല്‍. ഇവര്‍ രണ്ടുപേരും അപരിചിതമായ സാഹചര്യങ്ങളെ മറികടക്കുന്നിടത്താണ് സിനിമ പൂര്‍ണമാകുന്നത്. ലളിത സുന്ദരമായ ഭാഷയില്‍ കഥ പറയുമ്പോഴും ഇന്ത്യന്‍ ഗ്രാമീണ സ്ത്രീ ജീവിതത്തിന്റെ വിശാലമായ പ്രശ്‌നങ്ങളിലേക്ക് ‘ലാപതാ ലേഡീസ്’ വെളിച്ചം വീശുന്നു.
നെപ്പോട്ടിസം മാത്രം ഭരിക്കുന്ന ബോളിവുഡിന്റെ ഹൃദയഭൂമിയിലാണ് നവാഗതരായ ഒരുകൂട്ടം അഭിനേതാക്കള്‍ വന്ന് ഞെട്ടിക്കുന്ന പ്രകടനം നടത്തിയതാണ് ശ്രദ്ധേയം. ഫൂല്‍ കുമാരിയെ അവതരിപ്പിച്ച നിതാന്‍ഷി ഗോയലിന് 16 വയസ്സ് മാത്രമാണ് പ്രായം. നിതാന്‍ഷിയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്നോട്ട് വന്നവര്‍ നിരവധിപേരാണ്. ഏതായാലും, ‘ലാപതാ ലേഡീസ്’ സിനിമാ വ്യവസായത്തിന് തന്നെ പുതിയൊരു കണ്ണാടിയാകുന്നുണ്ട്. മാസും മസാലയും പൊതുധാരണകളും മാത്രം കുത്തിനിറച്ച് സിനിമകള്‍ നിര്‍മിച്ചാല്‍ മാത്രമേ ജനം സ്വീകരിക്കൂ എന്ന മിഥ്യാധാരണയെ ഉടച്ചുകളയുകയായിരുന്നു ഈ കൊച്ചു വലിയ ചിത്രം.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login