സാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: എന്‍ ഡി അപ്പച്ചന്‍

കല്‍പ്പറ്റ: കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ സഹകാരികളും ജീവനക്കാരും ധര്‍ണ നടത്തി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ആശ്രയമായ സഹകരണമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സഹകരണസംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുന്ന രീതിയില്‍ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യം നല്‍കുന്ന ആര്‍ ബി ഐ നിലപാട് അക്ഷേപകരമാണ്. കേരളത്തിന്റെ വികസനത്തിലും, സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്നതിലും നിര്‍ണായ സ്ഥാനമുള്ള സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരും ആര്‍ ബി ഐയും പ്രവര്‍ത്തിക്കുന്നത്. ആര്‍ ബി ഐ ലൈസന്‍സ് ഇല്ലാത്ത സഹകരണസംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും, ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന തുകക്ക് ബാങ്കിംഗ് ഇന്‍ഷൂറന്‍സ് ലഭിക്കുകയില്ലെന്നുമുള്ള വ്യാജപ്രചാരണം സഹകരണമേഖലയെ തകര്‍ക്കാന്‍ വേണ്ടിയാണ്. സഹകരണമേഖലയിലെ നിക്ഷേപത്തിലാണ് വാണിജ്യബാങ്കുകള്‍ കണ്ണുവെക്കുന്നത്. ഈ മേഖലയെ തെറ്റദ്ധരിപ്പിച്ച് ആ തുക കൈക്കലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമാണ്. അതിനാല്‍ തന്നെ കേന്ദ്ര-ആര്‍ ബി ഐ നീക്കം ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണ്. 2017-ല്‍ ആര്‍ ബി ഐ ഇത്തരം നിര്‍ദേശം നല്‍കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് കേന്ദ്രസര്‍ ക്കാര്‍ പുതിയ നിയമം കൊണ്ടുവന്ന് സഹകരണമേഖല ഇല്ലാതാക്കുമ്പോള്‍ അ തിനെതിരെ പോരാടാതെ കേരളത്തിലെ രണ്ട് ലക്ഷത്തില്‍പരം ആസ്തി സഹകരണ ബാങ്കുകളില്‍ ഉള്ളതിനാല്‍ ആ പണം തട്ടിയെടുക്കാനാണ് കേരളാബാങ്ക് രൂപീകരിച്ചിരിക്കുന്നത്. എല്ലാ ജില്ലാ ബാങ്കുകളുടെ തലപ്പത്തും സി പി എം നേതാക്കളെ അവരോധിച്ചിരിക്കുകയാണ്. സഹകരണബാങ്കുകളില്‍ സി പി എം തുടരുന്ന കൊള്ള ആവര്‍ത്തിക്കാനാണ് ഇത്തരത്തില്‍ കേരളാ ബാങ്ക് രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ട് കര്‍ഷകര്‍, വ്യാപാരികള്‍, മറ്റ് സാധാരണക്കാര്‍ ഇവര്‍ക്കൊന്നും ഒരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ സ്വയംഭരണ സ്ഥാപനമാണ്. നിക്ഷേപം സ്വീകരിക്കുന്നതും, വായ്പ നല്‍കുന്നതും അംഗങ്ങള്‍ക്ക് മാത്രമാണ്. ഇതിന് ജനാധിപത്യപരമായ സ്വഭാവമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ സഹകരണമേഖലയെ ഒന്നായി തകര്‍ക്കാനുള്ള ശ്രമം നടക്കുമ്പോള്‍ കോണ്‍ഗ്രസിന് കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. ഇത്തരം അനീതിപരമായ നടപടികള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മംഗലശേരി മാധവന്‍മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി കെ ജയലക്ഷ്മി, അഡ്വ. എന്‍ കെ വര്‍ഗീസ്, സി പി വര്‍ഗീസ്, പി പി ആലി, കെ വി പോക്കര്‍ഹാജി, ഒ വി അപ്പച്ചന്‍, ഗോകുല്‍ദാസ് കോട്ടയില്‍, പി കെ കുഞ്ഞിമൊയ്തീന്‍, ബി സുരേഷ്ബാബു, ടി ജെ ലൂക്കോസ്, ഷിജു എന്‍ ഡി, ബിനുതോമസ്, ജോസഫ് പെരുവേലി, ശോഭനാകുമാരി, ആര്‍ രാജന്‍, ജോയി തൊട്ടിത്തറ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment