Connect with us
,KIJU

Kerala

മമ്മൂട്ടീടെം മോഹൻലാലിൻ്റെയും പ്രഭാഷണം കേട്ടാൽ വയറുനിറയുമോ – കെ.മുരളീധരൻ

Avatar

Published

on

തിരുവനന്തപുരം:കയ്യിൽ നാല് കാശില്ലാണ്ട് മമ്മൂട്ടീടെം മോഹൻലാലിൻ്റെയും പ്രഭാഷണം കേട്ടാൽ ജനങ്ങളുടെ വയറ് നിറയുമോ എന്ന് മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ എം പി .ജനങ്ങളിവിടെ പ്രയാസത്തിലും സാമ്പത്തികമായി ബുദ്ധിമുട്ടിലും പട്ടിണിയിലുമാണ്. ആ സമയത്താണ്,
സിനിമാ നടൻമാരെ വച്ച് കേരള പിറവി ആഘോഷിച്ച് ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി
സെൽഫിയെടുത്ത് ആനന്ദിക്കുന്നത്.
ഏഴാം ക്ലാസുകാരൻ്റെ ഫോൺ സന്ദേശം കേട്ട് പേടിച്ച മുഖ്യമന്ത്രിയാണ് ഇരട്ടച്ചങ്കൻ എന്ന് പറയുന്നത്. ഓരോ ദിവസവും കൂട്ടിക്കൊണ്ടിരിക്കയാണ് മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി. മുഖ്യമന്ത്രിയുടെ ‘യാത്രക്കുള്ള ലക്ഷ്വറി ബസിൻ്റെ പകുതി മുഖ്യമന്ത്രിക്കും ബാക്കി 20 മന്ത്രിമാർക്കും എന്നാണ് കേൾക്കുന്നത്. ജൻമി കുടിയാൻ ബന്ധം അവസാനിപ്പിച്ചു എന്ന് പറഞ്ഞ പാർട്ടിയല്ലേ മാർക്സിസ്റ്റ് പാർട്ടി.മുഖ്യമന്ത്രി എന്ന ജൻമി പകുതി കാബിൻ ഉപയോഗിക്കുമ്പോൾ അടിയാൻമാരായ മന്ത്രിമാർക്ക്ബാക്കി സ്ഥലംമേ ഉള്ളു.
ജനങ്ങൾ പറയുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കാശുണ്ടോ ?വികസനപ്രവർത്തനം നടത്താൻ കാശുണ്ടോ? കൊങ്കൺ റെയിൽവേയിൽ ഗോവ ഭാഗത്തുള്ള രണ്ട് ബദൽ തുരങ്കങ്ങൾ നിർമ്മിക്കുന്നതിനുള്ള കേരള വിഹിതം 1200 കോടി രൂപ കൊടുക്കാൻ കാശില്ല .എല്ലാം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു.

ചില പ്രത്യേക സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത് . 22 സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കി കേരളത്തിന് മാത്രമായി അതിൽ നിന്നും മാറി നിൽക്കാർ കഴിയില്ല എന്ന സ്ഥിതിയിലാണ് നടപ്പാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുകൊണ്ട് യാതൊരു മെച്ചവും സർക്കാരിനോ ജീവനക്കാർക്കോ ഇല്ല എന്ന് മനസിലാക്കിയപ്പോഴാണ് ആ തീരുമാനത്തിൽ നിന്നും പിൻമാറാൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് തിരുമാനിച്ചത്.
എന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് പറഞ്ഞവർക്ക് പിൻവലിക്കാൻ മടിയെന്തിന്?
ഭരണകക്ഷി യൂണിയനായ ജോയിൻ്റ് കൗൺസിൽ പുനപരിശോധനാ സമിതിയുടെ റിപ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പോയപ്പോൾ, ആ റിപോർട്ട് കൊടുക്കുന്നത് ഒഴിവാക്കുന്നതിനാണ് അതിൻമേൽ ഒരു കമ്മീഷനെ വച്ചത്.ജീവനക്കാരെയും ഘടകക്ഷികളെയും വിശ്വാസത്തിലെടുക്കുന്നില്ല.
സർക്കാരിൻ്റെ കയ്യിൽ കാശില്ല.റോഡ് പണിയാൻ കാശില്ല. നെല്ല് സംഭരിച്ച വകയിൽ കർഷകന് കൊടുക്കാൻ കാശില്ല. ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിനും പെൻഷൻകാർക്ക് പെൻഷനും കാശില്ല.ശിവൻകുട്ടിയുടെ പ്രമേഹത്തിന് ചികിത്സിച്ച ഒന്നര ലക്ഷം കൊടുക്കാൻ അദ്ദേഹത്തിന് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കേണ്ടി വന്നു എന്നിരിക്കെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പറയാൻ വേറെ വല്ലതും വേണോ?
അപ്പോഴാണ് 25 കോടി മുടക്കി ഒരു മാമാങ്കം ഇവിടെ നടത്തുന്നത്.

Advertisement
inner ad

അടുത്ത കാലത്തായി സി പി എമ്മിന് പാലസ്തീൻ പ്രേമം കൂടിയിരിക്കുകയാണ്. പാലസ്തീന് ഉപാധിരഹിത പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്.അതു കൊണ്ട് യുഡിഎഫിൽ തർക്കമുണ്ടാക്കാമെന്ന് കരുതി പാലസ്തീൻ റാലി നടത്തിയാൽ, അതുകൊണ്ടാെന്നും കേരളത്തിലെ സി പി എം രക്ഷപ്പെടാൻ പോകുന്നില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സി പി എം തല കുത്തി നിന്നാലും ഒരു സീറ്റു പോലും കിട്ടില്ല. – കെ മുരളീധരൻ കൂട്ടിച്ചേർത്തു

ശമ്പള കമ്മീഷനെ നിയമിക്കുക
ആറു ഗഡു ഡി എ യും
ലീവ് സറണ്ടറും അനുവദിക്കുക. മെഡിസെപ്പ് കുറ്റമറ്റതാക്കി നടപ്പിലാക്കുക,പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക,
സെക്രട്ടേറിയറ്റ് തസ്തികകൾ സംരക്ഷിക്കുക,
സെക്രട്ടേറിയറ്റിന് ദ്രോഹകരമായ ശുപാർശകൾ തള്ളിക്കളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച അനന്തപുരി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ബിനോദ് അധ്യക്ഷത വഹിച്ചു.കെ എഫ് എസ്എ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ കെ എൽ എസ് എ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, എൽ എസ് ഇ ഒ പ്രസിഡൻ്റ് ഷിബു ജോസഫ്,, ജനറൽ സെക്രട്ടറി വി എ ബിനു, കെ എം അനിൽകുമാർ, നൗഷാദ് ബദറുദ്ദീൻ, എ സുധീർ, ഗോവിന്ദ് ജി ആർ, റീജ എൻ, പ്രസീന എൻ, ജി രാമചന്ദ്രൻ നായർ, റെയ്സ്റ്റൺ പ്രകാശ്, സജീവ് പരിശവിള തുടങ്ങിയവർ സംസാരിച്ചു

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നവകേരള സദസ്: കണ്ണൂരിൽ കിട്ടിയത് 28,801 പരാതികൾ, തീർപ്പാക്കിയത് 133

Published

on

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് വെറും പാഴ്‌വേലയെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. സദസ് ന‌ത്തിയ രണ്ട് ജില്ലകളിലെ നടപടികൾ പൂർത്തിയാക്കാനുള്ള സമയ പരിധി പിന്നിട്ടപ്പോൾ എന്തെങ്കിലും നടപടികളുണ്ടായത് 302 പരാതികളിൽ മാത്രം. ആകെ കിട്ടിയതാവട്ടെ 43,769 പരാതികളും. കണ്ണൂർ ജില്ലയിലെ പരാതികളിൽ പരിഹാരം കാണേണ്ട സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചു. ആകെ 28,801 പരാതികൾ ലഭിച്ചെങ്കിലും പരിഹരിക്കാനായത് 137 പരാതികൾ മാത്രവും.
കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.
സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒട്ടാകെ 11 ലക്ഷം പേർക്കാണു നേരിട്ട് സഹായമെത്തിച്ചത്. പിണറായി വിജയന്റെ തട്ടിപ്പ് സദസിൽ പതിനായിരം പേർക്ക് സഹായം കിട്ടുമോ എന്നുറപ്പില്ല. അതും ഉദ്യോ​ഗസ്ഥർ കനിഞ്ഞാൽ മാത്രം.

Continue Reading

Kerala

മാറനല്ലൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം; പിന്നിൽ കണ്ടല ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കളിലേക്കുള്ള അന്വേഷണത്തിലുള്ള അമർഷം

Published

on

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തി അക്രമപരമ്പരയുമായി സിപിഎം. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിശക്തിൻ്റെ നേതൃത്വത്തിൽ വിഷ്ണു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ അർദ്ധരാത്രി 12മണിയോടെ അഭിശക്തിൻ്റെ KL 74 B 5350 എന്ന നമ്പരിലുള്ള ബൊലേറോ കാറിലെത്തി ഒരു വീടും നിരവധി വാഹനങ്ങളും അടിച്ചുതകർത്തത്. കണ്ടല ബാങ്ക് മുൻ ഭരണസമിതി അംഗവും മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ സുരേഷ് കുമാറിൻ്റെ ഡ്രൈവറാണ് സംഘത്തിലെ യാണ് വിഷ്ണു. ഈ സംഘം ആദ്യം മണ്ണടിക്കോണത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ശ്രീകുമാറിന്റെ മഞ്ഞ മൂലയിലുള്ള വീടിനു നേരെയാണ് അക്രമം അഴിച്ചുവിട്ടത്. ഇരച്ചുകയറിയ സംഘം വീടിൻ്റെ ജനാല ചില്ലുകൾ തകർത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്താണ് അക്രമണത്തിന് പിന്നിലെന്ന് ശ്രീകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . സംഭവത്തിൽ അഭിശക്തും, വിഷ്ണുവും, പ്രദീപും പോലീസ് പിടിയിലായി. വീട് അക്രമിച്ച സംഘം പാൽക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതിൽ അജീഷിൻ്റെ കാർ, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂർ രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള ടിപ്പറിൻ്റെ ഗ്ലാസ്, പാപ്പാകോട് അജയൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവൻ്റെ ഉടമസ്ഥതയിലുള്ള ടാറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിൻ്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് വാനുകൾ എന്നിവ തകർത്ത ശേഷം ചെന്നിയോട് വിളവെടുക്കാറായ അഞ്ചുസെൻ്റ് പുരയിടത്തിലെ മരച്ചീനിയും വെട്ടി നശിപ്പിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വണ്ടന്നൂർ, പാൽക്കുന്ന്, ലേലാരിയോട്, ചെന്നിയോട്, മദർ തെരേസ നഗർ തുടങ്ങി 4 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് വീടുകളിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകർത്തത്. സംഭവത്തിലും, ഇ ഡി അന്വേഷണം നേരിടുന്ന കണ്ടല ബാങ്ക്മുൻ പ്രസിഡന്റിൻ്റെ ബിനാമിയായ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷിന്റെ നിർദേശം അനുസരിച്ചായിരിക്കും ഇവർ അക്രമം നടത്തിയത്. നാലു വർഷത്തിനു മുമ്പ് ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്ശ്രീകുമാറിന്റെ വീട് അടിച്ചു തകർത്തത് ഇപ്പോൾ കസ്റ്റഡിയിലെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഈ അക്രമത്തിന് പിന്നൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾ സ്ഥിരം കുറ്റവാളികളായ സി.പി.എം പ്രവർത്തകരാണെന്നും ഇവരെ പ്രോത്സാഹിപ്പിയ്ക്കുന്ന പ്രാദേശിക നേതാക്കളെക്കൂടി പ്രതിയാക്കി കേസെടുക്കണമെന്നും കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഊരുട്ടമ്പലം വിജയനും പറഞ്ഞു.

Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured