പണം നൽകാതെ മൂക്ക്മുട്ടെ തിന്നും ; ഫുഡ് വ്ലോ​ഗർക്ക് വിലക്കേർപ്പെടുത്തി റസ്റ്റോറന്റ്

ചാങ്ഷ: ഫുഡ് വ്ലോഗറെ തങ്ങളുടെ ഭക്ഷണശാലയിൽ വിലക്കി ചൈനയിലെ പ്രമുഖമായ സീഫുഡ് റെസ്റ്റോറൻറ്. അമിതമായി ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താലാണ് വിലക്ക് എന്നാണ് ഭക്ഷണശാല അധികൃതർ ഇതിനെക്കുറിച്ച്‌ വിശദീകരിക്കുന്നത്.

ചൈനയിലെ ഹുനാൻ പ്രവിശ്യ തലസ്ഥാനമായ ചാങ്ഷയിലെ ഹൻദാദി സീഫുഡ് ബിബിക്യൂ ആണ് ഫുഡ് വ്ലോഗറും തദ്ദേശീയനുമായ കാങിക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഒരോ ഭക്ഷണശാലയിൽ എത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സ്ട്രീം ചെയ്യുക എന്നതാണ് കാങ്ങിൻറെ രീതി. ഇതിനാൽ തന്നെ ഇയാൾക്ക് വലിയ ഫോളോവേർസും ഉണ്ട്. അതേ സമയം തങ്ങളുടെ ഭക്ഷണ ശാലയിലേക്ക് വരേണ്ടതില്ലെന്നാണ് ഹൻദാദി സീഫുഡ് ബിബിക്യൂ കാങിനെ അറിയിച്ചിരിക്കുന്നത്. കടൽ വിഭവങ്ങൾക്ക് പേരുകേട്ട ഭക്ഷണശാലയാണ് ഇത്.

മുൻപ് ഇതേ ഭക്ഷണശാലയിൽ കാങ് ഭക്ഷണം കഴിക്കാൻ എത്തുകയും അതിൻറെ വീഡിയോ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. ഇത് വളരെ വൈറലാകുകയും ചെയ്തു. അന്ന് കാങ് കഴിച്ചതാണ് ഭക്ഷണശാല അധികൃതരുടെ കണ്ണ് തള്ളിച്ചത്. ഒറ്റയിരിപ്പിന് 1.5 കിലോ പോർക്ക് ഫ്രൈ ഇയാൾ അകത്താക്കി. അടുത്തതായി ഈ ഭക്ഷണശാലയിലെ പ്രധാന വിഭവമായ ചെമ്മീൻ ഫ്രൈ നാല് കിലോയും കഴിച്ചു. പിന്നീടും കാങ് ഇതേ ഭക്ഷണശാലയിൽ എത്തി കിലോക്കണക്കിന് ആഹാരം കഴിച്ചെന്നാണ് ഭക്ഷണശാല അധികൃതർ പറയുന്നത്. ഭക്ഷണശാലയുടെ പ്രമോഷൻ എന്ന നിലയിൽ ഭക്ഷണം സൗജന്യമായിരുന്നു എന്നാണ് ഹുനാൻ ടിവിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഇത് ആവർത്തിച്ചപ്പോൾ പിന്നെ ഭക്ഷണശാല അധികൃതർക്ക് മറ്റുമാർഗ്ഗം ഉണ്ടായിരുന്നില്ല. കാങിന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ തനിക്ക് വിലക്ക് കിട്ടിയതിൽ കാങ് നടത്തിയ പ്രതികരണവും രസകരമാണ്. ‘ഞാൻ കൂടുതൽ ഭക്ഷണം കഴിക്കും, അത് ഒരു തെറ്റാണോ?, ഒരു തുള്ളി വെള്ളവും പാഴാക്കാതെ കഴിക്കണം എന്നതാണ് എൻറെ നയം. അത് നടപ്പിലാക്കുന്നത് തെറ്റാണോ എന്നാണ് സംഭവം റിപ്പോർട്ട് ചെയ്ത ഹുനാൻ ടിവിയോട് കാങ് പറയുന്നത്.

Related posts

Leave a Comment