ലോകായുക്ത നിലനിർത്താൻ കോടതിയെ സമീപിക്കും: ചെന്നിത്തല, വാളെടുത്തത് സർക്കാർ വീഴുമെന്ന് ഉറപ്പായപ്പോൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനുമെതിരേ താൻ ഉന്നയിച്ച ആരോപണങ്ങൾ ലോകാ‌യുക്ത ശരി വയ്ക്കുമെന്നും സർക്കാർ നിലംപൊത്തുമെന്നും മനസിലായപ്പോഴാണ് ലോകായുക്തയുടെ ചിറകരിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നു കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഞ്ച് പ്രധാന അഴിമതിക്കേസുകളാണ് ഈ സർക്കാരിനെതിരേ ലോകായുക്ത പരി​ഗണിക്കുന്നത്. അതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ട്. അത് അം​ഗീകരിച്ച് ലോകായുക്തയുടെ വിധി വന്നാൽ ഒന്നാം പിണറായി വിജയൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനു സംഭവിച്ചതു തന്നെ ഇപ്പോഴത്തെ മന്ത്രി ബിന്ദുവിനും സംഭവിക്കും. അവസാന നിമിഷം വരെ കടിച്ചു തൂങ്ങിയ ജലീലിനു രാജിവയ്ക്കേണ്ടി വന്നു. അധികാര ദുർവിനിയോ​ഗവും സ്വജനപക്ഷപാതവും തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും രാജി വയ്ക്കേണ്ടി വരും. അതൊഴിവാക്കാൻ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണം. അതാണു സർക്കാർ നടപ്പാക്കുന്നത്. ഈ തിരിച്ചറിവ് മനസിലാക്കിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നലത്തെ പ്രസ്താവനയെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് നാളെ ​ഗവർണറെ കണ്ട് യുഡിഎഫ് ആവശ്യപ്പെടും.
പൊതു പ്രവർത്തകരുടെ അഴിമതിക്കെതിരേ പ്രവർത്തിക്കുന്ന ലോകായുക്തയെ തകർക്കാൻ നടത്തുന്ന നിക്കങ്ങൾക്കെതിരേ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോടു ചൂണ്ടിക്കാട്ടി.
അതിനിടെ, ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചതെന്ന വിവരങ്ങളും പുറത്തു വന്നു. നിർണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെ.ടി ജലീലിൻറെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു.
ലോകായുക്ത നിയമമത്തിലെ സെക്ഷൻ 14 പ്രകാരം രണ്ട് മന്ത്രിമാർക്കാണ് രാജിവെക്കേണ്ടിവന്നത്. കെകെ രാമചന്ദ്രനും പിന്നെ കെടി ജലീലിനും. പൊതുപ്രവർത്തകരുടെ അഴിമതിക്കേസ് തെളിഞ്ഞാൽ പദവിയിൽ നിന്നും മാറ്റണണെന്ന സെക്ഷൻ 14 പൊതുപ്രവർത്തകരുടെ പേടി സ്വപ്നമാണ്. അപ്പീൽ സാധ്യത പോലും വിരളമായ വകുപ്പ് ഭേദഗതിക്കുള്ള നീക്കം സർക്കാർ തുടങ്ങിയത് തന്നെ ജലീലിന്റെ രാജിക്ക് പിന്നാലെ. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരെ ലോകായുക്തയിലുള്ള പരാതികളും ഈ വകുപ്പുകൾ പ്രകാരമായത് കൊണ്ട് തന്നെ നിയമഭേദഗതി നീക്കം അതിവേഗത്തിലായിരുന്നു.

മന്ത്രിസഭാ യോഗത്തിൻറെ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ഓൺലൻ വഴിയാണ് യോഗമെന്നതിനാൽ കാര്യമായ ചർച്ചയുണ്ടായില്ലെന്നാണ് വിവരം. നിർണായക ഭേദഗതി ഇടതുമുന്നണിയിലും ചർച്ച ചെയ്തില്ല. അപ്പീൽ സാധ്യത ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ മുഖ്യമന്ത്രി എങ്ങനെ അപ്പലേറ്റ് അതോറിറ്റിയാകുമെന്നതാണ് ഭേദഗതിയെ വിമർശിക്കുന്നവരുടെ ചോദ്യം. ജുഡീഷ്യൽ നടപടികളിലൂടെ വരുന്ന ഉത്തരവ് മുഖ്യമന്ത്രിക്ക് തള്ളിക്കളയാൻ അധികാരം കിട്ടുമ്പോൾ ഫലത്തിൽ ലോകായുക്തയുടെ അന്തസത്ത തന്നെ ഇല്ലാതാകുന്നു.

നിലവിലെ ലോകായുക്ത സെക്ഷൻ 12-3 പ്രകാരം ഉള്ള നിർദേശം സർക്കാറിന് പരിശോധിക്കാമെന്ന വ്യവസ്ഥയുണ്ട്. പക്ഷെ ഇത് പ്രകാരമുള്ള പരാതികളിൽ നടപടി എടുക്കാതെ സർക്കാർ വൈകിപ്പിച്ചതാണ് ചരിത്രം. കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ഗ്രേഡ് വിവാദകേസ് തന്നെ ഇതിൻറെ ഉദാഹരണമാണ്. സെക്ഷൻ 14 ലും വെള്ളം ചേർക്കുന്നതോടെ സർക്കാരുകൾക്ക് പിന്നെ പേടിക്കേണ്ടേ. ഓ‌ർഡിനൻസിന്റെ ആവശ്യകത നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ഗവർണറെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു.

Related posts

Leave a Comment