വന്യമൃഗശല്യം: സര്‍ക്കാരിന്റെ അലംഭാവം ദുരിതം പേറുന്ന ജനങ്ങളോടുള്ള വെല്ലുവിളി: പി വി മോഹന്‍


മാനന്തവാടി: വന്യമൃഗ ആക്രമണവും കൃഷിനശിപ്പിക്കലും നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പോ സര്‍ക്കാരോ കാര്യക്ഷമമായി ഇടപെടാതിരിക്കുന്ന സാഹചര്യത്തില്‍ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാട്ടിക്കുളത്ത് റോഡ് ഉപരോധസമരം നടത്തി. എ ഐ സി സി സെക്രട്ടറി പി വി മോഹന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനപ്രകാരം നടത്തുന്ന സമരത്തിന്റെ ആദ്യഘട്ടമായാണ് വഴി തടയല്‍ സമരം നടത്തിയത്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമരം ശക്തമാക്കുമെന്ന് പി വി മോഹന്‍ പറഞ്ഞു. വന്യമൃഗശല്യം രൂക്ഷമായിട്ടും, കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് ദുരിതം പേറുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മോഹനന്‍ പറഞ്ഞു. വന്യമൃഗങ്ങള്‍ നശിപ്പിച്ച കൃഷിയിടങ്ങള്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കുക, മരണപ്പെടുന്നവരുടെ ആശ്രിതരുടെ എണ്ണം പ്രായം എന്നിവയൊന്നും പരിശോധിക്കാതെ നല്‍കി വരുന്ന നഷ്ടപരിഹാരവും കാലോചിതമായി പരിഷ്‌കരിക്കുക, പ്രതിരോധനടപടികള്‍ ശക്തിപ്പെടുത്തുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ഉപരോധസമരം നടത്തിയത്. കെ പി സി സി ജനറല്‍ സെക്രട്ടറി പി കെ ജയലക്ഷ്മി, കെ പി സി സി സെക്രട്ടറിമാരായ അഡ്വ. എന്‍ കെ വര്‍ഗീസ്, കെ കെ അബ്രഹാം. അഡ്വ.എം വേണുഗോപാല്‍, പി വി ജോര്‍ജ്ജ്, സില്‍വി തോമസ്, എം ജി ബിജു, ശ്രീകാന്ത് പട്ടയന്‍, എ എം നിശാന്ത്, ബ്ലോക്ക് പ്രസിഡന്റ് വി വി നാരായണവാര്യര്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശശീന്ദ്രന്‍, മണ്ഡലം പ്രസിഡന്റുമാരായ സതീശന്‍ പുളിമൂട്, ജേക്കബ് സെബാസ്റ്റ്യന്‍, കെ ജി രാമകൃഷ്ണന്‍, സണ്ണി ചാലില്‍, ഡെന്നിസണ്‍ കണിയാരം, ജോസ് പാറയ്ക്കല്‍, ജോസ് കൈനിക്കുന്നേല്‍, ജോഷിത് കാട്ടിക്കുളം, എം ജി ബിജു, റഷീദ് തൃശിലേരി, സുശോഭ് ചെറുകുമ്പം, സി കെ രത്‌നവല്ലി, മാര്‍ഗരറ്റ് തോമസ്, പി എം ബെന്നി, ഷിബു കാടന്‍കൊല്ലി ശശികുമാര്‍ തോല്‍പ്പെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment