സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ; എ.കെ ശശീന്ദ്രൻ കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉൾപ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തും. 21ന് വൈകിട്ട് നാലിന് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിനായി 2011 മുതൽ സംസ്ഥാനത്ത് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഈ സർക്കാർ ചുമതലയേറ്റ ശേഷം ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കുന്നതിനായി തോക്ക് ലൈസൻസുള്ള വ്യക്തികൾക്ക് അനുവാദം നൽകുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് നിരവധി കത്തുകൾ അയച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര വനം മന്ത്രിയെ നേരിട്ട് കാണുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment