ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വന്ന വീട്ടമ്മയെ കാട്ടാന ചവുട്ടിക്കൊന്നു

ഇടുക്കി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരികയായിരുന്ന വീട്ടമ്മയെ കാട്ടാന ചവുട്ടിക്കൊന്നു ആനയിറങ്കലിനു സമീപം ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കാട്ടാനയുടെ ചവിട്ടേറ്റ് വിജിയമ്മയാണു മാരിച്ചത്. മൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യയാണു വിജി. ഭർത്താവുമൊത്ത് ബൈക്കിൽ വരവേ ആനയിറങ്കലിനു സമീപം എസ് വളവിലാണ് ആനയുടെ ആക്രമണമുണ്ടായത്. വഴിയില്‍ ആനയുണ്ടെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കുമാര്‍ ബൈക്ക് യാത്ര തുടരുകയായിരുന്നു. എസ് വളവ് തിരിയുമ്പോള്‍ ആനയുടെ മുന്നില്‍പ്പെട്ടു. ബൈക്ക് തിരിച്ചു രക്ഷപ്പെടാനുള്ള തിടുക്കത്തില്‍ വിജി താഴെ വീണു. ബൈക്കും മറിഞ്ഞു. കുമാര്‍ കാട്ടിനുള്ളിലേക്ക് ഓടി മാറിയെങ്കിലും വിജിക്ക് റോഡില്‍ നിന്ന് എഴുന്നേല്‍ക്കാനായില്ല. തലയ്ക്ക് ചവിട്ടേറ്റ് അവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കുമാര്‍ ഉറക്കെ നിലവിളിച്ചതോടെ ആന കാട്ടിലേക്കു മടങ്ങി. ഈ വഴിയെത്തിയ മറ്റു യാത്രക്കാരുടെ സഹായത്തോടെ വിജിയുടെ ശരീരം ആശുപത്രിയിലേക്കു മറ്റി. ഈ ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാനയുടെ ഭീഷണിയുണ്ടെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.

Related posts

Leave a Comment