കുടുംബ വഴക്ക്: ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം:  കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം അമ്പൂരി കുട്ടമല സ്വദേശിനി സുമലതയാണ് ഭര്‍ത്താവ് സെല്‍വമുത്തുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം. സെല്‍വമുത്തുവിന്റെ കഴുത്തിലും തലയിലും വെട്ടേറ്റ നിലയിലായിരുന്നു. ഭര്‍ത്താവ് കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നുവെന്ന് സുമലതയാണ് അയല്‍വാസികളെ വിളിച്ചറിയിച്ചത്. അയല്‍ക്കാരെത്തി പരിശോധിച്ചപ്പോൾ കൊലപാതകമാണെന്ന് വ്യക്തമായി. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി സുമലതയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും ദിവസം മുന്‍പും വീട്ടില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, സുമലത മാനസിക പ്രശ്നത്തിനു ചികിത്സ തേടിയിരുന്നെന്നാണ് വിവരം. മാനസിക വിഭ്രാന്തിയാണോ കൊലപാതകത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment