Editorial
അടിയന്തരാവസ്ഥ അനിവാര്യമാക്കിയതാര്?; വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദം അനുസരിച്ച് 1975 ജൂണ്‍ 25ന് കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും 2014 ല്‍ നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയും താരതമ്യപ്പെടുത്തേണ്ട പ്രകടനങ്ങളാണ് പതിനെട്ടാം ലോക്‌സഭയുടെ ആദ്യദിനത്തില്‍ തന്നെ ബിജെപി ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷവുമായ് കൈയെത്തും അകലമുള്ള ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബിജെപി പ്രതിപക്ഷത്തെ ഒട്ടും വിശ്വാസത്തിലെടുക്കുന്നില്ല എന്നുള്ളതിന്റെ വിളംബരമാണ് ലോക്‌സഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍.
സഭയിലെ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും പ്രതിപക്ഷത്തിലുള്ള വിശ്വാസവും ബഹുമാനവും നിലനിര്‍ത്തുന്നതിനുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാനുള്ള കീഴ്‌വഴക്കം ആരംഭിച്ചത്. എന്നാല്‍ ആ കീഴ്‌വഴക്കങ്ങളും പ്രതിപക്ഷ ബഹുമാനവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായില്ല. രണ്ടുദിവസത്തെ പ്രോടേം സ്പീക്കറുടെ അര്‍ഹതപ്പെട്ട പദവിപോലും പ്രതിപക്ഷത്തിന് നല്‍കാത്ത നരേന്ദ്രമോദിയുടെ അധമ സാന്നിധ്യംകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കപ്പെട്ടിരിക്കയാണ്.
രാജ്യത്തിനകത്തും പുറത്തും ആഭ്യന്തര ശക്തികളും വൈദേശിക ശക്തികളും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശിഥിലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കളെ വധിക്കാനും കലാപം സൃഷ്ടിക്കാനും ഛിദ്രശക്തികള്‍ ശ്രമിച്ചു. വിദ്യാര്‍ഥികളെയും യുവാക്കളെയും നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരരംഗത്തിറക്കി. ഗുജറാത്തിലെ ചിമന്‍ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരാഹാര സത്യഗ്രഹം നടത്തി മൊറാര്‍ജി ദേശായ് പറത്താക്കിച്ചു. ബിഹാറില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ് സമ്പൂര്‍ണ വിപ്ലവമെന്ന പേരില്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണ്‍ന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പലയിടങ്ങളിലും അക്രമാസക്തമായി. ഇന്ത്യയിലെ ജനജീവിതവും ചരക്ക് കൈമാറ്റവും സ്തംഭിപ്പിച്ചുകൊണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയില്‍വെ തൊഴിലാളികള്‍ ആരംഭിച്ച സമരവും ശക്തമായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വലതുപക്ഷ കുലാക്കുകളും ഇടതുപക്ഷ സാഹസികരും ഇന്ത്യയിലെ ശാന്തജീവിതം തകര്‍ക്കാന്‍ ശ്രമിച്ചു. നക്‌സലൈറ്റുകളും ആര്‍എസ്എസും ആനന്ദമാര്‍ഗികളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ തീവ്രവാദ സംഘടനകളും ഇന്ത്യയെ ശിഥിലീകരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. ബിഹാറിലെ സമസ്തിപുരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലളിത് നാരായണ്‍ മിശ്ര കൊല്ലപ്പെട്ടു. നാടെങ്ങും ഭീതിയും അസ്വസ്ഥതയും വളര്‍ന്നു. കരിഞ്ചന്തയും കള്ളക്കടത്തും പൂഴ്ത്തിവെയ്പും വ്യാപകമായി. പട്ടാളത്തോടും അതിര്‍ത്തി സേനയോടും പൊലീസിനോടും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായണ്‍ ആവശ്യപ്പെട്ടു. പട്ടാളത്തോട് ആയുധങ്ങളുമായ് ബാരക്കുകളില്‍ നിന്ന് പുറത്തുവരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്ഥാനെപ്പോലെ ജനങ്ങളെ വെടിവെച്ചും മര്‍ദ്ദിച്ചും കൊല്ലാന്‍ ഇന്ത്യക്ക് സാധ്യമല്ലായിരുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാല്‍പത് ദിവസം തികയുന്ന നാളിലായിരുന്നു ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും പ്രസിഡന്റും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായ ഷേക് മുജീബുര്‍ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ നടപടിയെ സാധൂകരിക്കുന്നതായിരുന്നു ഈ ദാരുണ സംഭവം.
അടിയന്തരാവസ്ഥയല്ല, അതിന്റെ പേരില്‍ നടന്ന നീചസംഭവങ്ങളായിരുന്നു രാജ്യത്ത് അച്ചടക്കവും ശാന്തിയും കൊണ്ടുവരാനുള്ള ശ്രമത്തെ കാളരാത്രികളായി ചിത്രീകരിക്കപ്പെട്ടത്. 1977 ല്‍ അടിയന്തരാവസ്ഥ നിലനില്‍ക്കെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തോറ്റു. പിന്നീട് വന്ന ജനത പാര്‍ട്ടി സര്‍ക്കാര്‍ ഇന്ദിരാഗാന്ധിയെ ക്രൂരമായ് വേട്ടയാടി. അന്യായമായ രീതിയില്‍ അവരുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി. ഇന്ദിരയെ തകര്‍ക്കാന്‍ ശ്രമിച്ച ജനതാ ഭരണകൂടം മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വയം തകര്‍ന്നുവീണു. 1980 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചുവന്നു.
അടിയന്തരാവസ്ഥയുടെ അസ്ഥികൂടം പൊക്കിക്കാണിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ വിജയിക്കില്ല. കോണ്‍ഗ്രസ് പശ്ചാത്തപിച്ചതും ജനങ്ങള്‍ ക്ഷമിച്ചതുമായ ഈ സംഭവത്തിന്റെ കുഴിതോണ്ടി പുറത്തിട്ടിട്ടും ഇന്ത്യയില്‍ പലതവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വേട്ടയാടുന്ന മോദിയാണ് ഏറ്റവും ക്രൂരനായ ഏകാധിപതി. അടിയന്തരാവസ്ഥയുടെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇന്ദിരയുടെ ഖേദപ്രകടനം ഇന്ത്യന്‍ ജനത സ്വീകരിച്ചു എന്നതിന്റെ പ്രകടിത രൂപമായിരുന്നു 1980 ലെ അവരുടെ തിരിച്ചുവരവ്. അടിയന്തരാവസ്ഥ അനിവാര്യമാക്കിയവര്‍ അതിന്റെ വിമര്‍ശകരായ് മാറുന്നത് വിരോധാഭാസമാണ്.
Editorial
ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നത്, അവരെ വളർത്തിയെടുക്കുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതെന്ന് ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണമെന്നും,ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Editorial
സ്പീക്കര്‍മാര്‍
കോടാലിക്കൈകളാകുമ്പോള്‍; വീക്ഷണം എഡിറ്റോറിയൽ വായിക്കാം
സ്പീക്കര്‍മാര്‍ നിയമ നിര്‍മാണ സഭകളില്‍ കോടാലിക്കൈകളായി മാറുന്നത് സുഗമമായ സഭാ നടത്തിപ്പിനും ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഹാനികരമാണ്. ഭരണപക്ഷത്തിന്റെ കാര്യസ്ഥനും സഭയുടെ നടത്തിപ്പുകാരനും മാത്രമല്ല സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ രക്ഷകനുമാണ്. ശബ്ദമില്ലാതെ പോവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ശബ്ദവും പരിഗണനയും സാധ്യമാവുന്നത് സ്പീക്കറുടെ ഇടപെടലുകളിലൂടെയാണ്. എന്നാല്‍ ഇന്നലെ ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത് അസാധാരണ നടപടികളായിരുന്നു.
പ്രതിപക്ഷ അവകാശങ്ങളെ കവരാനുള്ള ശ്രമങ്ങളാണ് കേരള നിയമസഭയില്‍ നടന്നതെങ്കില്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ലോക്‌സഭയില്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടികളേറ്റ ബിജെപിയും സിപിഎമ്മും ആണ് സഭയുടെ അന്തസ്സും നിഷ്പക്ഷതയും ഇല്ലാതാക്കാന്‍ സ്പീക്കറെ ഹാസ്യനാടകങ്ങളിലെ കോമാളികളാക്കി മാറ്റുന്നത്.
അജണ്ടയില്‍ ഇല്ലാത്ത പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ച സ്പീക്കര്‍ ഓം ബിര്‍ള അസാധാരണമായ കീഴ്‌വഴക്കം സൃഷ്ടിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടായിരുന്നു പ്രമേയം. സഭയില്‍ നിഷ്പക്ഷതയും സത്യസന്ധതയും പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഏതാനും മിനുട്ടുകള്‍ക്കുള്ളിലായിരുന്നു സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചുമടെടുപ്പുകാരനായി മാറിയത്. അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും അപലപിക്കുന്ന പ്രമേയമായിരുന്നു ബിര്‍ളയുടേത്. നൂറുശതമാനം രാഷ്ട്രീയമായിരുന്ന ഈ പ്രമേയം സഭാചട്ടങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. അടിയന്തരാവസ്ഥ ഇരുണ്ടകാലമായിരുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ട് അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ള ഓം ബിര്‍ളയുടെ മൗന പ്രാര്‍ത്ഥന കാപട്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായിട്ടും തലനാരിഴക്ക് രക്ഷപ്പെട്ട മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മോദിയുടെ ദുശ്ശാഠ്യങ്ങളും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റിനെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായകരമായിരിക്കില്ലെന്നാണ് ഇത്തരം നടപടികള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം കേരള നിയമസഭയിലും ഇത്തരമൊരു അസാധാരണ സംഭവമുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്പീക്കറുടെ നടപടി അസാധാരണവും പക്ഷപാതപരവുമായിരുന്നു. മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നതിന് പകരം സ്പീക്കര്‍ വിശദീകരണം നല്‍കിയത് അനുചിതവും ചട്ടവിരുദ്ധവുമായിരുന്നു. ഈ നടപടിയുടെ നിയമവിരുദ്ധത ബോധ്യമായിട്ടും സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒന്നുകില്‍ അറിവില്ലായ്മ, അല്ലെങ്കില്‍ അഹങ്കാരം. ഇതാണ് സ്പീക്കറെയും സര്‍ക്കാരിനെയും നയിക്കുന്നത്. ഒരു എം.എല്‍.എയുടെ സാധാരണ അടിയന്തര പ്രമേയമല്ലായിരുന്നത്. ഭര്‍ത്താവിനെ അതിക്രൂരമായ് കൊലചെയ്ത കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജയില്‍ മോചിതരാക്കാനുള്ള ക്രൂര നടപടിക്കെതിരെയുള്ള രോഷവും വേദനുമായിരുന്നു ആ അടിയന്തര പ്രമേയത്തിന്റെ ഉള്ളടക്കം. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കണ്ണില്‍ നിന്നും ജ്വലിക്കുന്ന അഗ്നിസ്ഫുലിംഗങ്ങളെ നേരിടാനുള്ള ത്രാണിയില്ലായ്മ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കാനാകാതെ സ്പീക്കറുടെ മടിയിലേക്കിട്ട് ഒഴിഞ്ഞുമാറുകയായിരുന്നു.
നോട്ടീസിന് അനുമതി നല്‍കിയാല്‍, തന്നെയും പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളും വാക്കുകളും കെ.കെ രമയില്‍ നിന്ന് കൂരമ്പുകളായ് വന്ന് തറയ്ക്കുമെന്നും അത് കനത്ത പ്രഹരമായിരിക്കുമെന്നുമുള്ള ഭീതിയാണ് സ്പീക്കറെ പകരക്കാരനാക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സാധാരണ നിലയില്‍ നോട്ടീസ് അനുവദിക്കുകയും ബന്ധപ്പെട്ട മന്ത്രിമാരില്‍ നിന്ന് വിശദീകരണം ലഭിച്ചാല്‍ പ്രമേയ അനുമതി നിഷേധിക്കുകയുമാണ് പതിവ്. എന്നാല്‍ ഇവിടെ ഉണ്ടായത് നോട്ടീസ് അനുവദിക്കാത്തതിന്റെ വിശദീകരണം നല്‍കിയത് സ്പീക്കറായിരുന്നു, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്നില്ല. ഈ അന്യായ നടപടി ഉണ്ടായിട്ടും സ്പീക്കര്‍ അതിനെ ന്യായീകരിച്ചത് കേവലം സിപിഎം വക്താവിനെപ്പോലെയാണ്.
നിയമ നിര്‍മാണ സഭകളിലെ സ്പീക്കര്‍മാരെ നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഭരണകക്ഷിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത്.
Editorial
രാഹുല്‍: ഗംഗയ്ക്ക് ചാല്‍ കീറിയ ഭഗീരഥന്‍; മുഖപ്രസംഗം വായിക്കാം
ഫാസിസത്തിന്റെ കൊമ്പ് കുലുക്കി ചിഹ്നം വിളിച്ചുള്ള വരവിനെ മയക്കുവെടികൊണ്ട് വീഴ്ത്താന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചത് ഭിന്നതകളില്ലാത്ത ഐക്യം കൊണ്ടായിരുന്നു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നിരവധി നേതാക്കള്‍ തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ അത് വലിയൊരു പ്രതിരോധ കോട്ടയായി മാറുകയായിരുന്നു. നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന നരേന്ദ്രമോദിയുടെ അഹങ്കാരത്തോടെയുള്ള വിളംബരം അതിമോഹവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രഖ്യാപനമായിരുന്നു. വിമോചന പോരാട്ടങ്ങള്‍ക്ക് പടത്തലവന്‍ നേതൃത്വം നല്‍കുന്നതുപോലെയാണ് രാഹുല്‍ഗാന്ധി ചുവന്ന പുറംചട്ടയുള്ള ഇന്ത്യന്‍ ഭരണഘടനയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.
രാഹുല്‍ രക്ഷിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പരിപാവനമായ ഭരണഘടനയെയുമായിരുന്നു. എണ്ണമറ്റ സ്വാതന്ത്ര്യപോരാട്ടത്തില്‍ ജീവനും ജീവിതവും സമര്‍പ്പിച്ച് നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം തകര്‍ക്കപ്പെടുമോയെന്ന് സന്ദേഹിച്ച വേളയിലാണ് പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. തങ്ങള്‍ നാനൂറ് സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയെ ശിരച്ഛേദം ചെയ്യാനുള്ള കൊലവാള്‍ ആവശ്യപ്പെടുന്നതിന് തുല്യമായിരുന്നു. രാജ്യത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തില്‍ മുറുകെപ്പിടിച്ച വീര്യവും യുദ്ധതന്ത്രങ്ങളും രാഹുല്‍ നേടിയത് ഏതെങ്കിലും സൈനിക പാഠശാലകളില്‍ നിന്നോ പുസ്തകത്താളുകളില്‍ നിന്നോ ആയിരുന്നില്ല.
ഇന്ത്യയുടെ ഹൃദയത്തില്‍ കൈവെച്ചും ദരിദ്രരും ദീനരും ദുഃഖിതരുമായ ശതകോടി ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടും രാഹുല്‍ ഇന്ത്യയുടെ സങ്കടം കാണാന്‍ നാടുനീളെ സഞ്ചരിച്ചു. അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തിന്റെ ദുഃഖം കാണാന്‍ രാജധാനി വിട്ടിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരന്റെ പരിത്യാഗത്തിന് സമാനമായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്രകള്‍.
ഒന്നാംഘട്ടം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും രണ്ടാംഘട്ടം മണിപ്പൂര്‍ മുതല്‍ മുംബൈ വരെയും യാത്ര ചെയ്തു. ഇതൊരു ഉല്ലാസയാത്രയായിരുന്നില്ല. മരംകോച്ചുന്ന കൊടുംതണുപ്പും കത്തിയാളുന്ന വെയിലും തിമിര്‍ത്ത് പെയ്യുന്ന മഴയും കൂസാതെയുള്ള യാത്രയില്‍ രാഹുല്‍ കണ്ടത് യഥാര്‍ഥ ഇന്ത്യയെ ആയിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചേരികളിലെയും പട്ടിണിയും ദാരിദ്ര്യവും കണ്ണീരും സങ്കടങ്ങളും മുഖാമുഖം കണ്ടു. പതിതരുടെയും അധഃസ്ഥിതരുടെയും ദുഃഖത്തിനറുതി വരുത്തുന്ന ഒരു രാഷ്ട്രീയത്തിന് മാത്രമേ ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളൂവെന്ന് രാഹുല്‍ മനസ്സില്‍ കുറിച്ചിട്ടു. ഇതോടൊപ്പം നാടുനീളെ ബിജെപി വിതച്ച വര്‍ഗീയ വിഷവിത്തുകളെ പൂര്‍ണമായും പിഴുതെറിഞ്ഞ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണിയെന്ന രാഷ്ട്രീയ സഖ്യം അങ്ങിനെ രൂപം കൊണ്ടതാണ്.
സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള വിളംബരം മുഴക്കിക്കൊണ്ട് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ തെക്ക് നിന്ന് വടക്കോട്ടും പടിഞ്ഞാറുനിന്ന് കിഴക്കോട്ടും രാഹുല്‍ സഞ്ചരിച്ചു. ആരും ക്ഷണിക്കാതെയും യാത്രാസൗകര്യങ്ങളില്ലാതെയും രാഹുലിനെ കാണാനും കേള്‍ക്കാനും ആളുകള്‍ തടിച്ചുകൂടി. സ്വന്തം മുത്തശ്ശിയുടെയും പിതാവിന്റെയും ജീവനുകള്‍ രാജ്യത്തിനുവേണ്ടി ബലിനല്‍കിയ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ രാഹുലിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തുപകര്‍ന്നതേയുള്ളൂ. സംഘര്‍ഷഭൂമികളില്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് മുന്നേറിയ രാഹുലിന്റെ നിശ്ചയദാര്‍ഢ്യം ഫാസിസത്തിനെതിരായ പോരാട്ടത്തിന് ‘ഇന്ത്യ’ക്ക് ഊര്‍ജമായി.
ആരോഗ്യപരമായ അവശതകളുണ്ടായിട്ടും സോണിയാ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യാനും രാഹുല്‍ ഗാന്ധിയെ നിയമക്കുരുക്കുകളില്‍ പെടുത്താനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നിര്‍ഭയനായി രാഹുല്‍ഗാന്ധി ഈ പോരാട്ടം നയിച്ചു.
പ്രഹരശേഷിയുള്ള വാക്കുകള്‍ കൊണ്ട് രാഹുല്‍ മോദിയെയും ബിജെപിയെയും ആക്രമിച്ചു. രാഹുലിന്റെ കൂരമ്പുകളേറ്റ് നിലംപൊത്തുന്ന മോദിപ്പടയെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നാം കണ്ടത്. നാനൂറ് പ്ലസ് ലക്ഷ്യംവെച്ച എന്‍ഡിഎയ്ക്ക് 292 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാഹുലാണ് ഇന്ത്യ മുന്നണിയുടെ ഊര്‍ജടാങ്ക് എന്ന് മനസ്സിലാക്കിയ ബിജെപി രാഹുലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചതിപ്രയോഗങ്ങളും ശരപ്രയോഗങ്ങളും മറികടന്ന് രാഹുല്‍ ഇന്ത്യ മുന്നണിയെ കരുത്തുറ്റ ശക്തിയാക്കി മാറ്റി.
മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ദുര്‍ബ്ബലപ്പെടുത്താന്‍ രാജ്യത്ത് ഒരു ശക്തിയേയും അനുവദിക്കില്ലെന്ന ജനങ്ങളുടെ ഉജ്വലമായ പ്രഖ്യാപനമാണ് ഈ വിധിയെഴുത്തിലൂടെ പ്രഘോഷിക്കപ്പെടുന്നത്.
ഗംഗയെ വഴിച്ചാലുകള്‍ കീറി ആകാശത്തുനിന്നും ഭൂമിയിലെത്തിച്ച ഭഗീരഥന്റെ പ്രയത്‌നത്തിന് തുല്യമായിരുന്നു രാഹുലിന്റെ അധ്വാനവും ലക്ഷ്യവും.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
-
Education3 months ago
വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ
You must be logged in to post a comment Login