ഡാങ്കെയ്ക്കെതിരേ കാനം വാളെടുക്കുമ്പോള്‍

മൂന്നാം കണ്ണ്

സി.പി. രാജശേഖരന്‍

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിലയിടത്തെങ്കിലും ഇടതുമുന്നണിക്കുണ്ടായ അപചയവും അതില്‍ സിപിഐക്കുള്ള ആത്മരോദനവുമാണ് ഈ ദിവസങ്ങളില്‍ പുറത്തുവരുന്ന സിപിഐയുടെ പാര്‍ട്ടി വിശദീകരണ റിപ്പോര്‍ട്ടില്‍ കാണുന്നത്. ‘അന്തം വിട്ടാല്‍ പ്രതി എന്തും ചെയ്യും’ എന്ന കാട്ടുനീതി മാതൃകയില്‍, സ്വന്തം പാര്‍ട്ടിയുടെ താത്വികാചാര്യന്‍ എസ്.എ. ഡാങ്കെയെപ്പോലും തള്ളിപ്പറയാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയാറായി എന്നതാണ് ഈ റിപ്പോര്‍ട്ടിലെ വാര്‍ത്താ കൗതുകം. ആരാണ് എസ്.എ ഡാങ്കെ എന്നോ എന്തിനായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പാര്‍ട്ടി പിളര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന പുതിയ പാര്‍ട്ടി ഉണ്ടായതെന്നോ കാനത്തിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. പക്ഷേ, അഭിനവ രാഷ്‌ട്രീയ അസ്തിത്വത്തിനു വേണ്ടി ആരും ആരെയും തള്ളിപ്പറയുന്നത് ഒട്ടും അഭിമതമല്ല. കാനത്തിനെപ്പോലൊരാള്‍ പ്രത്യേകിച്ചും.

  • കേരളത്തിലെ ഇടതുഭരണവും ആര്‍എസ്എസും

കേരളത്തിലെ പോലീസില്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍ വളരെയേറെയുണ്ടെന്ന് ആദ്യം വിളിച്ചു പറഞ്ഞത് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ആനി രാജയാണ്. അതുകൊണ്ടാണ് കേരളത്തിലെ പോലീസ്, ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും ആനി രാജ തുറന്നടിച്ചു.

അതിനെ അനുകൂലിച്ചു പാര്‍ട്ടിയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഡി. രാജ രംഗത്തുവന്നപ്പോള്‍ പിണറായിയുടെ പോലീസിന്‍റെ മുഖം രക്ഷിക്കാനുള്ള ചുമതല കാനം ഏറ്റെടുക്കുകയായിരുന്നു. രാജയെയും ആനി രാജയെയും തള്ളിപ്പറഞ്ഞപ്പോഴാണ്, സാക്ഷാല്‍ എസ്.എ. ഡാങ്കെയെ വരെ വിമര്‍ശിച്ചിട്ടുള്ള പാര്‍ട്ടിയാണു സിപിഐ എന്നു കാനം പറഞ്ഞത്. എന്നാല്‍ ഡാങ്കെയെ വിമര്‍ശിച്ചു പാര്‍ട്ടി വിട്ടവരാണു പിന്നീടു സിപിഎം ആയതെന്നും കോണ്‍ഗ്രസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ച ഡാങ്കെയോടൊപ്പം സിപിഐയില്‍ തുടര്‍ന്നു കൊണ്ട്, കോണ്‍ഗ്രസ് പിന്തുണയോടെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരായ സി. അച്യുത മേനോന്‍റെയും പി.കെ. വാസുദേവന്‍ നായരുടെയും പാര്‍ട്ടിയാണു സിപിഐ എന്നും കാനം ഒരിക്കലും മറക്കരുതായിരുന്നു.

 കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയെയും കേരളം ഭരിക്കുന്ന പിണറായി വിജയനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലെയ്സണ്‍ ഓഫീസറാണ് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറ എന്ന കാര്യവും കാനത്തിന് ഓര്‍മ വന്നില്ല. അതുകൊണ്ടാണു പോലീസ് സര്‍വീസില്‍ നിന്നു വിരമിച്ച് ഒരാഴ്ച തികയുന്നതിനു മുന്‍പേ ബഹറെയെ പിടിച്ചു കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനെജിംഗ് ഡയറക്റ്ററായി നിയമനം നല്‍കിയത്.‌ കേരള കേഡര്‍ ഐപിഎസ് കാരിയായ ബി. സന്ധ്യക്ക് ഡിജിപി പദവിയിലേക്കു പ്രമോഷന്‍ പോലും കൊടുക്കാതിരുന്നതും അവര്‍ക്ക് സിപിഎം-ബിജെപി  ബന്ധമില്ലാത്തതു കൊണ്ടാണ്. ഇതൊക്കെയാണ് ആനി രാജയും രാജയും ചൂണ്ടിക്കാണിച്ചത്. പക്ഷേ, ഭരണത്തിന്‍റെ ശീതളമിയിലിരിക്കണമെങ്കില്‍ ‘രാജാ’പാര്‍ട്ട് കെട്ടിയിട്ടു കാര്യമില്ലെന്നു കാനത്തിനറിയാം. ‘പിണറായി’ക്കോലം തുള്ളിയേ പറ്റൂ. പക്ഷേ, രാജയെ തള്ളിപ്പറയാന്‍ പാര്‍ട്ടിയുടെ താത്വികാചാര്യനെക്കൂടി കാനം തള്ളിപ്പറഞ്ഞതു കടന്ന കൈയായിപ്പോയി എന്നു പറയാതെ വയ്യ.

  • വര്‍ഗീയാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താധരണികളും

സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതെന്തുകൊണ്ടു സംഭവിച്ചു എന്ന് അണികളോടു വിശദീകരിക്കാനുള്ള ബാധ്യത പാര്‍ട്ടി സെക്രട്ടറിക്കുണ്ട‌്. അതിന് ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് സ്വന്തം നേതാവ് ഡാങ്കെയെപ്പോലും കാനത്തിനു ത‌ള്ളിപ്പറയേണ്ടി വന്നത്.

‘വിഘടനാ വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര‌ ശക്തമായിരുന്നു’ എന്ന തരത്തിലുള്ള പഴയ ശ്രീനിവാസന്‍ ഡയലോഗിന് ഇനി പ്രസക്തിയില്ലെന്നറിയാം. പക്ഷേ, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തുറന്നു സമ്മതിക്കാതെ തരമില്ല കാനം രാജേന്ദ്രന്‍ എന്ന പാര്‍ട്ടി സെക്രട്ടറിക്ക്. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ ജയിച്ച പല മണ്ഡലങ്ങളിലും ഇത്തരമൊരു അന്തര്‍ധാര ശക്തമായിരുന്നു എന്നാണു കാനം കണ്ടുപിടിച്ചിരിക്കുന്നത്. ചാത്തന്നൂരിലടക്കം പല മണ്ഡലങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കു വേണ്ടി വോട്ട് മറിച്ചു കൊടുത്തു എന്നു കാനം തുറന്നു സമ്മതിച്ചിരിക്കുന്നു.

  ചാത്തന്നൂരില്‍ മാത്രമല്ല, ഇരവിപുരം, കരുനാഗപ്പള്ളി, ഹരിപ്പാട്, അടൂര്‍, കോന്നി, പീരുമേട്, ദേവികുളം, നാട്ടിക, തൃശൂര്‍, തലശേരി, മണ്ണാര്‍കാട്, ഉദുമ, കാസര്‍ഗോഡ് തുടങ്ങിയ മണ്ഡലങ്ങളിലും അങ്ങനെയൊരു അന്തര്‍ധാര സജീവമായിരുന്നു എന്നാണു കാനത്തിന്‍റെ കൈയിലുള്ള റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

 തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അധികം വൈകാതെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കര്‍ ഈ അന്തര്‍ധാരയെക്കുറിച്ചു തുറന്നു സമ്മതിച്ചതും മറക്കരുത്. ഇടതു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും സിപിഎമ്മിനെ നേരിട്ടു സഹായിക്കുന്ന പല നടപടികളും സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കുകയും മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെപ്പോലും ഒഴിവാക്കിക്കൊടുക്കുകയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇപ്പോഴത്തെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ തുടങ്ങിയവരും ഈ അന്തര്‍ധാര ചൂണ്ടിക്കാണിച്ചതാണ‌്. അപ്പൊഴൊക്കെ രമേശ് ചെന്നിത്തലയുടെ അച്ഛന്‍ ആര്‍എസ്എസുകാരനാണ്, സുധാകരന്‍ ബിജെപിയുടെ വാലാണ് എന്നൊക്കെയാണ് സിപിഎം നേതൃത്വം ആക്ഷേപിച്ചത്. എന്നാല്‍, അന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതൊക്കെ ശരിയായിരുന്നു എന്നും ബിജെപിയും സിപിഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടന്നിരുന്നു എന്നും ഇപ്പോള്‍ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ തുറന്നു പറയുമ്പോള്‍ ജനങ്ങള്‍‌ക്ക് കാര്യങ്ങള്‍ പെട്ടെന്നു ബോധ്യപ്പെടും. സത്യമെന്ന സൂര്യനെ എത്രനാള്‍ കള്ളമെന്ന മുറം കൊണ്ടു മൂടിവയ്ക്കാനാവും?

  • പൊളിഞ്ഞുപോയ രണ്ടാം കക്ഷി പരിണയം

ഇടതു മുന്നണിയില്‍ സിപിഎമ്മിന് ഒരു രഹസ്യ അജന്‍ഡയുണ്ട്. മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സിപിഐയെ ഏതു വിധേനയും മൂലയ്ക്കിരുത്തണം. ഈ ഒരൊറ്റ ലക്ഷ്യത്തോടെ കേരള കോണ്‍ഗ്രസുകളുടെ  കണ്‍സോര്‍ഷ്യമുണ്ടാക്കി, ഇടതു മുന്നണിയിലെത്തിക്കാന്‍ പണ്ടുമുതലേ ശ്രമിക്കുന്നതാണ്. അതുകൊണ്ടാണ് ഒരിക്കല്‍ അഴിമതിക്കാരനെന്നു മുദ്രകുത്തി, നിയമസഭയില്‍ കൈയാങ്കളി നടത്തി ഉപരോധിച്ച കെ.എം. മാണിയെ വെള്ളപൂശി അദ്ദേഹത്തിന്‍റെ മകനെ ഒപ്പം നിര്‍ത്തിയത്. പരമാവധി സീറ്റുകളില്‍ സിപിഐയെ പരാജയപ്പെടുത്തുകയും പരമാവധി ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ വിജയിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ലക്ഷ്യത്തിലേക്കുള്ള സിപിഎമ്മിന്‍റെ കുറുക്കുവഴി.

എന്നാല്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ജനാധിപത്യവിശ്വാസികളുടെ വോട്ട് നേടുന്നതില്‍ ഈ ധാരണ ഗുണം ചെയ്തില്ലെന്ന യാഥാര്‍ഥ്യം സിപിഐ തിരിച്ചറിഞ്ഞു. ഇടതുമുന്നണിയിലേക്കു കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് ഒരു ഗുണവും കിട്ടിയില്ലെന്ന് സിപിഐ തുറന്നു സമ്മതിക്കുമ്പോള്‍, അവരുടെയൊക്കെ ആട്ടും തുപ്പുമേറ്റ കടിച്ചു തൂങ്ങുകയേ ജോസ് കെ മാണിക്കും നിവൃത്തിയുള്ളൂ. പാലാ, കടുത്തുരുത്തി, തൊടുപുഴ തുടങ്ങി പല സ്ഥലങ്ങളിലും കേരള കോണ്‍ഗ്രസിനെ സിപിഎം കാലുവാരിയെന്നാണ് സിപിഐയുടെ കണ്ടെത്തല്‍.

  • ആരാണു ഡാങ്കെ, എന്താണു സിപിഐ?

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു ശ്രീപദ് അമൃത് ഡാങ്കെ. 1962ലെ ഇന്തോ ചൈന യുദ്ധകാലത്ത് അദ്ദേഹം ഇന്ത്യയുടെ ദേശീയ നിലപാടിന് ഒപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു. തുടക്കം മുതല്‍ കോണ്‍ഗ്രസ് അനുകൂല നിലപാടാണ് ഡാങ്കെ കൈക്കൊണ്ടത്. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗം ഈ നിലപാടിനെ എതിര്‍ത്തു. അങ്ങനെ ഇന്ത്യയുടെ ദേശീയ നിലപാടിനെ എതിര്‍ത്തു പുറത്തുപോയവര്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണു സിപിഐ-എം.

മരണം വരെ ഇന്ത്യന്‍ ദേശീയതയ്ക്കൊപ്പം നിലകൊണ്ട കമ്യൂണിസ്റ്റ് നേതാവാണ് ഡാങ്കെ. 1980 വരെ സിപിഐയുടെ പൊതുനിലപാടും കോണ്‍ഗ്രസ് അനുകൂല ദേശീയതയായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴത്തെ കാനത്തിന്‍റെ പാര്‍ട്ടിക്ക് 1980ലും 1988ലും കേരളത്തിന്‍റെ മുഖ്യമന്ത്രിരാകാന്‍ പാര്‍ട്ടി നേതാക്കളായ സി. അച്യുത മേനോനും പി.കെ. വാസുദേവന്‍ നായര്‍ക്കും കഴിഞ്ഞത്.

 അന്ന് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സിപിഐക്ക് യുഡിഎഫില്‍ ഒന്നാം സ്ഥാനം നല്‍കിയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ഡാങ്കെ ആഗ്രഹിച്ചത്. ഇന്നത്തെ ഇടതു മുന്നണിയില്‍ രണ്ടാം സ്ഥാനക്കാരാണ് സിപിഐ. ആ പാര്‍ട്ടിയെ മൂലയ്ക്കിരുത്തി ചവിട്ടിത്തേക്കുമ്പോള്‍, ആനി രാജയും ഡി. രാജയുമൊന്നും മിണ്ടാതിരിക്കില്ല. ഭരണത്തിന്‍റെ അപചയത്തില്‍ ഉളിപ്പുള്ള ഒരാളും കാനത്തിന്‍റെ പക്ഷം പിടിക്കുകയുമില്ല. അതുകൊണ്ടാണ് സിപിഐയിലെ വലിയൊരു വിഭാഗം കാനത്തിനെതിരേ വാളെടുക്കുന്നത്.

Related posts

Leave a Comment