തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥര്ക്കെതിരെയുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന മനുഷ്യാവകാശ കമ്മീഷന്റെയും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെയും മേല്‍വിലാസം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന്റെ വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവി നാലാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് പരാതി നല്‍കുന്നതിനുള്ള വിജിലന്‍സ് വകുപ്പിന്റെ മേല്‍വിലാസം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ളതു പോലെ പൊലീസ് സ്റ്റേഷനുകളിലും ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം. കൈക്കൂലി ചോദിച്ചാല്‍ എവിടെയാണ് പരാതി നല്‍കേണ്ടതെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ പൊലീസിനെതിരെ എവിടെ പരാതി പറയുമെന്ന് പലര്‍ക്കുമറിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് കഴിയുന്നത് മനുഷ്യാവകാശ കമ്മീഷനിലും പൊലീസ് കംപ്ലെന്റ് അതോറിറ്റിയിലുമാണ്. ഈ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും വിലാസം പ്രദര്ശിപ്പിക്കണമെന്നതാണാവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.