ഭീതിയില്ലാത്തിടത്ത് നീതി പുലരും ; വീക്ഷണം എഡിറ്റോറിയൽ

രാജ്യത്തെ മതനിരപേക്ഷതക്കും സൗഹാർദ്ദത്തിനും നേരെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെയാണ് സുപ്രീംകോടതി കഴിഞ്ഞദിവസം നിശിതമായ ഭാഷയിൽ വിമർശിച്ചത്. ബിജെപി മുൻ വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദ ഇന്ത്യയിലുടനീളം സംഘർഷങ്ങൾ പടർത്തുകയും ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സിന് മങ്ങലേൽപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ വിടുവായത്തം രാജ്യമാകെ തീ പടർത്തിയിരിക്കയാണ്. ഇപ്പോൾ ഇതിന്റെ പേരിൽ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അവർ ഒരാൾ മാത്രമാണ് ഉത്തരവാദിയെന്നുമാണ് സുപ്രീംകോടതി കുറ്റപ്പെടുത്തിയത്. തന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന നൂപുർ ശർമയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള വിമർശനം. രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരന്റെ ദാരുണ വധത്തിന് പ്രത്യക്ഷ കാരണം നൂപുർ ശർമയുടെ വിവേകശൂന്യമായ പരാമർശമായിരുന്നു. ഒരു ചാനൽ ചർച്ചയിലാണ് നൂപുർ ശർമ വിവാദപരമായ പരാമർശം നടത്തിയത്. ഇത് തടയുന്നതിൽ പരാജയപ്പെട്ട ചാനൽ മേധാവികളും കോടതിയുടെ നിശിത വിമർശനത്തിന് വിധേയമായി. ഗ്യാൻവ്യാപി മസ്ജിദ് സംബന്ധിച്ച ചർച്ചയായിരുന്നു പ്രവാചകനിന്ദയിലേക്ക് നീണ്ടത്. ടിവി ചർച്ച ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അവർ ടിവി അവതാരകക്കെതിരെയാണ് പരാതിപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഉദയ്പൂരിലെ ദുഃഖകരമായ സംഭവം മുതൽ രാജ്യത്തുടനീളം പടർന്ന കലാപത്തിന് കാരണക്കാരി നൂപുർ ശർമയാണെന്ന വാസ്തവം മനസ്സിലാക്കി അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. സുപ്രീംകോടതിയുടെ പരാമർശങ്ങൾ രാജ്യത്തിന്റെ മൊത്തം വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ്. നാണക്കേടുകൊണ്ട് ഭരിക്കുന്ന പാർട്ടി തലകുനിക്കേണ്ടി വന്നിരിക്കയാണ്. സർക്കാരിന്റെയും ബിജെപിയുടെയും പ്രവർത്തനങ്ങളിലെ അശ്ലീലം പ്രതിഫലിക്കുന്നതാണ് കോടതിയുടെ പരാമർശം. മതപരമായ വികാരങ്ങൾ ഊതിക്കത്തിച്ച് ബിജെപി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നത് പുതിയ സംഭവമല്ല. പരസ്യമായി അത്തരം വിധ്വംസക പ്രവർത്തനങ്ങൾ അവർ ചെയ്തുകൊണ്ടിരിക്കുന്നു. ബിജെപിയുടെ വിധ്വംസകജനകമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് കോടതിയുടെ പരാമർശങ്ങൾ. ബിജെപി നേതാക്കളുടെ അധികാര ധാർഷ്ട്യവും കടുത്ത അന്യമത വൈരവും വിഷംകലർന്ന വാക്കുകളും സുപ്രീംകോടതി കർശന ഭാഷയിലാണ് വിമർശിച്ചിട്ടുള്ളത്. അവർ ഖേദപ്രകടനം നടത്തിയ രീതിയും കോടതിയുടെ വിമർശനത്തിന് കാരണമായി. രാജ്യത്ത് മുഴുവൻ വിദ്വേഷം പടർത്തിയ ശേഷം താൻ സുരക്ഷാ ഭീഷണി നേരിടുന്നുവെന്ന് വിലപിക്കുന്നത് പരിഹാസ്യമാണ്. ഭരണത്തിന്റെ അന്യായമായ ആനുകൂല്യങ്ങൾ നൂപുരിന് ലഭിക്കുന്നതായി കോടതി ചൂണ്ടിക്കാണിക്കുന്നു. ബിജെപി വക്താവിന് സ്വീകാര്യതയുടെ ചുവപ്പ് പരവതാനി വിരിക്കുകയാണോ എന്ന കോടതിയുടെ ചോദ്യം സർക്കാരിനുള്ള കനത്ത പ്രഹരമായിരുന്നു. ആർഎസ്എസും ബിജെപിയും ചേർന്ന് രാജ്യത്തുടനീളം വർഗീയ ധ്രുവീകരണം നടത്തിയാണ് തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് പാർട്ടിയെ സജ്ജമാക്കുന്നത്. നൂപുർ ശർമക്ക് അല്പമെങ്കിലും കുറ്റബോധമുണ്ടെങ്കിൽ അത് സ്വയം തോന്നേണ്ടതാണ്. അല്ലാതെ കോടതിയുടെ വിമർശനത്തിൽ നിന്നുണ്ടാവേണ്ടതല്ല. വൈകി പറയുന്ന മാപ്പ് കോടതിയെ അപഹാസ്യമാക്കുന്നതാണ്. ഉപാധികളോടെയും അർദ്ധ മനസ്സോടെയും നടത്തുന്ന ക്ഷമാപണം വെറും നാടകമാണ്. നിരവധി കീഴ്‌ക്കോടതികളുണ്ടായിട്ടും സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതും കോടതിയുടെ വിമർശനത്തിന് വിധേയമായി. മജിസ്‌ട്രേറ്റ് കോടതിയെ മറികടന്ന് സുപ്രീംകോടതിയെ സമീപിച്ചത് അവരുടെ അധികാര ധാർഷ്ട്യവും കീഴ്‌ക്കോടതികളോടുള്ള പുച്ഛവുമാണ് വ്യക്തമാക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. മജിസ്‌ട്രേറ്റ് കോടതികൾ ചെറുതാണെന്ന് തോന്നുന്നുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അധികാരവും സമ്പത്തുമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന നൂപുർ ശർമയെപോലുള്ള ധിക്കാരികൾക്ക് ലഭിക്കുന്ന ശിക്ഷയാണ് സുപ്രീംകോടതിയുടെ പരാമർശങ്ങൾ. ഇത് ശിക്ഷാവിധിയേക്കാൾ പ്രഹരശേഷിയുള്ളതാണ്. നീതിപീഠങ്ങൾ ജാഗ്രത പാലിക്കുന്ന പൗരന്റെ വിശ്വാസമാണ് സുപ്രീംകോടതി നിർവഹിച്ചിട്ടുള്ളത്. അധികാര ഭീതി ഇല്ലാത്തിടത്ത് നീതിപുലരുമെന്ന വിളംബരംകൂടിയാണ് കോടതിയുടെ വാക്കുകൾ. ഒരു ഗാന്ധിയൻ വിശ്വാസധാരയാണിത്.

Related posts

Leave a Comment