യാത്ര നീ ചോദിക്കുമ്പോൾ ; ഉഷാറാണി – കവിതാ വായിക്കാം

സുഖദമൊരു മഞ്ഞോർമപോൽ നീ
മടങ്ങുകയായ്‌
ജീവിതപ്പരവതാനിയിൽ നീ തുന്നിച്ചേർത്ത
ഇഴകളിൽ
മൂകനൊമ്പരങ്ങളും ജീവനപച്ചപ്പിന്റെ
നൂലിഴകളും പൊങ്ങിയും താഴ്ന്നും
പ്രതീക്ഷകളും പ്രത്യയശാസ്ത്രങ്ങളും
പരസ്പരം കലഹിക്കുമ്പോൾ
നോക്കുകുത്തിയായി നിൽക്കാൻ
നീ എനിക്ക് മാതൃകയായ്
പലനിറപ്പച്ചകളിൽ ദിനവേഗങ്ങൾ
മാറിമറിയവേ
ഞാനെന്തുസൂക്ഷിക്കേണ്ടു എന്നക –
താരിലെ ചിത്രശാലയിൽ
നോവിന്റെ വഴിക്കണക്കുകളിൽ നീ
ഹിമശാന്തിയാവുക
ആടിതീരാത്ത വേഷപ്പകർച്ചയിൽ
നീ പുതുരംഗങ്ങളൊരുക്കുക
സ്വസ്തിതേടുന്നയാത്മയാനത്തിൽ
നീ പടുത്വമേറും സഞ്ചാരിയാവുക
മുക്തിതേടുമീയേകാന്തയാത്രയിൽ
സർവ്വംസഹയായ് നീ കൂടെയുണ്ടാവുക
ശാന്തിഗീതങ്ങളാൽ സദ്ഗതിനേരുക
സർവവും സദ്പ്രസാദമായ്‌ മാറ്റുക
സ്വസ്തി…. സ്വസ്തി….. സ്വസ്തി…..

Related posts

Leave a Comment