പ്രണയം കൊലയിലേക്ക് എത്തുമ്പോൾ ; ഞെട്ടലോടെ കേരളം

പ്രണയബന്ധങ്ങൾ പ്രതികാരത്തിലേക്ക് എത്തുകയും അതുവഴി രണ്ടുപേർക്കോ രണ്ടിലൊരാൾക്കോ ജീവഹാനി ഉണ്ടാകുന്ന തരത്തിലുള്ള സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുകയാണ്.പ്രണയം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അത് വാശിയിലേക്ക് പോവുകയും സ്നേഹം പ്രതികാരത്തിലേക്ക് വഴിമാറുകയും ചെയ്യപ്പെടുന്നു. ഇതിനുപുറമേ പ്രണയ അഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിലും കൊലപാതകങ്ങളും ആത്മഹത്യകളും വർദ്ധിച്ചുവരുന്ന പ്രവണതയും ഉണ്ട്.2017 ൽ ഫെബ്രുവരിയിൽ ആദർശ് എന്ന യുവാവ് കൊലപ്പെടുത്തിയ ലക്ഷ്മിയിൽ തുടങ്ങി തൃശ്ശൂരിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി നീതു, ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥ സൗമ്യ ,കാക്കനാട്ടെ ദേവിക,തിരുവനന്തപുരം സ്വദേശി അഷിത എന്നിവരുടെ മരണത്തോടെയാണ് അതിനു മുമ്പ് വരെ ഒറ്റപ്പെട്ട സംഭവമായി കണ്ടിരുന്നതിന് അപ്പുറത്തേക്ക് കേരളീയ സമൂഹം ഗൗരവത്തോടെ എടുക്കുവാൻ തുടങ്ങിയത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിലും പ്രണയം നഷ്ടപ്പെടുത്തിയ ജീവനുകൾ ഏറെയാണ്. പ്രണയം വേർപെടുമ്പോൾ വിരഹവുമായി മുന്നോട്ടുപോകുമെന്ന പഴഞ്ചൻ രീതിയിൽ നിന്നും നമ്മുടെ പുതിയ തലമുറ തൊട്ടുമുമ്പുവരെയും ജീവനായി കണ്ട ഒരാളെ ഇല്ലാതാക്കുന്നത് ഞെട്ടലോടെയാണ് സമൂഹം നോക്കിക്കാണുന്നത്.

കേരളത്തെ ആകെ നൊമ്പരത്തിലാക്കിയ സംഭവമായിരുന്നു മാനസ കൊലപാതകം. ഡെന്റല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന മാനസയെ പിന്തുടര്‍ന്ന് രഖില്‍ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. മാനസ പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തു. കോതമംഗലത്ത് മാനസ താമസിക്കുന്ന ഹോസ്റ്റലില്‍ കയറിയായിരുന്നു കൊലപാതകം. മാനസയെ ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അതിനായി ബിഹാറില്‍ പോയി തോക്ക് വാങ്ങി ദിവസങ്ങളോളം അവസരത്തിനായി കാത്തിരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം.

പെരിന്തല്‍മണ്ണയിലെ ദൃശ്യയും പ്രണയം നിരസിച്ചതിന്റെ പേരിലാണ് കൊല്ലപ്പെട്ടത്. 21കാരിയായ ദൃശ്യയെ സഹപാഠി വിനീഷാണ് വീട്ടില്‍ക്കയറി കുത്തിക്കൊന്നത്. ആക്രമണത്തില്‍ ദൃശ്യയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു.പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം വീണ്ടുമൊരു പ്രണയം പ്രതികാരത്തിലേക്കും കൊലയിലേക്കും എത്തിച്ചത്.കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ നിതിനയെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുവെന്ന സങ്കീർണമായ അവസ്ഥ പങ്കുവെക്കപ്പെടുന്നു.പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കോളേജിൽ വച്ച് തന്നെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.മാറിയ കാലത്തിന്റെ ചുറ്റുപാടുകളിൽ പ്രണയത്തിനും സൗഹൃദത്തിനും വന്ന മാറ്റങ്ങളും ഇന്നത്തെ യുവതി യുവാക്കളിൽ പ്രകടമാക്കുന്ന സ്വാർത്ഥ മനോഭാവവും അരാഷ്ട്രീയ ചുറ്റുപാടുകളും പ്രണയ നഷ്ടവും പ്രണയത്തിനിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വലിയ വിഷാദത്തിലേക്കും അത് വഴിമാറി പ്രതികാര ത്തിലേക്കും എത്തപ്പെടുന്നു.പലപ്പോഴും സിനിമകളെയും അതിലെ കഥാപാത്രങ്ങളെയും അനുകരിച്ച് അതിന് സമാനമായ രീതിയിൽ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നവരും ഉണ്ട്.ഒരുകാലത്ത് അനശ്വര പ്രണയങ്ങളും നഷ്ട പ്രണയങ്ങളും എല്ലാം ചർച്ച ചെയ്യപ്പെട്ട കേരളമിന്ന് പ്രണയം എത്തിച്ചേരുന്ന പേടിപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.ഇഷ്ടക്കൂടുതൽ മനസ്സിനെ ഭ്രാന്തുപിടിപ്പിക്കുമ്പോൾ അതിന്റെ പേരിൽ ജീവന്റെ പാതിയായി കണ്ടവരെ വക വരുത്തുമ്പോൾ കണ്ണുനീർ തോരാത്ത ഒട്ടേറെ കുടുംബങ്ങൾ ഉണ്ട്. ഇനിയെങ്കിലും ഇത്തരം ആവർത്തനങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ.

Related posts

Leave a Comment