വേനല്‍ച്ചിറകുകളില്‍ വിശപ്പ് പറന്നെത്തുമ്പോള്‍

ഗോപിനാഥ് മഠത്തിൽ

പ്രളയം ജനജീവിതത്തെ വീണ്ടും ദുസ്സഹമാക്കിയിരിക്കുന്നു. കേരളത്തിന്റെ കിഴക്കന്‍ മലയോരമേഖലയെ അപ്പാടെ തൂത്തെറിഞ്ഞുകൊണ്ടാണ് പ്രളയം മരണത്തിറയാട്ടം നടത്തി പിന്‍വാങ്ങിയിരിക്കുന്നത്. അത് ജനഹൃദയങ്ങളില്‍ ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഉണങ്ങാന്‍ ഇനിയും കാലങ്ങള്‍ ആവശ്യമായിവരും. ശ്രദ്ധയുടെയും ആസൂത്രണത്തിന്റെയും പാളിച്ചകള്‍ക്കൊപ്പം അപ്രതീക്ഷിതമായെത്തുന്ന പ്രളയമാണ് മുന്‍വര്‍ഷങ്ങളെപ്പോലെ ഇപ്പോഴും കേരളത്തെ കണ്ണീരീലാഴ്ത്തിയിട്ടുള്ളത്. അടുത്തനിമിഷം കേരളത്തില്‍ എന്തുസംഭവിക്കുമെന്ന് കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തവിധം സാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. മഴയിലൂടെ വെള്ളത്തിന്റെ ധാരാളിത്തം ഇപ്പോള്‍ അനുഭവിക്കുന്നുണ്ടെങ്കിലും വരുന്ന വേനല്‍ക്കാലത്ത് ജലശേഷിപ്പ് ഒട്ടുമില്ലാത്തവിധം നദികളും തടാകങ്ങളും കുളങ്ങളും കിണറുകളും ആകെ വറ്റിവരളുമെന്നത് മുന്‍പ്രളയവും തുടര്‍ന്നുവന്ന വേനലും പഠിപ്പിച്ച പാഠങ്ങളാണ്. അതുകൊണ്ട് പ്രളയകാലത്തുനിന്നുകൊണ്ടുതന്നെ വേനലിനെ പ്രതിരോധിക്കാന്‍ ഏതൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് ഉപോല്‍ബലമായ കാര്യങ്ങളാണ് അടുത്തിടെ ആഗോളതാപനത്തെ സംബന്ധിച്ച് പുറത്തുവന്നത്. അതിനെ ശരിക്കുവയ്ക്കുന്നതാണ് കഴിഞ്ഞവര്‍ഷങ്ങളിലെ അനുഭവങ്ങള്‍.
പ്രകൃതി തരുന്ന അപ്രതീക്ഷിത പ്രളയത്തിനും തുടര്‍ന്നുള്ള വേനലിനുമൊപ്പം മറ്റൊരു ദുരന്താനുഭവത്തെക്കൂടി നേരിടാന്‍ കേരളീയര്‍ മാത്രമല്ല, ഭാരതീയര്‍ ആകമാനം പരിശീലിക്കേണ്ടിയിരിക്കുന്നു. അത് ജഠരാഗ്നി ചൂടിലൂടെ ആന്തരികമായും ബാഹ്യമായും തളര്‍ത്താന്‍ സാധ്യതയുള്ള വിശപ്പെന്ന വേനലാണ്. കാര്‍ഷികമേഖലയാകെ തകര്‍ന്നടിഞ്ഞ ഒരന്തരീക്ഷമാണ് കുറെക്കാലമായി ഭാരതത്തില്‍ നിലനില്‍ക്കുന്നത്. കര്‍ഷകരോട് അനുഭാവസമീപനം കൈക്കൊള്ളാന്‍ വിമുഖരായുള്ള ഒരു സര്‍ക്കാരാണ് കഴിഞ്ഞ ആറേഴുകൊല്ലമായി കേന്ദ്രം ഭരിക്കുന്നത് എന്നുകൂടി ഓര്‍ക്കണം. അതിന്റെ വ്യക്തമായ തെളിവാണ് കര്‍ഷകര്‍ പാടങ്ങള്‍ ഉപേക്ഷിച്ച് ഡല്‍ഹിയുടെ പ്രാന്തങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സമരം. സമരത്തെ രമ്യതയിലെത്തിക്കാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാര്‍ അന്തരചര്‍ച്ച എന്ന ആത്മാര്‍ത്ഥതയില്ലാത്ത പരിപാടിക്ക് ക്ഷണിക്കുമ്പോഴൊക്കെ സമീപിക്കുന്നത് സ്വേച്ഛാധികാരിത്തിലധിഷ്ഠിതമായ ധാര്‍ഷ്ട്യ മനസ്സുമായാണ്. അതിന്റെ സമീപകാലത്തു നടന്ന ദൃഷ്ടാന്തങ്ങളാണ് യോഗി ആത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ നടന്നത്. കേന്ദ്ര ആഭ്യന്തര സഹവകുപ്പുമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര നടത്തിയ കൊലപാതകങ്ങള്‍ ബിജെപിയുടെ കര്‍ഷകസമീപനവും കാര്‍ഷികനയവും വ്യക്തമാക്കുന്നത് വയലുകള്‍ കര്‍ഷകരില്ലാതെ തരിശാകുമ്പോള്‍ ഇന്ത്യ എങ്ങനെ ഭക്ഷ്യകാര്യത്തില്‍ സ്വാശ്രയത്വം കൈവരിക്കും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. ദൂരദര്‍ശന്റെ പ്രാദേശിക-ദേശീയ ചാനലുകളിലൂടെ കേന്ദ്രകൃഷിമന്ത്രാലയം കര്‍ഷക പ്രലോഭന വാഗ്ദാനങ്ങള്‍ തട്ടിവിടുമ്പോള്‍ അത് പ്രത്യക്ഷത്തില്‍ എത്രമാത്രം കര്‍ഷകര്‍ക്ക് ആശ്വാസാനുഭവമാകുന്നുവെന്ന് അന്വേഷിച്ച് തിരുത്തേണ്ടതുണ്ട്. ഏതായാലും പ്രകൃതി നല്‍കുന്ന വേനലിനൊപ്പം ഭക്ഷ്യക്ഷാമം മൂലം സംഭവിക്കുന്ന വിശപ്പെന്ന വേനലിനെയും നമ്മള്‍ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം അടുത്തകാലം വരെ 94 ആയിരുന്നു. അവിടെ നിന്ന് ഇപ്പോള്‍ ഇന്ത്യ പിന്തള്ളപ്പെട്ടത് 101-ാം സ്ഥാനത്തേക്കാണ്. അതില്‍ ഏറ്റവും ലജ്ജിക്കുന്ന വസ്തുത അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം എന്നതാണ്. ഐറിഷ് സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേ എന്ന സംഘടനയും സംയുക്തമായി തയ്യാറാക്കിയ ആഗോള വിശപ്പു സൂചികയാണ് ഇന്ത്യയുടെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവുമൂലം കുട്ടികളിലുണ്ടാകുന്ന ഭാരക്കുറവിന്റെയും ഉയരക്കുറവിന്റെയും തോത് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1998-2002-ല്‍ 17.1 ശതമാനമായിരുന്നത് 2016-2020-ല്‍ 17.3 ശതമാനമായാണ് വര്‍ദ്ധിച്ചിരിക്കുന്ന്. ആഗോള വിശപ്പ് സൂചിക നിശ്ചയിക്കുന്നത് 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ്, ഉയരക്കുറവ്, തൂക്കക്കുറവ്, മരണനിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണെങ്കിലും അത് സ്വമേധയാ ചെന്നെത്തുന്നത് മുതിര്‍ന്നവരുടെയും പരിതാപകരമായ ജീവിതസാഹചര്യങ്ങളിലേക്കു കൂടിയാണെന്ന് ഓര്‍ക്കണം. കാരണം മുതിര്‍ന്നവര്‍ക്ക് ആരോഗ്യകരവും ക്ഷേമകരവുമായ ജീവിതം ഉണ്ടെങ്കിലേ അത് കുഞ്ഞുങ്ങളില്‍ ഐശ്വര്യപൂര്‍ണ്ണമായ ജീവിതമായി പരിവര്‍ത്തനപ്പെടുകയുള്ളൂ. ഇപ്പോള്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളില്‍ പോഷകാഹാരക്കുറവും ഭാരക്കുറവും ഉണ്ടാകുന്നത് ഇന്ത്യയിലാണെന്നാണ്. കോവിഡ് രോഗവും അതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളും കാര്‍ഷികനയവൈകല്യങ്ങളുമാണ് ഇന്ത്യയെ ഇവ്വിധം പരിതാപകരമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. കോവിഡും നിയന്ത്രണവും ഇന്ത്യയ്ക്ക് മാത്രം സ്വന്തമായ ദുരന്തസാഹചര്യങ്ങളല്ല. അപ്പോള്‍ ഭക്ഷ്യോല്‍പ്പാദന മേഖലയിലെ സര്‍ക്കാരിന്റെ കാര്‍ക്കശ്യ സമീപനം തന്നെയാണ് ഭാരതത്തെ വിശപ്പിന്റെ വേനലിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി വിശപ്പിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്ന് നാം ഓരോരുത്തരും ആഗ്രഹിച്ചു പോകുന്ന സന്ദര്‍ഭം കൂടിയാണിത്.

വാല്‍ക്കഷണം:
മരാമത്തു വകുപ്പുമന്ത്രിയും സി.പി.എം എംഎല്‍എമാരും രണ്ടുതട്ടിലായിരിക്കുന്നു. കരാറുകാരുടെ വക്കാലത്തുമായി പാര്‍ട്ടി എംഎല്‍എമാര്‍ കാണാനെത്തുന്നത് അവസാനിപ്പിക്കണമെന്ന് റിയാസ് പറഞ്ഞതാണ് അവരെ ദേഷ്യം പിടിപ്പിച്ചത്. ഭരണത്തിന്റെ തണലില്‍ സിപിഎം എംഎല്‍എമാര്‍ നടത്തുന്ന കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് റിയാസിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥരുടെ പങ്കും വളരെ വ്യക്തമാണ്. ഇപ്പോള്‍ സിപിഎം കയ്ച്ചിട്ടാണെങ്കിലും റിയാസിനൊപ്പം ചേര്‍ന്നിരിക്കുന്നു. അത് അവര്‍ തുടര്‍ന്നുവരുന്ന തന്ത്രത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ പാര്‍ട്ടി എംഎല്‍എമാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ നടത്തുന്ന ബില്‍ തട്ടിപ്പ് കോടികളിലെ ഒരു വിഹിതം പാര്‍ട്ടിക്കു ലഭിക്കുമായിരുന്നു. എന്തുചെയ്യാം, റിയാസ് വരുത്തിയ ഒരു വിന നോക്കണേ!

Related posts

Leave a Comment