സിപിഎം ത്രിവര്‍ണം ചൂടുമ്പോള്‍

  • ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിനു മുന്‍പ് സിപിഎം സമസ്താപരാധം മാപ്പ് പറയണം

ഡോ. ശൂരനാട് രാജശേഖരന്‍

ദേശീയ സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള സിപിഎം തീരുമാനം, ആ പാര്‍ട്ടിയുടെ ചരിത്രപരമായ തെറ്റുകളില്‍ ഏറ്റവും വലിയ തിരുത്തലാണ്. ഇന്ത്യന്‍ ദേശീയതയോടും സ്വാതന്ത്ര്യ സമര ചരിത്രത്തോടും മുഖംതിരിച്ചു നിന്ന് സാമ്രാജ്യത്വ ശക്തികളെ സഹായിച്ച തീരാക്കളങ്കം കഴുകിക്കളയാനുള്ള ശ്രമമാണ് ഇതിലൂടെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന സിപിഎം ചെയ്യുന്നത്. പക്ഷേ, അതുകൊണ്ടു വെടിപ്പാകുന്നതല്ല, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വികൃതമായ മുഖം.

 ഈ വരുന്ന സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനും സിപിഎം തീരുമാനക്കുമ്പോള്‍, അവരുടെ പൂര്‍വികര്‍ ചരിത്രത്തോടു ചെയ്ത നെറികേടുകള്‍ ഈ രാജ്യത്തിന്‍റെ ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കു പുനര്‍വായനയ്ക്കുള്ള അവസരമാണ്. ഓഗസ്റ്റ് പതിഞ്ച്- ആപത്ത് പതിനഞ്ച് എന്നു മുദ്രാവാക്യം മുഴക്കിയവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. 1947 ഓഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ദേശീയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍, “യേ ആസാദി ജൂത്താ ഹെയിന്‍” (ഈ സ്വാതന്ത്ര്യം കളവാണ്) എ‌ന്ന് ഉദ്ഘോഷച്ചവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട‌ായി ഒരിക്കല്‍പ്പോലും ഈ മുദ്രാവാക്യങ്ങള്‍ തിരുത്താത്തവരാണ് ഇപ്പോള്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് ത്രിവര്‍ണ പതാകയുമായി കടന്നു വരുന്നത്. അതൊരു തെറ്റ‌ുതിരുത്തായി കരുതാനാവില്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ കരുതിവച്ച ഒറ്റ‌ുകാരുടെ റോള്‍ തന്നെയാണ് ഇന്നും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കെന്നു ബോധ്യപ്പെടുത്തുന്ന എത്രയെത്ര സംഭവങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തിലുമുണ്ടായിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂട രാജ്യമാക്കിയതിനു പിന്നില്‍ സിപിഎമ്മിനോളം പങ്ക് മറ്റൊരു രാഷ്‌ട്രീയ കക്ഷിക്കുമില്ല. രാജ്യത്തിന്‍റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനു ഒന്നാം യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച ആണവ പദ്ധതികളുടെ പേരില്‍ ആ സര്‍ക്കാരിനെ മറിച്ചിടാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചവരാണ് ഇന്നത്തെ സിപിഎം നേതൃത്വം. വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു ന‌ിന്നു വിരമിച്ച വിജയ് ഗോഖലെയുടെ ‘ദ ലോംഗ് ഗെയിം’ എന്ന വിഖ്യാതകൃതി, അഭിനവ കമ്യൂണിസ്റ്റ്കാരുടെ മറ്റൊരു ഒറ്റിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നു. ചൈനയുടെ അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ സംരക്ഷിക്കുന്നതിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രേരണയിലാണ് 123 ആണവ കരാര്‍ അട്ടിമറിക്കാനും ഒന്നാം യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാനും സിപി​എം തീരുമാനിച്ചത്. അതിനു വേണ്ടി ബിജെപിയുമായി ചേര്‍ന്ന് ലോക്സഭയിലെ സ്വതന്ത്ര എംപിമാര്‍ക്കു പണം നല്‍കി കുതിരക്കച്ചവടം നടത്തിയതിന്‍റെ ദുരന്ത ചിത്രങ്ങള്‍ ഇന്നും ചരിത്രത്തിലുണ്ട്, മായാത്ത ഏടായി.

കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും സ്വപ്നത്തെ ഏറ്റവുമധികം താലോലിക്കുന്നത് സിപിഎമ്മാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണത്തില്‍ പങ്കാളിത്തം പറ്റിയവരാണു സിപിഎം. കേരളത്തിലടക്കം വര്‍ഗീയ ഫാസിസ്റ്റുകളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് നേരിട്ടിട്ടുമുണ്ട് സിപിഎം. ലക്ഷ്യം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതു മാത്രമായിരുന്നു. പക്ഷേ, പരാജയപ്പെട്ടത് കോണ്‍ഗ്രസല്ല, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഡോ. മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ 66 എംപിമാരുണ്ടായിരുന്ന സിപിഎമ്മിനിപ്പോള്‍ ലോക്സഭയില്‍ എത്ര എംപിമാരുണ്ടെന്ന് അവര്‍ ആത്മപരിശോധന നടത്തണം.

 ദേശീയതലത്തില്‍ കോണ്‍ഗ്രസിനു ബദല്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളല്ല, ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ ആയിരിക്കണമെന്ന് ദീര്‍ഘീവീക്ഷണം ചെയ്ത നേതാവാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. അതുകൊണ്ടാണ് അംഗീകൃത പ്രതിപക്ഷമായിരിക്കാനുള്ള അംഗബലം ഇല്ലാതിരുന്നിട്ടും ഒന്നാം പാര്‍ലമെന്‍റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആ പദവി നല്‍കിയതും എ.കെ. ഗോപാലനെ നേതാവാക്കിയതും. പാര്‍ലമെന്‍റില്‍ മറ്റാര്‍ക്ക് അനുവദിച്ചതിലും കൂടുതല്‍ സമയം അനുവദിച്ച്, സഭാ നടപടികളില്‍ മുന്‍നിരയില്‍ നിര്‍ത്തിയതും കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടുള്ള ആദരവ് കൊണ്ടല്ല, കോണ്‍ഗ്രസിന്‍റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ കൊണ്ടായിരുന്നു.

1990 ല്‍ അധികാരത്തില്‍ നിന്നു മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആദ്യം ക്ഷണിച്ചതു സിപിഎമ്മിനെയും അതിന്‍റെ നേതാവ് ജ്യോതി ബസുവിനെയുമായിരുന്നു. അന്നത്തെ ക്ഷണം നിരസിച്ച പാര്‍ട്ടി നടപടിയെ ചരിത്രപരമായ മണ്ടത്തരമെന്നാണു പിന്നീടു ജ്യോതിബസു വിശേഷിപ്പിച്ചത്. ഇത്തരം മണ്ടത്തരങ്ങളുടെ ഫലമാണ് സിപിഎം ഇപ്പോള്‍ ബംഗാളിലടക്കം നേരിടുന്ന വലിയ പതനം. എന്നാല്‍ അവസരം കിട്ടിയപ്പോഴെല്ലാം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുകയും ഒറ്റിക്കൊടുക്കുകയും ചെയ്ത സിപിഎം, വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കൊപ്പം ചേര്‍ന്ന ചരിത്രമാണ് പേറുന്നത്. അതിന്‍റെ ദുരന്തം ആ പാര്‍ട്ടി മാത്രമല്ല, ഇന്ത്യയും നേരിടുന്നു എന്നു മാത്രം. 1990 ല്‍ രാജീവ് ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് കേന്ദ്ര മന്ത്രിസഭ രൂപീകരിക്കാന്‍ തയാറാവുകയും 2009ല്‍ മന്‍മോഹന്‍ മന്ത്രിസഭയെ അട്ടമിറിക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ഗതി ഇന്നത്തേതാകുമായിരുന്നില്ല, ഫാസിസ്റ്റ് ശക്തികള്‍ക്ക് എക്കാലത്തും ചവിട്ടുപടിയായിരുന്ന സിപിഎമ്മിന്‍റെ ഇരട്ടത്താപ്പിന്‍റെ ദുഷിച്ച മുഖം ഇത്ര വികൃതമാകില്ലായിരുന്നു, തീര്‍ച്ച.

സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞതിനും ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതിനും രണ്ടാം ലോകമഹായുദ്ധകാലത്ത് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നിന്ന് ദേശീയ പ്രസ്ഥാനത്തെ വഞ്ചിച്ചതിനുമൊക്കെയുള്ള പ്രായശ്ചിത്തമായി വേണം, സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വര്‍ഷത്തില്‍ ത്രിവര്‍ണ പതാകയും വഹിച്ചുകൊണ്ടുള്ള സിപിഎമ്മിന്‍റെ വരവിനെ കാണാന്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ ചരിത്രത്തിലും ഏറ്റവും വലിയ മണ്ടത്തരങ്ങള്‍ കാണിച്ചിട്ടുള്ള പാര്‍ട്ടിയാണു തങ്ങളുടേതെന്നു സിപിഎം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇനി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റുകള്‍ തിരുത്തിയിട്ടുള്ള പാര്‍ട്ടിയാണ് തങ്ങളുടതെന്നു കൂടിയാണ് അവര്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ തെളിയിക്കാന്‍ പോകുന്നത്. ഈ രാജ്യത്തോടും ജനങ്ങളോടും കാട്ടിയിട്ടുള്ള നെറികേടുകള്‍ക്കുള്ള തീരെച്ചെറിയ പ്രായശ്ചിത്തം.  

Related posts

Leave a Comment