തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ചെമ്പട്ട് പുതച്ചിരുന്ന ആലപ്പുഴ ഭൂരിപക്ഷ ഫാസിസത്തിന്റെയും ന്യൂനപക്ഷ വർഗീയതയുടെയും മരണപ്പട്ട് പുതയ്ക്കുകയാണോ? കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആലപ്പുഴയിൽ വെട്ടേറ്റ് മരിച്ച രണ്ട് ചെറുപ്പക്കാരുടെ ദാരുണാന്ത്യം ആലപ്പുഴയെ ചോരപ്പുഴയാക്കിക്കൊണ്ടായിരുന്നു. കണ്ണൂരിലെ അരുംകൊല രാഷ്ട്രീയം ആ മണ്ണിനെ സ്പന്ദിക്കുന്ന അനേകം അസ്ഥിമാടങ്ങളുടെ ദേശമാക്കിയ രീതിയിൽ തന്നെയാണ് ആലപ്പുഴയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നത്. കാൽപന്ത് കളിയുടെ കൃത്യതയോടെയും വാശിയോടെയും ഗോളടിക്കുന്ന ആരവത്തോടെയുമാണ് ഇവിടെയും വെട്ടിവീഴ്ത്തി പ്രതിയോഗികളെ കൊലചെയ്യുന്നത്. നാട് ഉറങ്ങും മുമ്പ് എസ് ഡി പി ഐക്കാരനാണ് മരിച്ചതെങ്കിൽ നാട് ഉണരും മുമ്പ് പകരം വീട്ടിയത് ആർ എസ് എസ് കാരനെയായിരുന്നു. ഇരുവിഭാഗവും കുറ്റക്കാരും കൊല ആസൂത്രിതമാക്കിയവരുമാണെങ്കിലും വാളെടുക്കാതെ ഇതിന്റെ ഗുണഭോക്താക്കൾ സി പി എം തന്നെ. ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കി മാറ്റുന്നതുപോലെ ആർ എസ് എസിനെയും എസ് ഡി പി ഐയെയും കൊലച്ചോര അണിയിക്കുകയും ചുടുചോറ് മാന്തിക്കുകയും ചെയ്യുന്നത് സി പി എമ്മിന്റെ സൃഗാലബുദ്ധിയാണ്. ഭരണസംവിധാനത്തിന്റെ നിശ്ചലതയും പൊലീസ് സേനയുടെ നിസംഗതയുമാണ് ഇരുട്ടി വെളുക്കുന്നതിന് മുമ്പ് രണ്ട് യുവാക്കൾ നിർദ്ദയം കൊലചെയ്യപ്പെട്ടത്. പ്രദേശത്ത് രാഷ്ട്രീയ സംഘർഷമില്ലായിരുന്നെങ്കിലും രണ്ട് സംഘടനകളിലും കൊലപാതകത്തിനുള്ള ത്വരയും തിടുക്കവും തിടംവെച്ച് വരികയാണെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അധികാരികളെ അറിയിച്ചിരുന്നു. പൊലീസ് മേധാവി സംഘം ഇത് അലസതയോടെ തള്ളിക്കളഞ്ഞതുകൊണ്ടാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. ഈ കൊലപാതകങ്ങളുടെ പ്രയോക്താക്കൾ ആർ എസ് എസും എസ് ഡി പി ഐയും ആണെങ്കിലും ഇതിന്റെ മൊത്തം ഗുണഭോക്താക്കൾ സി പി എം മാത്രമാണ്. ഈ കൊലകൾക്ക് പിന്നാലെ പൊലീസ് നടപടികളും കേസുകളും ഉണ്ടാകുമെന്നും രണ്ട് വിഭാഗങ്ങൾക്കും അരക്ഷിതത്വം കൈവരുമെന്നും അപ്പോൾ രക്ഷകവേഷത്തിൽ പ്രത്യക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലാണ് സി പി എം. കണ്ണൂരിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അനവധി കൊലപാതകങ്ങളിൽ രക്ഷകവേഷമണിഞ്ഞ് ആർ എസ് എസിനെയും എസ് ഡി പി ഐയെയും സി പി എം രക്ഷിച്ചിട്ടുണ്ട്. ഈ ഉപകാരസ്മരണ കൊലയാളി സംഘടനകൾ പ്രത്യുപകാരമായി നൽകാറുള്ളത് തെരഞ്ഞെടുപ്പ് കാലത്താണ്. വോട്ട് മറിച്ചിലുകളാണ് അതിന്റെ രൂപം. എന്തൊക്കെ എവിടെയൊക്കെ സി പി എമ്മിന്റെ ആധിപത്യത്തിന് ഇളക്കം തട്ടിയിട്ടുണ്ടോ അവിടെയൊക്കെ രാഷ്ട്രീയ കലാപത്തിലൂടെ അല്ലെങ്കിൽ വർഗീയ ലഹളകളിലൂടെ സി പി എം നേട്ടമുണ്ടാക്കിയിട്ടുണ്ട്. തലശേരി കലാപം മുതൽ മാറാട് കലാപം വരെ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സി പി എം തന്നെയായിരുന്നു. ഇതിനായി പല കാലങ്ങളിൽ പലതരം മധ്യസ്ഥന്മാർ ഇവരുടെ ഇടയിൽ പ്രവർത്തിക്കാറുണ്ട്. ഇവരെല്ലാം മാന്യതയുടെ കുപ്പായമണിഞ്ഞ മരണത്തിന്റെ വ്യാപാരികളാണ്. രാഷ്ട്രീയത്തിൽ പ്രീണനവും പീഡനവും സി പി എമ്മിന്റെ വ്യവസ്ഥാപിത നയംതന്നെയാണ്. ഏതുതരം രാഷ്ട്രീയത്തോടും സന്ധി ചെയ്യാൻ ഇവർക്ക് യാതൊരു ലജ്ജയുമില്ല. വർഗീയ ധ്രുവീകരണം വഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഈ രാഷ്ട്രീയ പിശാചുക്കൾ കൽപ്പിക്കുന്നത് നടപ്പാക്കുന്ന പ്രജ്ഞാശേഷിയില്ലാത്ത മണ്ടൻമാരായ അണികളാണ് ഈ പാർട്ടിയുടെ കരുത്ത്.
തലശേരിയിൽ മുസ്ലിംകളുടെയും നാദാപുരത്ത് ഹിന്ദുക്കളുടെയും മാറാട് ഇരുകൂട്ടരുടെയും രക്ഷകബിംബമായി പ്രത്യക്ഷപ്പെടുന്ന സി പി എമ്മിന് ഇത്തരം ഹീനമായ രാഷ്ട്രീയക്കളിയിൽ ലാഭമല്ലാതെ ചേതമുണ്ടായിട്ടില്ല. രണ്ട് സമുദായങ്ങൾ ഒരിക്കലും ഉണങ്ങാത്ത മുറിവുമായി കഴിയുമ്പോൾ ആ ക്ഷതം ഭേദപ്പെടുത്താനല്ല സി പി എം ശ്രമിച്ചിട്ടുള്ളത്. പുഴുവരിക്കുന്ന ചലമൊലിക്കുന്ന വ്രണമായി ഇരു സമുദായങ്ങളുടെ മനസ്സിൽ പൊറ്റകെട്ടി നിർത്താനാണ് സി പി എം ശ്രമിച്ചിട്ടുള്ളത്. മക്കൾ നഷ്ടപ്പെട്ട അമ്മമാരുടെയും ഭർത്താക്കൾ നഷ്ടപ്പെട്ട യുവവിധവകളുടെയും അച്ഛൻ നഷ്ടമായ മക്കളുടെയും കണ്ണീരും വ്യസനങ്ങളും വിലാപങ്ങളും ഈ രാഷ്ട്രീയ കാപാലികരുടെ മനസ്സിനെ ഒരിക്കലും ശല്യപ്പെടുത്താറില്ല. രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ അനാഥരും അശരണരുമാക്കപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി പണപ്പിരിവ് നടത്തി പുട്ടടിക്കുന്ന വഞ്ചന സി പി എമ്മിലല്ലാതെ മറ്റൊരു പാർട്ടിയിലും കാണാറില്ല. ഭാര്യമാരുടെയും അമ്മമാരുടെയും മക്കളുടെയും മുന്നിലിട്ട് പ്രിയപ്പെട്ടവരെ വെട്ടിനുറുക്കുന്നവർ ക്ലാസ്മുറിക്കുള്ളിൽ കുട്ടികളുടെ മുന്നിലും ഇതുതന്നെയാണ് ആവർത്തിക്കുന്നത്. അരുംകൊല പെരുകുമ്പോൾ വിധവകളുടെയും അനാഥബാല്യങ്ങളുടെയും നാടായി കേരളം മാറുകയാണ്. വീടിന്റെ മാത്രമല്ല നാടിന്റെകൂടി ശബ്ദവും വെളിച്ചവുമാണ് ഈ യുവാക്കളുടെ കൊലകളിലൂടെ തകർക്കപ്പെടുന്നത്. ആയുധത്തെ ആയുധംകൊണ്ട് നേരിടുന്നതിന് പകരം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാക്കി അതിനെ പരിവർത്തിപ്പിക്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം. നമ്മുടെ പ്രതീക്ഷകളും പ്രത്യാശകളും അസ്തമിക്കുകയാണ്. ഇരുട്ടാണ് എങ്ങും കട്ടപിടിച്ചുനിൽക്കുന്നത്. അവിടെ ആയുധങ്ങൾ രാകി മൂർച്ചപ്പെടുത്തുന്ന വെളിച്ചവും ശബ്ദവും നമ്മെ ഭീതിപ്പെടുത്തുന്നു. ‘അയ്യോ, കൊല്ലരുതെന്ന’ നിലവിളിക്ക് കാതോർക്കുന്ന ശപിക്കപ്പെട്ട നാടാണിന്ന് കേരളം. ദാരിദ്ര്യവും പട്ടിണിയും പങ്കുവെച്ച് കഴിച്ചിരുന്ന കേരളം ഇന്ന് ഒറ്റക്കൊറ്റക്കായി തിന്നുകയും ഉറങ്ങുകയുമാണ്.
ആലപ്പുഴ ചോരപ്പുഴയായി മാറുമ്പോള്- ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
