ഇത് സ്‌മോള്‍ കാപ് പദ്ധതികളില്‍ നിക്ഷേപിക്കുവാന്‍ മികച്ച സമയമാണോ;എന്തൊക്കെയായിരിക്കണം നിക്ഷേപകരുടെ തന്ത്രങ്ങള്‍

പിജഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ട് സീനിയര്‍ ഫണ്ട് മാനേജര്‍- ഇക്വിറ്റി അനിരുദ്ധ നഹയുമായുള്ള ചോദ്യോത്തരങ്ങള്

എന്താണ് സ്മോള്‍ കാപ് പദ്ധതികള്‍? ഇത് മിഡ്കാപ് പദ്ധതികളില്‍ നിന്നും ലാര്ജ് കാപ് പദ്ധതികളില്‍ നിന്നും എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത് ?

നിയന്ത്രണ സ്ഥാപനങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം സ്‌മോള്‍ കാപ് പദ്ധതികളുടെ നിക്ഷേപത്തില്‍ കുറഞ്ഞത് 65 ശതമാനമെങ്കിലും ചെറുകിട ഓഹരികളിലായിരിക്കണം.  ഓഫര്‍ ഡോക്യുമെന്റില്‍ നിര്‍വചിച്ചിരിക്കുന്നതു പോലെ ശേഷിക്കുന്ന 35 ശതമാനം വിപണി സാഹചര്യമനുസരിച്ചും കടപത്ര, മണിമാര്‍ക്കറ്റ് പദ്ധതികളിലുമായിട്ടാവാം. വിപണി മൂലധനമനുസരിച്ച് ആംഫി പ്രഖ്യാപിച്ചിട്ടുള്ള റാങ്കില്‍ മുകളിലുള്ള 250 കമ്പനികള്‍ക്കു ശേഷമുള്ള ഓഹരികളാണ് സ്‌മോള്‍ കാപ് വിഭാഗത്തില്‍ പെടുന്നത്.  ചെറുകിട കമ്പനികളെ പരിഗണിക്കുമ്പോള്‍ ശക്തമായ കാഷ് ഫ്‌ളോയും മികച്ച ബാലന്‍സ് ഷീറ്റുമുള്ളതും കോര്‍പറേറ്റ് ഭരണ രംഗത്തു സുപ്രധാന പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ കമ്പനികളെയാണു ഞങ്ങള്‍ പരിഗണിക്കുന്നത്. ന്യായമായ വിലയിലുള്ള വര്‍ധനവ്, ഓഹരികളില്‍ നിന്നുള്ള മികച്ച വരുമാനം എന്നിവയാണ് ഇവയുടെ മൂല്യനിര്‍ണയത്തിനുള്ള ചട്ടക്കൂടായി കണക്കാക്കുന്നത്.  വരുമാനത്തില്‍ വര്‍ധനവും പിഇ നിരക്കില്‍ പുനര്‍നിര്‍ണയത്തിനു സാധ്യതയും ഉള്ളപ്പോഴാണ് നേട്ടമുണ്ടാക്കാനാവുന്നത്.  ഇവ രണ്ടും മികച്ച നിലയിലാകുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്നതിലാണു ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്മോള്‍ കാപ് പദ്ധതികളില്‍ ആരൊക്കെ നിക്ഷേപിക്കണം?

തങ്ങളുടെ നിലവിലുള്ള ഓഹരി അധിഷ്ഠിത നിക്ഷേപത്തിനു പുറമെ ഉയര്‍ന്ന വരുമാന സാധ്യതയുള്ള, നഷ്ടസാധ്യതകള്‍ മറികടക്കുന്ന നിക്ഷേപ സാധ്യതകള്‍ തേടുന്നതും സ്‌മോള്‍ കാപ് പദ്ധതികളുടെ നഷ്ടസാധ്യതകള്‍ നേരിടാന്‍ കഴിവുള്ളതുമായ അഞ്ചു വര്‍ഷമെങ്കിലും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌മോള്‍ കാപ് പദ്ധതികളില്‍ നിക്ഷേപിക്കുന്നതു പരിഗണിക്കാം.

സ്മോള്‍ കാപ് പദ്ധതികളില്‍ എത്രകാലം നിക്ഷേപം തുടരണം?

അഞ്ചു വര്‍ഷമെങ്കിലും നിക്ഷേപം തുടരാന്‍ ഉദ്ദേശിക്കുന്നവരാണ് സ്‌മോള്‍ കാപ് പദ്ധതികളില്‍ നിക്ഷേപിക്കേണ്ടത്.  നഷ്ട സാധ്യതകള്‍ ഒരു പരിധി വരെ കുറക്കാനും വിപണിയുടെ കയറ്റിറക്കങ്ങളെ കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ ഒഴിവാക്കാനുമായി മ്യൂചല്‍ ഫണ്ടുകളുടെ എസ്‌ഐപി പ്രയോജനപ്പെടുത്താവുന്നതാണ്.

ദീര്ഘകാല വീക്ഷണത്തോടെയുള്ള നിക്ഷേപങ്ങള്ക്ക് സ്മോള്‍ കാപ് പദ്ധതികള്‍ മികച്ചതാണോ?

ദീര്‍ഘകാലത്തില്‍ മറ്റേതു നിക്ഷേപ മേഖലയെ അപേക്ഷിച്ചും മികച്ച വരുമാനം നല്‍കുന്നതായാണ് ഓഹരികള്‍ കണക്കാക്കപ്പെടുന്നത്.  പണപ്പെരുപ്പത്തെ മറികടന്നുള്ള വരുമാനവും ഇവ നല്‍കും. ഓരോരുത്തരുടേയും നഷ്ടസാധ്യത വഹിക്കാനുള്ള കഴിവനുസരിച്ച് ഇതില്‍ നിക്ഷേപിക്കാം.  ഓഹരികള്‍ക്കിടയില്‍ ചെറുകിട ഓഹരികള്‍ ഹ്രസ്വകാലത്തില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്നവയുമാണ്.  പക്ഷേ, മികച്ച രീതിയില്‍ ആസൂത്രണം ചെയ്യപ്പെടുന്ന ഒരു പദ്ധതിയാണെങ്കില്‍ ദീര്‍ഘകാലത്തില്‍ നഷ്ടസാധ്യതയെ മറികടന്നുള്ള നേട്ടം കൈവരിക്കാനുള്ള സാധ്യതയും അതിനുണ്ട്.  നിക്ഷേപകര്‍ വകയിരുത്തല്‍ നടത്തും മുന്‍പ് അവരുടെ മൊത്തം ആസ്തികളുടെ വകയിരുത്തലും നഷ്ടസാധ്യത വഹിക്കാനുള്ള കഴിവും വിലയിരുത്തണം.  ദീര്‍ഘകാലത്തില്‍ വരുമാനം വര്‍ധിക്കാനുള്ള കഴിവും പിഇ നിരക്ക് പുനര്‍നിര്‍ണയിക്കാനുള്ള സാധ്യതയുമാണ് ഞങ്ങള്‍ പരിഗണിക്കുന്നത്.  ഈ രണ്ടു സാധ്യതകളുമുള്ള കമ്പനികളാണ് സ്‌മോള്‍ കാപ് പദ്ധതി പരിഗണിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നത്.  ഇത് ശരാശരിക്കും മുകളിലുള്ള വരുമാനം നേടുന്നതിലേക്കു നയിച്ചേക്കാം.  അതുകൊണ്ട് ദീര്‍ഘകാല വീക്ഷണത്തോടെയുള്ള നിക്ഷേപകര്‍ സ്‌മോള്‍ കാപ് പദ്ധതികള്‍ നിക്ഷേപത്തിനായി പരിഗണിക്കണം.

എത്ര ശതമാനം സ്മോള്‍ കാപ് പദ്ധതിയില്‍ നിക്ഷേപിക്കാം?

നിക്ഷേപകര്‍ തങ്ങളുടെ നഷ്ട സാധ്യത വഹിക്കുവാനുള്ള കഴിവ്, നിക്ഷേപ കാലാവധി, പ്രത്യേക സാമ്പത്തിക ലക്ഷ്യങ്ങള്‍, ചെലവഴിക്കാനാവുന്ന വരുമാനം തുടങ്ങിയവയെല്ലാം പരിഗണിച്ച ശേഷമായിരിക്കണം മൊത്തത്തിലുള്ള ആസ്തി വകയിരുത്തല്‍ നടത്തേണ്ടത്.  ഓഹരികള്‍ക്കിടയില്‍ തങ്ങളുടെ മുഖ്യ വകയിരുത്തലിനു പുറമേയുള്ള നിക്ഷേപമായാണ് സ്‌മോള്‍ കാപിലേക്കുള്ള വകയിരുത്തല്‍ പരിഗണിക്കേണ്ടത്. നിലവിലുള്ള മൂല്യം, സാമ്പത്തിക സാഹചര്യങ്ങള്‍, നഷ്ടസാധ്യത നേരിടാനുള്ള കഴിവ് എന്നിവയെല്ലാം കണക്കിലെടുത്ത് ഇത് ഓഹരി മേഖലയിലേക്കുള്ള വകയിരുത്തലിന്റെ 10 മുതല്‍ 30 ശതമാനം വരെയാകുകയും ചെയ്യാം.  വകയിരുത്തലിന്റെ കൃത്യമായ അനുപാതം നിശ്ചയിക്കാന്‍ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുമായി ചര്‍ച്ച നടത്തുന്നതാണ് നല്ലത്.

ഏതെല്ലാം മേഖലകളിലാണ് സ്‌മോള്‍ കാപ് പദ്ധതികള്‍ നിക്ഷേപിക്കുക?

സ്‌മോള്‍ കാപ് പദ്ധതികള്‍ പൊതുവെ ബോട്ടം-അപ് രീതിയാണ് പിന്തുടരുക.  വളരെ ചെറുതും വളര്‍ന്നു വരുന്നതുമായവ അടക്കം വളരെ വിപുലമായ മേഖലകളിലേക്കു പടര്‍ന്നു കിടക്കുന്ന ഒരു ലോകമാണ് ഇവയുടേതെന്നതിനാല്‍ ബിസിനസും മാനേജുമെന്റ് ഗുണനിലവാരവും പരിഗണിച്ച ശേഷമായിരിക്കും ഫണ്ട് മാനേജര്‍ തീരുമാനമെടുക്കുക.  ലാര്‍ജ് കാപ്, മിഡ് കാപ് പദ്ധതികള്‍ക്ക് പരിമിതമായ സാന്നിധ്യം മാത്രമുള്ള മേഖലകളില്‍ സ്‌മോള്‍ കാപ് പദ്ധതിക്ക് അര്‍ത്ഥവത്തായ നിക്ഷേപങ്ങള്‍ നടത്താനാവും.  ടെക്‌സ്റ്റൈല്‍സ്, നിര്‍മാണം, കെമിക്കല്‍സ്, ഐടി ഉല്‍പന്ന കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി ഇന്ത്യയിലെ പ്രധാന സൂചികകളില്‍ പ്രാതിനിധ്യമില്ലാത്തവ ഇതിന് ഉദാഹരണമാണ്.

സ്മോള്‍ കാപ് മ്യൂചല്‍ ഫണ്ടുകളുടെ ഭാവി എങ്ങനെയാണ്?

സമ്പദ്ഘടന ഒരു ഇടിവില്‍ നിന്ന് തിരിച്ചു വരികയാണ്. സാമ്പത്തിക തിരിചു വരവ് സ്‌മോള്‍ കാപുകള്‍ ഉള്‍പ്പെടെയുള്ളവ അടങ്ങിയ വിപണിയുടെ വിപുലമായ തിരിച്ചു വരവുമായി ബന്ധപ്പെട്ടിരിക്കുന്നു.  താഴ്ന്ന നിലയില്‍ മാത്രം വാങ്ങപ്പെടുകയും ഗവേഷണം ചെയ്യപ്പെടുകയും ചെയ്യുന്ന മേഖലയാണ് സ്‌മോള്‍ കാപിന്റേത്.  മുന്നോട്ടു പോകുമ്പോള്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതയാണിതു നല്‍കുന്നത്.  മികച്ച സ്‌മോള്‍ കാപ് കമ്പനികള്‍ മിഡ് കാപ് കമ്പനികളാകുന്നതും തുടര്‍ന്ന് ലാര്‍ജ് കാപ് കമ്പനികളാകുന്നതും നാം കണ്ടിട്ടുണ്ട്.  സ്‌മോള്‍ കാപ് പദ്ധതികളില്‍ നിക്ഷേപിച്ച് സ്‌മോള്‍ കാപ് കമ്പനികളുടെ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താം.

Related posts

Leave a Comment