പറഞ്ഞതെല്ലാം കളവ്, പഠിക്കാന്‍ കുട്ടികള്‍ മരത്തില്‍ കയറേണ്ട സ്ഥിതി

തിരുവനന്തപുരംഃ അനന്തബാബു ഒറ്റയ്ക്കല്ല. ഇടുക്കി, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ ഒരു ഡസണോളം കുട്ടികളെങ്കിലും പഠനത്തിനിടെ വീണ് പരുക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. പഠനാവശ്യങ്ങള്‍ക്കു വേണ്ടി മരത്തിലും മലയിലും ഏറുമാടങ്ങളിലും കെട്ടിടങ്ങളിലുമൊക്കെ കയറിയവരാണ് നിലത്തു വീണു പരുക്കേറ്റത്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ പരാതിപ്പെടാതെ ചികിത്സയ്ക്കു പോവുകയായിരുന്നു എല്ലവാരും. എന്നാല്‍, കണ്ണൂര്‍ വനമേഖലയായ പന്നിയോട് ആദിവാസി കോളനിയിലെ ബാബുവിന്‍റെയും ഉഷയുടെയും മകന്‍ അനന്തു മരത്തില്‍ നിന്നു വീണ് നട്ടെല്ലും കാലും തകര്‍ന്നതോടെ നില്‍ക്കക്കള്ളി നഷ്ടപ്പെട്ടപ്പോഴാണു പുറംലോകത്തേക്കു വാര്‍ത്ത പരന്നത്. അപ്പോഴും നിസംഗമായി സര്‍ക്കാര്‍.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നായിരുന്നു അധികാരമേറ്റതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. മുഴുവന്‍ കുട്ടികള്‍ക്കും മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ക്ലാസ് മുറികളില്‍ സൗകര്യം തുടങ്ങിയവ നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ 4,71,594 കുട്ടികള്‍ ഇപ്പോഴും ഈ സംവിധാനങ്ങള്‍ക്കു പുറത്താണെന്നു സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. യഥാര്‍ഥ കണക്ക് ഇതിലും വളരെ ഉയര്‍ന്നതാണെന്നാണ് അധ്യാപകരും കുട്ടികളും പറയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊബൈല്‍ ചലഞ്ച് പേരിനു മാത്രമാണു പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍, പിടിഎ, ഉദാരമതികള്‍, ജനപ്രതിനിധികള്‍, ചലച്ചിത്രതാരങ്ങള്‍, വ്യാപാരി വ്യവസായികള്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ ഒരുക്കിയ മൊബൈല്‍ ചെലഞ്ച്- പഠനോപകരണ വിതരണങ്ങളുടെ പേരിലാണ് സര്‍ക്കാര്‍ ഊറ്റം കൊള്ളുന്നത്.

സംസ്ഥാനത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും മൊബൈല്‍ ടവര്‍ സ്ഥാപിച്ച് സ്ഥാപിത ശേഷി വര്‍ധിപ്പിക്കുമെന്ന് മൊബൈല്‍ സേവന ദാതാക്കള്‍ നല്‍കിയ ഉറപ്പ് പാലിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. സേവനദാതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതല്ലാതെ വേറൊന്നും ചെയ്തില്ല. ദുര്‍ബല വിഭാഗക്കാര്‍ക്കു സര്‍ക്കാര്‍ സൗജന്യമായി ലാപ് ടോപ് നല്‍കുമെന്ന വാഗ്ദാനവും പെരുവഴിയിലായി. ഗുണമേന്മായില്ലാത്ത ലാപ് ടോപ്പുകള്‍ പ്രവര്‍ത്തനസജ്ജമെല്ലെന്നു കണ്ടതിനെത്തുടര്‍ന്ന് അവരുമായുള്ള കരാര്‍ പോലും റദ്ദാക്കുന്ന സാഹചര്യമുണ്ടായി.

ജൂലൈ മുപ്പത്തൊന്നിനു മുന്‍പ് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി, പര്സപര ആശയവിനിമയത്തോടെയുള്ള ക്ലാസുകള്‍ തുടങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.‌ എന്നാല്‍ ഓഗസ്റ്റും പിന്നിട്ട് ഒന്നാമത്തെ ടേം അവസാനിച്ചിട്ടും ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് പുതിയ ക്ലാസുകളുടെ ആദ്യപാഠം പോലും ലഭിച്ചില്ല.

Related posts

Leave a Comment