‘ഞങ്ങൾ അസ്വസ്ഥരാണ്!’ -സീനിയേഴ്സ് ഫ്രം കേരള

മാത്യു കെ വർഗീസ്

1990 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നു. ലോക ജനസംഖ്യയുടെ മുഴുവൻ തുകയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി വർദ്ധിച്ചിരിക്കുന്ന വൃദ്ധ ജനതയുടെ മാത്രം ജനസംഖ്യ വഴിതെളിച്ചത് ആഗോളതലത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളിലേക്കായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ 1.5 ബില്യൻ ആളുകൾ വൃദ്ധരായിരിക്കും എന്ന് സൂചിപ്പിക്കുന്നു. ഈ വർദ്ധനവിനെ പോസിറ്റീവായി വരവേൽക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് വാർദ്ധക്യ പരിപാലന മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ ലോകത്തിനു മാതൃകയായി നിലകൊള്ളുന്നത്. ലോകജനതയുടെ സ്വകാര്യ ചിന്തയെ തങ്ങളുടെ യൗവന പ്രായത്തിൽ തന്നെ വാർദ്ധക്യത്തിലേക്ക് നോക്കുവാൻ വഴിതെളിച്ച സ്വിറ്റ്സർലാൻഡ് ജനതയുടെ ‘ടൈം ബാങ്ക്’ സങ്കൽപം അതിനൊരു ഉദാഹരണം മാത്രമാണ്. ഒരാൾ തന്റെ യൗവനത്തിലോ മധ്യവയസ്സിലോ പ്രായമായ ഒരു വ്യക്തിയെ പരിചരിക്കുന്നതിൽ തന്റെ സമയം ചിലവഴിച്ചിട്ടുണ്ടെങ്കിൽ ആ സമയം സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിൽ സേവ് ചെയ്യപ്പെടുകയും, പ്രസ്തുത വ്യക്തി പ്രായമാകുമ്പോൾ ഈ സേവിങ്ങിന്റെ പിൻബലത്തോടെ മാന്യവും സുരക്ഷിതവുമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന സങ്കല്പമാണ് ‘ടൈം ബാങ്ക്’. ഒരുപക്ഷേ അവിടെ നിറവേറപ്പെടുന്നത് ഒരു മകൻ അല്ലെങ്കിൽ ഒരു മകൾ എന്ന നിലയിൽ ചില അടിസ്ഥാന ഉത്തരവാദിത്വങ്ങൾ കൂടിയാണെങ്കിൽ പോലും അവർ നൽകുന്ന സാമൂഹിക സുരക്ഷിതത്വതിന്റെ സന്ദേശം ചെറുതല്ല.

ഇത്തരം രാജ്യങ്ങളിൽ വാർദ്ധക്യം തങ്ങളെ കീഴടക്കി എന്ന ബോധ്യം വ്യക്തികളിൽ ഉദിച്ചു തുടങ്ങുമ്പോഴേ അവർ സ്വമേധയാ വയോജന ആവാസ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നു. 60 വയസ്സിന് ശേഷം തങ്ങളുടെ വീടില്ലാതെ, തങ്ങളുടെ ഉറ്റവർ ഇല്ലാതെ, സന്തോഷ പൂർണമായി മറ്റൊരിടത്ത് ജീവിക്കുവാൻ ആ രാജ്യങ്ങൾ തങ്ങളുടെ ജനതയെ പ്രാപ്തരാക്കി എന്നതാണ് വാസ്തവം. വാർദ്ധക്യത്തിലെത്തിയ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതുപോലെ സുരക്ഷിതവും സമാധാനപരവുമായ ജീവിതം, സമ്പൂർണ ആരോഗ്യപരിചരണം, ശരീരത്തിന് അനുയോജ്യമായ ഭക്ഷണം, മാനസിക ഉല്ലാസത്തിനായി പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ സേവനം, ‘ആക്ടീവ് ഏജിങ്ങിലേക്ക്’ നയിക്കുന്ന ജീവിതരീതികൾ, ഇതിലെല്ലാമുപരി ഒരേ പ്രായക്കാർ ഒരു കുട കീഴിൽ അണിനിരക്കുമ്പോൾ ഉണ്ടാവുന്ന സൗഹൃദത്തിന്റെ സന്തോഷവും. ഈ പറഞ്ഞതൊന്നും ഒരു വീടിന് പകരമാവില്ലായെങ്കിലും ഏകാന്തതയിൽ നിന്നും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ഒരു ‘വൾണറബിൾ ഗ്രൂപ്പിനെ’ കൈപിടിച്ചുയർത്തുന്ന ബദൽ സംവിധാനങ്ങളാണ് ഇത്തരം സൗകര്യങ്ങൾ. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉഛസ്ഥായിയിൽ എത്തിനിൽക്കുന്ന ഒരു ശരാശരി മലയാളിക്ക് ഇന്നും ഇതിനെ പറ്റിയൊന്നും സങ്കൽപ്പിക്കുവാൻ പോലും കഴിയുന്നില്ല എന്ന സാഹചര്യത്തിലാണ് നമ്മുടെ സാമൂഹിക സംവിധാനങ്ങളുടെ അപചയങ്ങൾ വെളിപ്പെടുന്നത്.

അധികമാരും കടന്നു ചെല്ലുവാൻ ആഗ്രഹിക്കാത്ത മുഷിഞ്ഞ ഗന്ധവും, കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും, കണ്ണുനിറയ്ക്കുന്ന കഥകളും ഉള്ളതാണ് ഇന്ന് നമ്മുടെയൊക്കെ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്ന ‘ഓൾഡ് ഏജ് ഹോമുകൾ. അവയിൽ നിന്നും മാറി ചിന്തിക്കുവാൻ ഉള്ള അവസരങ്ങൾ പോലും നമ്മുടെ സർക്കാർ സംവിധാനങ്ങൾ സൃഷ്ടിക്കുന്നില്ലാ എന്നത് ദൂരവ്യാപകമായി നമ്മുടെ സമൂഹത്തെ വലിയൊരു സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

കേവലം കുറച്ചു വർഷങ്ങൾ മുമ്പ് വരെ ഉന്നതവിദ്യാഭ്യാസം കൈവരിച്ചതിനുശേഷം ഒരു ജോലി എന്ന സ്വപ്നവുമായി ആയിരുന്നു നമ്മുടെ ചെറുപ്പക്കാർ വിദേശരാജ്യങ്ങൾ തിരഞ്ഞെടുത്തു കൊണ്ടിരുന്നത്. തൽഫലമായി ഉടലെടുത്തു കൊണ്ടിരുന്ന ‘ബ്രെയിൻ ഡ്രൈയിൻ’ എന്ന് ഭീകരമായ അവസ്ഥ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും മാനവവിഭവശേഷിയിൽ വരുത്തിയിരുന്നു വിള്ളൽ അത്രവേഗം കൂട്ടി യോജിപ്പിക്കുവാൻ സാധിക്കുന്നതല്ല. എന്നാൽ, നിലവിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിയുന്നതോടുകൂടി തന്നെ ചെറുപ്പക്കാർ വിദേശ വിദ്യാഭ്യാസമെന്ന ഓപ്ഷനിലേക്ക് ചുരുങ്ങുന്നു. ഈ ലേഖനത്തിന്റെ ആമുഖത്തിൽ സൂചിപ്പിച്ച 2050 ലെ വൃദ്ധ ജനസംഖ്യയുടെ പെരുപ്പം കേരളത്തിലും അലയൊലികൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല. അതിനോടൊപ്പം തന്നെ നമ്മുടെ ചെറുപ്പക്കാരുടെ വിദേശ പലായനവും കൂടിയാവുമ്പോൾ ഗ്രേയിങ് സ്റ്റേറ്റ് ( നരകിക്കുന്ന സംസ്ഥാനം) എന്ന പദവിയിൽ ആയിരിക്കും നാം എത്തിപ്പെടുന്നത്. അപ്പോൾ ആ സാഹചര്യങ്ങളെ നേരിടുവാൻ മുന്നൊരുക്കങ്ങൾ നടത്തുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നിരിക്കെ തന്നെ, ഓരോ ദിവസവും സർക്കാരുകൾ ചെയ്തുകൂട്ടുന്നത് കാളവണ്ടി യുഗത്തിലേക്കുള്ള ‘സിൽവർലൈൻ പദ്ധതി’
കളാണ്.

വാതിൽപ്പടി രാഷ്ട്രീയവും ഡിജിറ്റൽ ഇക്വിറ്റിയും

ഐക്യരാഷ്ട്രസഭയെ പുറം തിരിഞ്ഞു നിന്നുകൊണ്ട് വെല്ലുവിളിക്കുന്ന തരത്തിലുള്ളൊരു പദ്ധതിക്കാണ് സംസ്ഥാന ഗവൺമെന്റ് കഴിഞ്ഞ ദിവസം രൂപരേഖകൾ പുറത്തുവിട്ടത്. 2021 ലെ രാജ്യാന്തര വയോജന ദിനത്തിത്തിന് ഐക്യ രാഷ്ട്ര സഭ നൽകിയിരിക്കുന്ന പ്രഖ്യാപിത നയമാണ് ‘ഡിജിറ്റൽ ഇക്വിറ്റി’. ഒരു മഹാവ്യാധിയുടെ കടന്നുവരവോടെ സർവ്വ ലൗകികമായി നല്ലൊരു ശതമാനം ആളുകളും ഡിജിറ്റൽ ഇടങ്ങളുടെ വിശാലമായ സാധ്യതകളെ ഇരുകൈകളും നീട്ടി സ്വീകരിച്ചപ്പോൾ ‘സബ്ജക്ട് നോളജിന്റെ’ ആഭാവത്തിൽ പിൻ തള്ളപ്പെട്ട ജനവിഭാഗമാണ് വൃദ്ധ ജനത. എന്നാൽ ആ വിവേചനത്തെ വരുന്ന ഒരു വർഷത്തിനുള്ളിൽ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഐക്യ രാഷ്ട്ര സഭ മുമ്പിലേക്ക് വെക്കുന്നത്. വിവരസാങ്കേതികതയുടെ ചുവടുപിടിച്ച് അരങ്ങേറപ്പെടുന്ന മാനസിക-ശാരീരിക- സാമൂഹിക ഉല്ലാസങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വിദ്യാഭ്യാസ പ്രക്രിയകൾ, സാമൂഹിക മാധ്യമങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം, ഓൺലൈൻ കമ്പോളം തുടങ്ങിയ അനന്തമായ സാധ്യതകൾ ഈ 365 ദിവസങ്ങൾ കൊണ്ട് വൃദ്ധ ജനതയിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇത്രയും പുരോഗമനമായി അവർ ചിന്തിക്കുമ്പോഴാണ് ‘വാതിൽപടി’ സേവനവുമായി നമ്മുടെ സംസ്ഥാന ഗവൺമെന്റ് കടന്നുവരുന്നത്. ആശയപരമായി ഒരു പരിധിവരെ അംഗീകരിക്കാവുന്ന പദ്ധതിയാണ് ഇതെങ്കിലും, സാമൂഹികമായി നമ്മുടെ നാടിനെ എത്രമാത്രം പിന്നിലേക്ക് നയിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മസ്റ്ററിംങ്ങും, പെൻഷനും, പെൻഷൻ പുതുക്കലുമൊക്കെ വ്യക്തവും സുതാര്യവുമായ സാങ്കേതികവിദ്യകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഭംഗിയായി ക്രമീകരിക്കുവാൻ കെൽപ്പുള്ളപ്പോഴാണ് ഇത്തരം ‘ഹംസ ദൂത് യുഗ’ ത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. പ്രളയത്തിന്റെയും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനായി രൂപംനൽകിയ സന്നദ്ധസേനാ പ്രവർത്തകരെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ട്വിസ്റ്റിലാണ് ഇതിന്റെ രാഷ്ട്രീയവശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളാണ് സന്നദ്ധപ്രവർത്തകരുടെ അന്തിമപട്ടിക അതത് പഞ്ചായത്തുകളിൽ ക്രമപ്പെടുത്തുന്നത്. അല്പംകൂടി കൃത്യമായി പറഞ്ഞാൽ രാഷ്ട്രീയക്കാർ. കണക്കുകൾ പ്രകാരം നമ്മുടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 514 ഉം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എന്തുകൊണ്ടും ലാഭം കച്ചവടം തന്നെയാണ് ‘വാതിൽപടി സേവനം’. ജനസംഖ്യാ പെരുപ്പത്തിന് അതിനനുസൃതമായി കാലോചിത മാറ്റങ്ങൾ ഒന്നും തന്നെ തുടങ്ങുവാൻ സർക്കാർ ശ്രമിക്കുന്നില്ലാ എങ്കിലും, ദൂരവ്യാപകമായുള്ള ‘പാർട്ടി’ യുടെ വളർച്ച ഉറപ്പു വരുത്തുവാൻ അവർ ജാഗരൂകരാണ്.

Related posts

Leave a Comment