യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; പൊളിഞ്ഞത് സിപിഎം- പൊലീസ് ഗൂഡാലോചന : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പൊലീസും സിപിഎം നേതാക്കളും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായത്. വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി ഇറങ്ങി പോയ ശേഷമാണ് യുവാക്കൾ പ്രതിഷേധിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും ദുഷ്ടലാക്കോടെയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ പൊതുസമൂഹത്തിന് മുന്നിൽ തലകുനിച്ച് നടക്കേണ്ടി വന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളിൽ നിന്നും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്, സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉന്നതരും ചേർന്ന് ഇവരെ കരുക്കളാക്കി കള്ളക്കഥ മെനഞ്ഞത്. പക്ഷെ ഈ കള്ളക്കഥയും ഗൂഡാലോചനയുമൊന്നും നീതിന്യായ വ്യവസ്ഥയെ സ്വാധീനിച്ചില്ലെന്ന്് തെളിയിക്കുന്നതാണ് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉൾപ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡിഗോ എയർലൈൻസ് മാനേജരെ സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന തരത്തിൽ വ്യാജ റിപ്പോർട്ടുണ്ടാക്കിയത് പൊലീസ് അസോസിയേഷന്റെ മുൻ ഭാരവാഹിയായ എസിപിയുടെ നേതൃത്വത്തിലായിരുന്നു. ഈ റിപ്പോർട്ടിനെതിരെ ഇൻഡിഗോയ്ക്ക് നൽകിയ പരാതിയിലും കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ വകവരുത്താൻ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കടന്ന ഡിവൈഎഫ്‌ഐ ഗുണ്ടകൾക്ക് സ്റ്റേഷൻ ജാമ്യം നൽകിയ പൊലീസാണ് വിമാനത്തിൽ മുഖ്യമന്ത്രി ഇറങ്ങിപ്പോയശേഷം രണ്ടുവരി മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസുകാരെ കൊലപാതക കുറ്റവും ഭീകരപ്രവർത്തനവും ചുമത്തി ജയിലിൽ അടയ്ക്കാൻ ശ്രമിച്ചത്. ഇവരെ ചവിട്ടി താഴെയിട്ട് മൃഗീയമായി മർദ്ദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കാനും ഈ പൊലീസ് തയാറായിട്ടില്ല. സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ പോലെ പ്രവർത്തിക്കുന്ന പൊലീസുകാർ, ഞങ്ങളുടെ പ്രവർത്തകർക്കെതിരെ ലാത്തിയും ഗ്രനേഡും ജലപീരങ്കിയും തിരിക്കുന്നതിന് മുമ്പ്, നീതിയും നിയമവും ആണോ നടപ്പാക്കുന്നതെന്ന് കൂടി ആലോചിക്കണം. പ്രതിഷേധിച്ച ഈ ചെറുപ്പക്കാർ മദ്യലഹരിയിൽ ആയിരുന്നെന്ന പച്ചക്കള്ളം ഇ.പി ജയരാജൻ പലകുറി ആവർത്തിച്ചു. വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും അപകീർത്തികരമായ പ്രസ്താവന തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ ഭരണ മുന്നണി കൺവീനർ തയാറാകാത്തത് പ്രതിഷേധാർഹമാണ്. സ്വർണക്കടത്ത് കേസ് പ്രതിയുടെ ആരോപണങ്ങളിൽ മുഖം നഷ്ടമായ സിപിഎമ്മും സർക്കാരും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ പ്രതിഷേധങ്ങളെ ഇനിയും ചോരയിൽ മുക്കാമെന്ന് കരുതേണ്ട. ‘ഒരു ചുക്കും ചെയ്യില്ലെന്ന’ ഫ്ളക്സ് ബോർഡുകൾ നാട്ടിലെങ്ങും ഉയർത്തിക്കെട്ടി മുഖ്യമന്ത്രിയെ വെളുപ്പിച്ചെടുക്കാനുള്ള ഈ വെപ്രാളം, കാലം നിങ്ങൾക്കുവേണ്ടി കരുതി വച്ച നീതിയാണെന്ന് മറക്കരുത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരെ നിങ്ങൾ ഉയർത്തിയ ആക്ഷേപങ്ങൾ ഇപ്പോഴും നിങ്ങളെ തന്നെയാണ് തുറിച്ച് നോക്കുന്നത്. ടി.പിയുടെ കുടുംബത്തിന്റെയും യുഎപിഎ കേസിൽപ്പെടുത്തി നിങ്ങൾ ഇല്ലാതാക്കൻ ശ്രമിച്ച രണ്ട് ചെറുപ്പക്കാരുടെയുമൊക്കെ കണ്ണുനീർ ഇപ്പോഴും നിങ്ങൾക്ക് മേലുണ്ട്. ഒരു കാലവും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related posts

Leave a Comment