വെബ്സൈറ്റുകൾ നിശ്ചലമായി; പരീക്ഷാഫലം അറിയാനാവാതെ കുട്ടികൾ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച വെബ്സൈറ്റുകൾ മണിക്കൂറുകളോളം നിശ്ചലമായത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. ഉച്ചയ്ക്ക് രണ്ടുമണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയത്. മൂന്ന് മണിയോടെ http://keralapareekshabhavan.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inhttps://keralaresults.nic.in/www.prd.kerala.gov.inwww.sietkerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ പരീക്ഷാഫലം അറിയാമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഈ വെബ്സൈറ്റുകൾ പ്രവർത്തനക്ഷമമായില്ല.
വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ ഇൻവാലിഡ് എന്ന സന്ദേശമാണ് ലഭിച്ചുകൊണ്ടിരുന്നത്. അതിനാൽ, പരീക്ഷാഫലം തടഞ്ഞുവെച്ചിരിക്കുകയാണോയെന്നായിരുന്നു പലരുടെയും ആശങ്ക. ഇതോടെ മാധ്യമ ഓഫീസുകളിലേക്ക് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നൂറു കണക്കിന് ഫോൺകോളുകളാണ് എത്തിയത്. വെബ്സൈറ്റിന്റെ  തകരാർ മന്ത്രിയുടെ ഓഫീസിൽ അറിയിച്ചപ്പോൾ സാങ്കേതിക പ്രശ്നമാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട്, വൈകുന്നേരം നാലുമണിയോടെ പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന്  മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എന്നാൽ, നാലുമണിക്ക് ശേഷവും ഭാഗികമായി മാത്രമേ വെബ്സൈറ്റുകൾ പ്രവർത്തനക്ഷമമായുള്ളൂ. കോവിഡിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് എസ്എസ്എൽസി പരീക്ഷ നടത്തിയെന്നും ഫലപ്രഖ്യാപനം നടത്താനായെന്നും അവകാശവാദം മുഴക്കിയെങ്കിലും യഥാസമയം വിദ്യാർത്ഥികൾക്ക് ഫലമെത്തിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് പരാജയമായി. ആറ് വെബ്സൈറ്റുകളും ഒരു ആപ്പും ഇതിനായി ക്രമീകരിച്ചിട്ടുണ്ടെന്നാണ് ‌രണ്ടുദിവസം മുന്നേ സർക്കാർ അറിയിച്ചിരുന്നത്.

Related posts

Leave a Comment