നാം – കരുത്തരാവുക, കരുതലാവുക : യൂത്ത്ഫോറം കാമ്പയിന് തുടക്കം

ദോഹ : “നാം കരുത്തരാവുക കരുതലാവുക” എന്ന തലക്കെട്ടിൽ യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന് തുടക്കമായി. ഒക്ടോബർ 15 മുതൽ നവംബർ 15 വരെയാണ് കാമ്പയിൻ. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക അകലം, സാമ്പത്തിക അസ്ഥിരത, തൊഴിൽ രാഹിത്യം, സമ്മർദ്ദങ്ങൾ തുടങ്ങി വ്യത്യസ്ത കാരണങ്ങളാൽ പ്രവാസി യുവാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ അഭിമുഖീകരിക്കുക, സമീപകാലത്തായി സമൂഹത്തിൽ വർധിച്ചു വരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ സഹോദര്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങളിലൂന്നി ചെറുത്തു തോല്പിക്കാൻ യൗവനത്തെ പ്രാപ്തമാക്കുക എന്നീ ദ്വിമുഖ ലക്ഷ്യങ്ങളാണ് കാമ്പയിനുള്ളത്.
കാമ്പയിനോടാനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസെഴ്സ് മീറ്റ്, കൗൺസിലേഴ്സ് & സോഷ്യൽ വർക്കേഴ്സ് ഗാതെറിങ്, അരികുവൽക്കരിക്കപ്പെട്ട പ്രവാസി കലാകാരന്മാരുടെ പാട്ടും പറച്ചിലും, ദോഹയിലെ ചലച്ചിത്ര പ്രവർത്തകരുടെയും സിനിമ പ്രേമികളുടെയും ഒത്തുചേരൽ (മാറുന്ന സിനിമയുടെ വർത്തമാനങ്ങൾ ) എന്നിവ അതിൽ ഉൾപ്പെടും.
കാമ്പയിൻ ഉപഹാരമായി അർഹരായ ഒരു കുടുംബത്തിന് യൂത്ത് ഫോറം വീട് നിർമ്മിച്ചു നൽകും.
കാമ്പയിൻ പ്രഖ്യാപന സമ്മേളനത്തിൽ യൂത്ത്ഫോറം ഖത്തർ പ്രസിഡന്റ് എസ്.എസ് മുസ്തഫ, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ് ഉസ്മാൻ പുലാപ്പറ്റ, കേന്ദ്ര സമിതി അംഗങ്ങളായ ഹബീബ് റഹ്മാൻ, അതീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment