കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതായാത്രക്ക് നാളെ (നവംബര്‍ 30) തുടക്കമാവും. നാളെ തുടക്കം കുറിച്ച് ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളിലായി മൂന്ന് നിയോജകമണ്ഡലങ്ങളിലും നടക്കുന്ന ജനജാഗ്രതായാത്രകള്‍ കല്‍പ്പറ്റയില്‍ സംഗമിക്കുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്, കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ എം എല്‍ എയും ഡി സി സി പ്രസിഡന്റുമായ എന്‍ ഡി അപ്പച്ചന് മാനന്തവാടിയില്‍ നിന്നും, അഡ്വ. ടി സിദ്ദിഖ് എം എല്‍ വടുവഞ്ചാലില്‍ നിന്നും, ഐ സി ബാലകൃഷ്ണന് എം എല്‍ എ ബത്തേരിയില്‍ നിന്നും പദയാത്രയായി ജാഥ നയിക്കും. ഡിസംബര്‍ രണ്ടിന് വൈകിട്ട് മൂന്ന് പദയാത്രകളും കല്‍പ്പറ്റ എസ് കെ എം ജെ സ്കൂള്‍ പരിസരത്ത് സംഗമിച്ച് കല്‍പ്പറ്റ ടൗണിലേക്ക് വലിയ ജാഥയായി എത്തിച്ചേരും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യമൊട്ടാകെ നടക്കുന്ന ജന്‍ ജാഗരണ്‍ അഭിയാന്റെ ഭാഗമായാണ് ജില്ലയിലും ജനജാഗ്രതായാത്ര സംഘടിപ്പിക്കുന്നത്. കര്‍ഷക മേഖലയായ വയനാട് നേരിടുന്ന പ്രശ്നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണവീഴ്ചകളും യാത്രയില്‍ ചര്‍ച്ചയാകും. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള ബഹുജന സമ്പര്ക്കപരിപാടിയാണിത്. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിലൂടെ ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കപ്പെടുകയാണ്. അതിരൂക്ഷമായ പണപ്പെരുപ്പവും അസഹനീയമായ വിലക്കയറ്റവും കോടാനുകോടി ഭാരതീയരുടെ നിത്യജീവിതത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജന്‍ ജാഗരണ്‍ അഭിയാന് എന്ന പ്രക്ഷോഭ പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വമ്പിച്ച ജനരോക്ഷം ഈ സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ട് വരികയും അതിലൂടെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിപ്പിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുകയാണ് ഈ പ്രക്ഷോഭപരിപാടി കൊണ്ട് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഡിസംബര്‍ രണ്ടിന് വൈകുന്നേരം കല്‍പ്പറ്റയില്‍ നടക്കുന്ന സമപനസമ്മേളനം കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ നയിക്കുന്ന കല്‍പ്പറ്റ നിയോജകമണ്ഡലം ജാഥയുടെ ഉദ്ഘാടനം നാളെ (നവംബര്‍ 30) വൈകുന്നേരം നാല് മണിക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും, മാനന്തവാടി നിയോജകമണ്ഡലം ജാഥയുടെ ഉദ്ഘാടനം കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും ഉദ്ഘാടനം ചെയ്യും. ബത്തേരി നിയോജകമണ്ഡലം ജാഥ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം ഡിസംബര്‍ ഒന്നിന് രാവിലെ ഉദ്ഘാടനം ചെയ്യും. ജാഥയുമായി ബന്ധപ്പെട്ട വിവിധ പൊതുയോഗങ്ങളില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ കെ ഏബ്രഹാം, അഡ്വ. പി എം നിയാസ്, എ പി അനില്‍കുമാര്‍ എം എല്‍ എ, സണ്ണി ജോസഫ് എം എല്‍ എ, മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് ജനജാഗ്രതാ യാത്രക്ക് നാളെ വയനാട്ടില്‍ തുടക്കം
