വിസ്മയമായി വേവ് റോക്ക് , ആകാശത്തോളം ഉയരത്തിൽ വലിയൊരു തിരമാല നിശ്ചലമായ അവസ്ഥ

ആകാശത്തോളം ഉയരത്തിൽ വലിയൊരു തിരമാല പെട്ടെന്ന് നിശ്ചലമായ അവസ്ഥ. ഒന്ന് ആലോചിച്ചു നോക്കൂ , അത്തരമൊരു അത്ഭുതകരമായ കാഴ്ചയുണ്ട് ഓസ്ട്രേലിയയിൽ. ഈ തിരമാല കടലിൽനിന്ന് ഉയർന്നതല്ല, വേവ് റോക്ക് എന്നറിയപ്പെടുന്ന പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. വേവ് റോക്ക് എന്നത് ചരിത്രാതീതകാലത്തു രൂപപ്പെട്ട പാറയാണ്. ഈ കൂറ്റൻ പാറ ആയിരക്കണക്കിന് വർഷങ്ങളിലെ കാടിന്റെയും പ്രകൃതിയുടേയും ഇടപെടലിന്റെ ഫലമായി കല്ലിന്റെ തിരമാലയായി തീർന്നതാണ്.
പെർത്തിൽ നിന്ന് 340 കിലോമീറ്റർ കിഴക്കായി ഹൈഡൻ എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അതിനാൽ ഇവിടം ഹൈഡൻ റോക്ക് എന്നുമറിയപ്പെടുന്നു. വേവ് റോക്ക് ലോകത്തിലെ ഏറ്റവും ആകർഷണീയവും മനോഹരവുമായ ശിലാരൂപങ്ങളിൽ ഒന്നാണ്. ഓസ്‌ട്രേലിയയുടെ ഗോൾഡൻ ഔട്ട്‌ബാക്ക് എന്നറിയപ്പെടുന്ന പ്രദേശത്തിനകത്താണ് ഇത്. വേവ് റോക്ക് വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ്. തിരമാല കണക്കെ കാണപ്പെടുന്ന ഈ പ്രകൃതി ദൃശ്യത്തിന് 14 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുണ്ട്.


അസാധാരണമായ കളറിംഗിനും പേരുകേട്ടതാണ് ഈ സ്ഥലം.മഞ്ഞ, ചുവപ്പ്, ചാരനിറത്തിലുള്ള വ്യത്യസ്ത ഷേഡുകൾ പാറയുടെ മുഖത്തിന് താഴെയുള്ള ലോങ്ങ് സ്ട്രിപ്പുകളിൽ രൂപം കൊള്ളുന്നു. സായം സന്ധ്യക്ക് സ്വർണനിറത്തിൽ നീരാടി നിൽക്കുന്ന ഇവിടം കാണാൻ അതിമനോഹരം ആയിരിക്കും.
നൂറ്റാണ്ടുകളായുള്ള ധാതുക്കളുടെ പ്രവർത്തനമാണ് ഈ നിറവ്യത്യാസങ്ങൾക്ക് കാരണം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, അതിശയകരമായ ഈ കല്ല് രൂപീകരണം 2700 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണത്രേ. അശേഷിക്കുന്ന ഹൈഡൻ റോക്കിന്റെ വടക്കൻ മുഖത്തിന്റെ ഭാഗമാണ് വേവ് റോക്ക്.
വേവ് റോക്ക് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ കഴിയും, പക്ഷേ നിരവധി സന്ദർശകർ അതിരാവിലെ അല്ലെങ്കിൽ ഉച്ചകഴിഞ്ഞ് സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ചൂട് കുറഞ്ഞിരിക്കുന്ന സമയത്തും സൂര്യൻ ഉദിച്ചും അസ്തമിച്ചും നിൽക്കുന്ന സമയത്തുമാണ് വേവ് റോക്സ് കൂടുതൽ മനോഹരമാകുന്നത്.

Related posts

Leave a Comment