മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയുന്നില്ല, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സമ്മർദം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഉയർത്തിയിട്ടും ജലനിരപ്പിൽ വലിയ വ്യത്യാസമില്ല. 138 അടിയിലേക്ക് ജലനിരപ്പ് ‌കുറയ്ക്കണമെന്നാണു സുപ്രീം കോടതിയുടെ നിർദേശം. എന്നാൽ ഇതു പാലിക്കാൻ ജല അഥോരിറ്റിക്കു കഴിയുന്നില്ല. അണക്കെട്ടിനു ബലക്ഷയമില്ലെന്ന മുഖ്യമന്ത്രി പിണറായി വജയന്റെ പരസ്യപ്രസ്താവനയുടെ പിൻബലത്തിൽ തമിഴ്നാട് കാണിക്കുന്ന അലംഭാവമാണ് ജലനിരപ്പ് കുറയാതിരിക്കാൻ കാരണം. 142 അടി വരെ വെള്ളം സംഭരിക്കുമെന്ന നിലപാടിലാണു തമിഴ്നാട്. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ജല നിരപ്പ് 138 അടിയിലേക്കു കുറച്ചു നിർത്താൻ തമിഴ്നാട് സമ്മതിച്ചത്.
മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദും ഇന്ന് അണക്കെട്ട് സന്ദർശിച്ചിരുന്നു. ഇന്നു രാവിലെ ലഭിക്കുന്ന രേഖകൾ പ്രകാരം ജലനിരപ്പ് 138.95 അടിയിൽ നിന്ന് 138.80 അടിയിലേക്ക് താഴ്ന്നു. സ്പിൽവേയിലെ ആറു ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രീം കോടതിയെയും മേൽനോട്ട സമിതയെയും അറിയിക്കുന്നുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു.
സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 7000 ഘനയടി വെള്ളം തുറന്നു വിട്ടാൽ വേണ്ടി വരുന്ന മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എന്നാൽ നിലവിൽ കൂടുതൽ വെള്ളം തുറന്നു വിടും എന്ന് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

Related posts

Leave a Comment