മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു, 142 അടിയിലേക്കുയർത്താൻ തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കു പുനസ്ഥാപിക്കാനുള്ള നടപടികൾക്ക് തമിഴ്നാട് ജലവിഭവ വകുപ്പ് നടപടി തുടങ്ങി. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുമ്പോൾ അണക്കെട്ടിൽ നിന്ന് ഒഴുക്കിക്കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. സെക്കൻറിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. കേരളത്തിലേക്കു തുറന്നിട്ട ഷട്ടറുകളും അടച്ച സാഹചര്യത്തിലാണ് ജലനിരപ്പ് ഉയരുന്നത്. മുപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയർന്നു.
നിലവിലെ റൂൾ കർവ് അനുസരിച്ച് 20–ാം തീയതി അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.
അതേസമയം, കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വ്യാഴാഴ്ച രാത്രി കനത്ത മഴയിൽ വ്യാപകമായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. ഇടുക്കി ജില്ലയിലും ശക്തമായ മഴ തുടരുകാണ്. നിലവിലെ സ്ഥിതി തുടർന്നാൽ, തിങ്കളാഴ്ചയോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്നേക്കാം. അതും പോരാഞ്ഞിട്ടാണു സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള അണിയറ നീക്കം തമിഴ്നാട് നടത്തിയത്. പ്രതിപക്ഷ പ്രതിഷേധവും മാധ്യമ ജാ​ഗ്രതയുമാണ് ഈ നീക്കത്തിനു താൽക്കാലികമായി തടയിട്ടത്.

Related posts

Leave a Comment