സർക്കാർ ഗ്രാന്റ് നൽകിയില്ല; വാട്ടർ അതോറിറ്റിയിൽ പെൻഷൻ മുടങ്ങി

തിരുവനന്തപുരം: സർക്കാരിൽ നിന്നുള്ള ഗ്രാന്റ് ലഭിക്കാത്തത് കാരണം കേരളാ വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് സംഘടനകൾ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വാട്ടർ അതോറിറ്റിയിൽ ഇക്കുറി പെൻഷൻ മുടങ്ങിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലമാണ് അതോറിറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 1900 കോടി രൂപയാണ് ഇപ്പോഴത്തെ ബാധ്യതയെന്നും അതിനാലാണ് പെൻഷൻ മുടങ്ങിയതെന്നുമാണ് വിശദീകരണം. സർക്കാരിൽ നിന്ന് ഗ്രാന്റ് ലഭിച്ചാൽ മാത്രമേ പെൻഷൻ നൽകാനാകൂവെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.  
6500-ഓളം ജീവനക്കാരും 9000-ത്തോളം പെന്‍ഷന്‍കാരുമാണ് കേരള വാട്ടര്‍ അതോറിറ്റിയിലുള്ളത്. പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 24 കോടിയും ശമ്പളത്തിനായി 34 കോടിയും വേണം. സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന 320 കോടിയുടെ ഗ്രാന്‍റും വെള്ളക്കരവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സഹായത്തിലെ ഇടിവും വെള്ളക്കരം കുടിശ്ശികയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. വിരമിക്കുന്ന ജിവനക്കാര്‍ക്ക്കഴിഞ്ഞ 16 മാസമായി ഗ്രാറ്റുവിറ്റി മുടങ്ങി. പെന്‍ഷന്‍ കമ്മ്യൂട്ടേഷനും നല്‍കാന്‍ കഴിയുന്നില്ല, വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ വൈദ്യുതി ബോർഡിന് 778 കോടി കുടിശ്ശികയാണ് നൽകാനുള്ളത്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് ജല അതോറിറ്റിക്ക് 1901.27 കോടിയുടെ ബാധ്യതയുണ്ട്.
പെന്‍ഷൻ മുടങ്ങിയ സാഹചര്യത്തില്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ തലസ്ഥാനത്തെ ജലഭവനു മുന്നില്‍ പരസ്യ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പെൻഷൻ പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പെടെ നടത്താനുള്ള ആലോചനയിലാണ് സംഘടനകൾ.

Related posts

Leave a Comment