കരുവന്നൂര്‍ തട്ടിപ്പ്ഃ സഭയില്‍ വോക്കൗട്ട്

തിരുവനന്തപുരംഃ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ വോക്കൗട്ട്.

തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സി.പി.എം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കോടികളുടെ തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം .കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയാണ് തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സി.പി.എം ഭരണസമിതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. തട്ടിപ്പ് പുറത്തുവന്ന 2018 മുതല്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയ സംഭവത്തില്‍ ഇന്നലെ മാത്രമാണ് ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറായത്. തട്ടിപ്പ് അറിഞ്ഞിട്ടും മൂന്നു വര്‍ഷം എന്തുചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

മരിച്ചവരുടെ പേരില്‍ പോലും ഭാവനാത്മകമായി മെമ്പര്‍ഷിപ്പ് ഉണ്ടാക്കിയാണ് കോടികള്‍ നല്‍കിയത്. തട്ടിപ്പ് സംബന്ധിച്ച് 2018-ല്‍ ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. വായ്പ നല്‍കാമെന്നു പറഞ്ഞ് ഇവരുടെ ആധാരത്തിന്റെ കോപ്പി ബാങ്കിലെ തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. പിന്നാലെ മൂന്നു കോടിയുടെ വായ്പ അടിച്ചില്ലെന്നു കാട്ടി ബാങ്ക് ഇവര്‍ നോട്ടീസ് നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അന്ന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? തട്ടിപ്പ് ബോധ്യമായ കോടതി പരാതിക്കാരിക്ക് എതിരായ നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ട്. സി.പി.എം ഏരിയാ- ജില്ലാ കമ്മിറ്റികളും മുന്‍ എം.പിയും മാറി മാറി അന്വേഷിച്ചപ്പോഴും കോടികളുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഒരു കുറ്റകൃത്യം നടന്നെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി ഇടപെട്ട് ഒതുക്കി തീര്‍ത്താല്‍ മതിയോ? നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോ? നിങ്ങളുടെ പാര്‍ട്ടി എല്ലാം അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി നേതൃത്വം നല്‍കുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തെ ഈ തട്ടിപ്പ് വിവരം അറിയിച്ചോ? തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു.- വി.ഡി സതീശന്‍ പറഞ്ഞു.

തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും പൂഴ്ത്തിവച്ചു. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ അന്വേഷണത്തിനു ശേഷവും 100 കോടിയുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിന് നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകളില്‍ വലിയ അന്വേഷണമാണ്. രണ്ടു ലക്ഷം രൂപയുടെ പേരില്‍ തുമ്പൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. അതേസമയം കരുവന്നൂരില്‍ 350 കോടിയുടെ തട്ടിപ്പ് നടത്തിയിട്ട് അനങ്ങുന്നില്ല. സി.പി.എം തട്ടിപ്പിനെ ന്യായീകരിക്കരുത്. തട്ടിപ്പ് അറിഞ്ഞിട്ടും അതേ ഭരണസമിതിയെ മൂന്നു വര്‍ഷം തുടരാന്‍ അനുവദിച്ചു. തട്ടിപ്പ് അറിഞ്ഞിട്ടും അത് പൂഴ്ത്താന്‍ ശ്രമിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ? നിങ്ങള്‍ കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. – പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related posts

Leave a Comment