ഇന്ധന നികുതി കുറയ്ക്കാത്തതിൽ വോക്കൗട്ട്, കാളവണ്ടിയുമായി ഡൽഹിക്കു പോകാൻ ധനമന്ത്രിയുടെ പരിഹാസം

തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ നിയമസഭാ സാമാജികർ സൈക്കിളിൽ സഭയിലേക്ക്. ഡൽഹിയിലേക്കു സൈക്കിൾ ചിവിട്ടാൻ പറഞ്ഞ ധനമന്ത്രിയോടു അവിടേക്കും യുഡിഎഫ് എംപിമാർ സൈക്കിൾ മാർച്ച് നടത്തിയിട്ടുണ്ടെന്നു പ്രതിപക്ഷം. കൂടുതൽ ശക്തമായ ജനകീയ സമരത്തിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ്. കേന്ദ്ര സർക്കാർ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളവും നികുതി കുറക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.


ഇന്ധന വില കുറക്കാൻ സംസ്ഥാനവും തയ്യാറാവുക. അധിക നികുതിയിൽ ഇളവ് വരുത്തി ജനങ്ങൾക്ക് ആശ്വാസം പകരുക. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് UDF MLA മാർ സഭാ കവാടത്തിൽ പ്രതിഷേധിച്ചു.
കേന്ദ്രം നാമമാത്രമായാണ് നികുതി കുറച്ചത്. സംസ്ഥാനങ്ങൾ അതിന് ആനുപാതികമായി നികുതി കുറക്കാൻ തയ്യാറായി. എന്നാൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന കേരളം, നികുതി കുറക്കാൻ തയ്യാറാകുന്നില്ല. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അധിക വരുമാണ് സംസ്ഥാന സർക്കാർ ഇതിലൂടെ നേടുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നികുതി കുറക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ പിടി വാശി അവസാനിപ്പിക്കണം. അതല്ലെങ്കിൽ ജനകീയ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇന്ധന നികുതിയിൽ കോൺഗ്രസ് അടിയന്തരപ്രമേത്തിന് അനുമതി തേടിയെങ്കിലും സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. കോൺഗ്രസ് എംഎൽഎ കെ ബാബുവാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ജനങ്ങൾ പ്രതിസന്ധിയിലാണെന്നും നികുതി കുറക്കില്ലെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബാബു സഭയിൽ പറഞ്ഞു. നികുതി കൂട്ടുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും ചേട്ടൻ ബാവ അനിയൻ ബാവ എന്ന പോലെയാണ്. ആകാശം ഇടിഞ്ഞു വീണാലും മിണ്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ബാബു വിമർശിച്ചു.
മറുപടി നൽകിയ ധനമന്ത്രി ബാലഗോപാൽ മുൻ കോൺഗ്രസ് സർക്കാരുകളെയാണ് വിമർശിച്ചത്. ഇന്ധന വില നിയന്ത്രണം കമ്പനികൾക്ക് വിട്ട് കൊടുത്തത് യുപിഎ സർക്കാരാണെന്നും ഉമ്മൻ ചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടിയെന്നും ബാലഗോപാൽ ആവർത്തിച്ചു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടുകയാണ് ചെയ്തത്. രാജസ്ഥാനിൽ കൊവിസ് കാലത്ത് 4 ശതമാനം നികുതി കൂട്ടി. അപ്പോഴും കേരളം നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നികുതി കുറയ്ക്കാൻ കാളവണ്ടിയുമായി ഡൽഹിയിലേക്കു പോകണമെന്ന് ധനമന്ത്രി കോൺ​ഗ്രസ് എംപിമാരെ ‌ആക്ഷേപിച്ചു.

Related posts

Leave a Comment